റാന്‍സംവെയര്‍ വൈറസ് ഖത്തര്‍ സുരക്ഷിതമെന്ന് ഉരീദു
ദോഹ: ഏതാനും ദിവസങ്ങളായി ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന റാന്‍സംവെയര്‍ വൈറസ് ആക്രമണം ഖത്തറിലെ ബിസിനസ് മേഖലയെ ബാധിച്ചിട്ടില്ലെന്ന് ഉരീദു വ്യക്തമാക്കി. കമ്പനികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താന്‍ അന്താരാഷ്ട ഇന്‍ഫര്‍മേഷന്‍ സുരക്ഷാ വിദഗ്ധരുമായും ഖത്തര്‍ അധികൃതരുമായും ഉരീദുവിലെ വിദഗ്ധര്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള തലത്തില്‍ നടന്ന സൈബര്‍ ആക്രമണം ഇതിനകം 150 രാജ്യങ്ങളില്‍ രണ്ട് ലക്ഷം സ്ഥാപനങ്ങളെ ബാധിച്ചിട്ടുണ്ട്. മികച്ച ഐ.ടി സുരക്ഷാ നയത്തിന്റെയും കമ്പനികള്‍ അവരുടെ തൊഴിലാളികളുടെ കംപ്യൂട്ടര്‍ ഉപയോഗ സ്വഭാവമുള്‍പ്പെടെ അതുമായി സഹകരിക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഈയാഴ്ചയുണ്ടായ റാന്‍സംവെയര്‍ ആക്രമണം തെളിയിക്കുന്നതെന്ന് ഉരീദു ഖത്തര്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ യൂസുഫ് അബ്ദുല്ല അല്‍ഖുബൈസി പറഞ്ഞു.
അജ്ഞാത സ്രോതസ്സുകളില്‍ നിന്നുള്ളതും നിങ്ങള്‍ പ്രതീക്ഷിക്കാത്തതുമായ ഇ-മെയിലുകള്‍ പ്രത്യേകിച്ചും അറ്റാച്ച്‌മെന്റുകളോട് കൂടിയതാണെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് ഉരീദു മുന്നറിയിപ്പ് നല്‍കി. റാന്‍സംവെയറും മാല്‍വെയറും ഭൂരിഭാഗവും പടരുന്നത് ഇ-മെയിലുകള്‍ വഴിയാണ്. ഇതു പോലുള്ള അന്താരാഷ്ട്ര സംഭവങ്ങളുണ്ടാവുമ്പോള്‍ പോലും കൃത്യമായ സുരക്ഷ നല്‍കുന്ന സംവിധാനാണ് ഉരീദു ഒരുക്കിയിട്ടുള്ളതെന്നും എല്ലാ പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും അതിന്റെ പൂര്‍ണമായ പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാധിക്കപ്പെട്ട കംപ്യൂട്ടറുകളിലെ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അത് തിരിച്ചുകിട്ടണമെങ്കില്‍ പണം ആവശ്യപ്പെടുകയുമാണ് വെള്ളിയാഴ്ച മുതല്‍ ലോകത്തെ വിവിധ കംപ്യൂട്ടറുകളെ ബാധിച്ച വണാക്രൈ എന്ന വൈറസ് ചെയ്യുന്നത്. ആശുപത്രികള്‍, ടെലികോം കമ്പനികള്‍, ബാങ്കുകള്‍ ഉള്‍പ്പെടെ ലോകത്തെ പല പ്രമുഖ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഈ വൈറസ് ബാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."