കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ വിജയം ഇന്ത്യയില്‍ കലാപങ്ങള്‍ കുറച്ചുവെന്ന് പഠനം
ന്യൂഡല്‍ഹി: 1960- 2000 വരെയുള്ള കാലയളവില്‍ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ വിജയങ്ങള്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ കുറച്ചതായി പഠനം. വിവിധ മത, ജാതി, വംശവിഭാഗങ്ങള്‍ ഇടപഴകി ജീവിക്കുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നുവെങ്കില്‍ ഇതുവരെ ഉണ്ടായതിനെക്കാളും 11 ശതമാനം കൂടുതല്‍ കലാപങ്ങളും 46 ശതമാനം മരണങ്ങളും ഉണ്ടാവുമായിരുന്നു.
സാമുദായിക അസ്വസ്ഥത നിലനില്‍ക്കുന്ന വിവിധ ജില്ലകളിലെ കോണ്‍ഗ്രസ്സിന്റെ വിജയമാണ് ഉണ്ടാവുമായിരുന്ന പല കലാപങ്ങളും ഇല്ലാതാക്കിയത്. മുസ്‌ലിംകളുടെ പിന്തുണ ഉറപ്പിക്കാനായി വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ കലാപങ്ങള്‍ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും ജേണല്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. ഗാരെത്ത് നെല്ലിസ് (കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി), സ്റ്റീവന്‍ റോസന്‍സ്വീഗ് ബോസ്റ്റണ്‍ യൂനിവേ്‌സിറ്റി), മിഷായേല്‍ വീവര്‍ (ഷിക്കാഗോ യൂനിവേഴ്‌സിറ്റി) എന്നിവര്‍ തയ്യാറാക്കിയ പ്രബന്ധം 'സാമുദായിക കലാപങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹേതുവാണോ? ഇന്ത്യയില്‍ നിന്നുള്ള തെളിവുകള്‍' എന്ന തലക്കെട്ടിലാണ് പ്രസിദ്ധീകരിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ സ്വാധീനമുള്ള മതേതരകക്ഷികള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും രാജ്യത്തുടനീളം ഇന്ത്യയുടെ ബഹുസ്വരത പ്രകടമാവുന്ന എല്ലാവിധത്തിലുമുള്ള ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്ന് പ്രബന്ധം വിലയിരുത്തുന്നു. കോണ്‍ഗ്രസ്സിന്റെ ഈ പശ്ചാത്തലമാണ് അവര്‍ വിജയിക്കുന്നിടത്ത് കലാപങ്ങള്‍ കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
കോണ്‍ഗ്രസ് വളരെ ചെറിയ ഭൂരിപക്ഷത്തിനു വിജയിച്ച സ്ഥലങ്ങളില്‍ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചതിനെക്കാള്‍ സാമുദായിക കലാപങ്ങളും മരണനിരക്കും കുറയുകയാണുണ്ടായത്. 1960- 2000 കാലത്തിനിടെ ഉണ്ടായ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നുവെങ്കില്‍ 11 ശതമാനം കൂടുതല്‍ കലാപം ഉണ്ടാവുമായിരുന്നു. ഇക്കാലയളവിലെ കലാപങ്ങളുടെ എണ്ണം 998 ആണ്. എന്നാല്‍, കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നുവെങ്കില്‍ കലാപ എണ്ണം 1,114 ആവുമായിരുന്നു. ഇത്രയും കലാപങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ മരണനിരക്കിനു പകരം (30,000) 43,000 പേര്‍ എങ്കിലും കൊല്ലപ്പെടുമായിരുന്നുവെന്നും പഠനം പറയന്നു.
നേരത്തെ കുറഞ്ഞ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ് പരാജയപ്പെട്ട പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പിന്നീട് ജയിച്ച സ്ഥലങ്ങളില്‍ 10 ശതമാനവും കലാപങ്ങള്‍ കുറഞ്ഞു. വര്‍ഗീയകലാപങ്ങളുടെ മുഖ്യ ഇര മുസ്ലിംകള്‍ ആയതിനാല്‍ തങ്ങളെ സംരക്ഷിക്കുമെന്നു തോന്നുന്ന വിഭാഗങ്ങള്‍ക്കേ അവര്‍ വോട്ട് ചെയ്യൂ. ആ നിലക്ക് കോണ്‍ഗ്രസ്സാണ് മുസ്ലിംവോട്ടുകളുടെ പ്രധാന ഉപഭോക്താവ്. എന്നാല്‍, ഹിന്ദുക്കള്‍ ഭൂരിപക്ഷമായ പ്രദേശങ്ങളില്‍ കലാപം അണക്കാന്‍ ചെറിയശ്രമമെ കോണ്‍ഗ്രസ് ചെയ്തിട്ടുള്ളൂവെന്നും പഠനം കുറ്റപ്പെടുത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കലാപങ്ങള്‍ കാരണം കോണ്‍ഗ്രസ്സിന് ശരാശരി 1.3 ശതമാനം എന്ന നിലക്കു വോട്ട് പങ്കാളിത്തം കുറയുകയും ബി.ജെ.പിക്ക് 0.8 ശതമാനം കൂടുകയുംചെയ്യുന്നതായും പഠനം പറയുന്നു.
അതേസമയം, 1981- 2001 കാലത്തെ നിയമസഭാതെരഞ്ഞെടുപ്പു ഫലം വിലയിരുത്തിയ കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ശ്രീയ അയ്യറും ആനന്ദ് ശ്രീവസ്തവയും ഹിന്ദുമുസ്ലിം കലാപങ്ങള്‍ വന്‍തോതില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതായും കലാപങ്ങള്‍ അഞ്ച് മുതല്‍ ഏഴുവരെ വോട്ട് ശതമാനം ബി.ജെ.പിക്കു വര്‍ധിക്കുന്നതായുള്ള കണ്ടെത്തലും പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ കലാപത്തില്‍ നേട്ടംകൊയ്യുന്ന പാര്‍ട്ടികള്‍ അവ ഉണ്ടാവുമ്പോള്‍ നിഷ്‌ക്രിയരായി ഇരിക്കുമെന്നും കലാപങ്ങള്‍ നഷ്ടക്കണക്കായതിനാല്‍ അവ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുകയെന്നും പഠനം വ്യക്തമാക്കി.
രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തിനുന്നുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പോലിസ് സേനയെ പ്രാപ്തമാക്കുകയും പൊലിസിനെ കൂടുതല്‍ തൊഴില്‍പരമായ ഔന്നത്യമുള്ളതാക്കുകയും വേണം. എന്നാല്‍, വോട്ടിനായി മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ തടയാനും അക്രമികള്‍ക്കെതിരേ സ്വതന്ത്രമായി നടപടി സ്വീകരിക്കാനും അവര്‍ക്കു കഴിയുമെന്നും പഠനം നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."