സ്വര്‍ണ മെഡലുമായി മേരി കോം
ന്യൂഡല്‍ഹി: പതിമൂന്നാമത് സൈലേഷ്യന്‍ ഓപ്പണ്‍ ബോക്സിങ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വനിതാ ബോക്സര്‍ മേരി കോമിന് സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്‍ താരം ഐഗേരിം കസനയേവയെ 5-0 എന്ന സ്കോറിനാണ് മേരി കോം ഇടിച്ചിട്ടത്.
അഞ്ചു തവണ ലോക ചാംപ്യനായിരുന്ന മേരി കോം ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍നിന്ന് വിട്ടുനിന്നിരുന്നു. മേരി കോമിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ സ്വര്‍ണമാണിത്. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഓപ്പണിലും, ആസ്ത്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ വര്‍ഷം മേരി കോം സ്വര്‍ണം നേടിയിരുന്നു. മുപ്പത്തിയഞ്ചുകാരിയായ മേരി കോം റിങ്ങില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എതിരാളിക്ക് ഒരവസരവും നല്‍കാതെയായിരുന്നു താരത്തിന്റെ പോരാട്ടം.
മറ്റൊരു ഇന്ത്യന്‍ താരം മനീഷ 54 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിയും സ്വന്തമാക്കി. ഫൈനലില്‍ ഉക്രൈന് താരം ഇവാന ക്രുപേനിയയോട് 2-3നാണ് മനീഷ്യുടെ തോല്‍വി. മുന്‍ ലോക ചാംപ്യന്‍ സരിതാ ദേവി (68 കിലോ), റിതു ഗ്രേവാള്‍(51 കിലോ), ലോവ്ലിന ബോര്ഗോഹൈന് (69 കിലോ), പൂജാ റാണി(81 കിലോ) എന്നിവര്‍ വെങ്കലവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ജ്യോതി ഗുലിയ(51 കിലോ) സ്വര്‍ണം നേടി. അടുത്ത മാസം അര്‍ജന്റീനയില്‍ നടക്കാനിരിക്കുന്ന യൂത്ത് ഒളിംപിക്സിനും താരം യോഗ്യത നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."