കുട്ടികളുടെ ആധാര്‍: സാങ്കേതിക പ്രശ്‌നം തിരിച്ചടിയാകുന്നു
ആലക്കോട്: അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് അക്ഷയ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് തിരിച്ചടിയാകുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേസമയം ആധാര്‍ എടുക്കാന്‍ ശ്രമിച്ചാല്‍ ഓപ്പറേറ്ററുടെ ഐ.ഡി ബ്ലോക്ക് ആകുന്നതാണ് പ്രതിസന്ധിക്ക് കാരണം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടത് ഒരുപോലെയായിരുന്നു. എന്നാല്‍ അടുത്തകാലത്തായി വന്ന പരിഷ്‌കാരമാണ് വിനയായത്. മുതിര്‍ന്നവരുടെ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താന്‍ ഐ.ഡി തുറന്നാല്‍ പിന്നെ ആ ദിവസം കുട്ടികളുടെ ആധാര്‍ കാര്‍ഡ് എടുക്കാന്‍ സാധിക്കാതെ വരുന്നു. ഇതുകാരണം ഒരു കുടുംബത്തിലുള്ളവര്‍ തന്നെ വ്യത്യസ്ത ദിവസങ്ങളില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അക്ഷയ കേന്ദ്രത്തിന്റെ നടത്തിപ്പിന് തന്നെ ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ ഒരു ഐ.ഡിയില്‍ ഒന്നിലധികം ആധാര്‍ രജിസ്‌ട്രേഷന്‍ അനുവദനീയമായിരുന്നെങ്കിലും അടുത്ത കാലത്താണ് ഇതിനു മാറ്റംവന്നത്. ഓണ്‍ലൈനിലൂടെ അപേക്ഷിക്കണമെങ്കില്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റാണ് ഉപയോഗിക്കുന്നത്. രാജ്യം മുഴുവന്‍ കോമണ്‍ സര്‍വിസ് സെന്റര്‍ മുഖാന്തിരമാണ് ആധാര്‍ കാര്‍ഡുകളുടെ പ്രക്രിയ നടക്കുന്നത്. കേരളത്തിലെ ജനങ്ങളിലുണ്ടായ സ്വീകാര്യതയാണ് അക്ഷയ കേന്ദ്രങ്ങളില്‍ കൂടി ആധാര്‍ കാര്‍ഡ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കിയത്. പല സംസ്ഥാനങ്ങളിലും ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നതോടെയാണ് പുതിയ പരിഷ്‌കാരവുമായി യു.ഐ.ഡി.എ.ഐ രംഗത്തെത്തിയത്. പ്രധാന പോസ്റ്റ് ഓഫിസുകളിലും ബാങ്കുകളിലും ആധാര്‍ കാര്‍ഡ് ചേര്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു പറയുമ്പോഴും അതും പ്രായോഗികമല്ല. പുതിയ പരിഷ്‌കാരം മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ അടിയന്തിര നടപടികള്‍ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."