ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; വലഞ്ഞത് നൂറിലധികം യാത്രക്കാര്‍
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കിയത് മൂലം സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം യാത്രക്കാര്‍ ദുരിതത്തിലായി.
120 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രി 8.15 ന് പുറപ്പെടേണ്ട എ.ഐ 047 നമ്പര്‍ എയര്‍ ഇന്ത്യ വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്.
ബോര്‍ഡിങ് പാസ് നല്‍കി യാത്രക്കാരെ വിമാനത്തിനകത്ത് കയറ്റിയതിന് ശേഷം സാങ്കേതിക തകരാറ് മൂലം വിമാനം പുറപ്പെടാന്‍ അല്‍പം വൈകുമെന്നറിയിച്ചു. പിന്നീട് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം പുറപ്പെടാന്‍ കഴിയില്ലെന്നും, സര്‍വിസ് റദ്ദാക്കുകയാണെന്നും അറിയിച്ചത്.
തുടര്‍ന്ന് ഇവരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. ഇതില്‍ പല യാത്രക്കാരും ഡല്‍ഹിയില്‍ എത്തിയ ശേഷം കാനഡ, യു.എസ്.എ,ഘാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യേണ്ടവരായിരുന്നു.
ഇവര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് തന്നെ എയര്‍ ഇന്ത്യ അധികൃതര്‍ തുടര്‍ യാത്രക്കുള്ള ബോര്‍ഡിങ് പാസ് നല്‍കുകയും ചെയ്തിരുന്നു.
യാത്ര മുടങ്ങിയവരെ പല വിമാനങ്ങളിലായാണ് ഇന്നലെ അയച്ചത്. ഇത്തരത്തില്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ തുടര്‍ യാത്ര ചെയ്യേണ്ട സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കുമെന്ന് ഉറപ്പിക്കാനുമാകില്ല.
ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭ്യമായില്ലെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."