ആറ്റിങ്ങലില്‍ ഗുണ്ടാ സംഘത്തിന്റെ വീടുകയറി അക്രമം; ഗൃഹനാഥനു പരുക്ക്
ആറ്റിങ്ങല്‍: ഗുണ്ടാസംഘം വീടുകയറി നടത്തി അക്രമത്തില്‍ ഗൃഹനാഥന് ഗുരുതര പരുക്ക്. ഇടയ്‌ക്കോട് ആലയില്‍ മുക്കിന് സമീപം മേലേകക്കാട്ടുവീട്ടില്‍ സന്തോഷ്‌കുമാര്‍ (44)നാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം.
കോളിങ് ബെല്‍ കേട്ട് കതക് തുറന്ന് പുറത്തിറങ്ങിയ സന്തോഷ്‌കുമാറിനെ ഗുണ്ടാസംഘം വീട്ടില്‍ നിന്നും പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. സന്തോഷ്‌കുമാറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുകാര്‍ക്കും മര്‍ദനമേറ്റു. നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
അവശനിലയിലായ സന്തോഷ്‌കുമാറിനെ ആറ്റിങ്ങല്‍ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇടത് കണ്ണിലും മൂക്കിലും നെഞ്ചിലും തലയുടെ പിന്‍വശത്തും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്.
ഇടയ്‌ക്കോട് പ്രദേശത്ത് ഒരു സംഘം ചെറുപ്പക്കാര്‍ രാപകല്‍ ഭേദമില്ലാതെ , പ്രദേശവാസികളെ ബുദ്ധിമുട്ടിക്കും വിധംനാസിക് ഡോള്‍ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സന്തോഷ്‌കുമാര്‍ ഇത് പറഞ്ഞ് വിലക്കിയിരുന്നു. ഇതിലുള്ള പ്രകോപനമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."