സുരക്ഷ നീട്ടണമെന്ന് ജഡ്ജി; അതിന്റെ ആവശ്യമില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: തനിക്കുള്ള സുരക്ഷ നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ബാബരി കേസിലെ വിധി പ്രസ്താവിച്ച റിട്ട. ജഡ്ജി എസ്.കെ യാദവ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ബാബരി കേസ് പൂര്‍ത്തിയാക്കുന്നതിനായി ഇദ്ദേഹത്തിന് സര്‍വിസ് കാലാവധിയും സുരക്ഷയും നേരത്തെ നീട്ടിനല്‍കിയിരുന്നു. സെപ്റ്റംബര്‍ 30ലെ വിധിയോടെയാണ് അറുപതുകാരനായ ജഡ്ജി വിരമിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സുരക്ഷ നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന യാദവ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
ജസ്റ്റിസ് ആര്.എഫ് നരിമാന്, ജസ്റ്റിസ് നവീന്‍ സിന്‍ഹ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് യാദവിന്റെ ആവശ്യം തള്ളിയത്. ബാബരി കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍സിങ് തുടങ്ങി 32 പ്രതികളേയും വെറുതെവിട്ട വിധി പുറപ്പെടുവിച്ചത് എസ്.കെ യാദവായിരുന്നു. അദ്വാനിയടക്കമുള്ളവര്ക്കെതിരേ തെളിവില്ലെന്നും പള്ളി പൊളിക്കുന്നത് തടയാനാണ് അവര്‍ ശ്രമിച്ചതെന്നുംവരെ വിധി ന്യായത്തില്‍ ഇദ്ദേഹം എഴുതിയിരുന്നു. ഈ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു വിവിധ മുസ്ലിം സംഘടനകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാബരി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധമാണെന്നു നേരത്തെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, 32 പ്രതികളെയും വെറുതെവിട്ടതോടെ ബാബരി കേസില്‍ ആരും ശിക്ഷിക്കപ്പെടാതെപോയി. ഇതു ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
വിരമിച്ചതിനു ശേഷവും തനിക്കു സുരക്ഷ വേണമെന്ന എസ്.കെ യാദവിന്റെ ആവശ്യമാണ് ഇന്നലെ സുപ്രിംകോടതി തള്ളിയത്. സുരക്ഷ തുടരേണ്ട ആവശ്യമുള്ളതായി കരുതുന്നില്ലെന്നായിരുന്നു സുപ്രിംകോടതി അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."