സഊദി-ബഹ്റൈന്‍ റെയില്‍ പദ്ധതി: അടുത്ത വര്‍ഷം മധ്യത്തോടെ നിര്‍മാണമാരംഭിക്കും
റിയാദ്: സഊദിയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന റെയില്‍ പദ്ധതിയുടെ പ്രവൃത്തി അടുത്ത വര്‍ഷം മധ്യത്തോടെ ആരംഭിക്കും. റെയില്‍വേ പദ്ധതിയുടെ ടെന്‍ഡര്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. സഊദി ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ആമൂദിയും ബഹ്‌റൈന്‍ ഗതാഗത മന്ത്രി എന്‍ജിനീയര്‍ കമാല്‍ അഹമദ് മുഹമ്മദും തമ്മില്‍ മനാമയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച അവലോകനം നടത്തിയത്. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാകുന്ന ഹമദ് പാലത്തിന്റെ നിര്‍മാണ പുരോഗതിയും ഇരുമന്ത്രിമാരും വിലയിരുത്തി.
പുതിയ റെയില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗതരംഗത്ത് പുത്തന്‍ അധ്യായമാകും. നിലവില്‍ ബഹ്‌റൈന് പുറത്തേക്കുള്ള ഏക കരമാര്‍ഗം 25 കിലോമീറ്റര്‍ ദൂരമുള്ള കിങ് ഫഹദ് കോസ്‌വേ മാത്രമാണ്. വാരാന്ത്യ അവധി ദിനങ്ങളിലും മറ്റു വിശേഷ ദിനങ്ങളിലും കനത്ത തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ടെന്‍ഡര്‍ നടപടികള്‍ യഥാക്രമം പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷം മധ്യത്തോടെ തന്നെ പ്രവൃത്തികള്‍ ആരംഭിക്കാനാകുമെന്നു മന്ത്രിമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍ സഊദി ഗതാഗത മന്ത്രിക്ക് പുറമെ പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് മുഹമ്മദ് അല്‍റുമൈഹ്, കിങ് ഫഹദ് കസ്റ്റംസ് വിഭാഗം മേധാവി അഹമദ് അബ്ദുല്‍ അസീസ് അല്‍ഹഖബാനി തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."