58 വസ്ത്രശാലകള്‍ക്ക് തൊഴില്‍ വകുപ്പിന്റെ താക്കീത്
കൊച്ചി:സംസ്ഥാനത്തെ വസ്ത്രശാലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തി.186 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞു. ജീവനക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കാത്തതിനെ തുടര്‍ന്ന് 58 വസ്ത്രശാലകള്‍ക്ക് തൊഴില്‍ വകുപ്പ് താക്കീത് നല്കി. നിശ്ചിത ദിവസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കിയില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് തൊഴില്‍ വകുപ്പ്. ജില്ലാതലങ്ങളില്‍ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷനര്മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജ്യനില്‍ 78 ഇടങ്ങളില്‍ നടന്ന പരിശോധനയില്‍ 34 ഇടങ്ങളിലും എറണാകുളത്ത് 33 ഇടങ്ങളില്‍ പരിശോധന നടത്തിയതില്‍ 24 ഇടങ്ങളിലും കോഴിക്കോട് റീജ്യനില്‍ 75 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 23 ഇടങ്ങളിലും നിയമലംഘനം നടന്നതായി കണ്ടെത്തി. വരും ദിവസങ്ങളിലും നിയമലംഘനം തുടര്‍ന്നാല്‍ 2,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും കര്‍ശന പരിശോധന തുടരുമെന്നും ലേബര്‍ കമ്മിഷനര്‍ വ്യക്തമാക്കി. മന്ത്രി ടി.പി രാമകൃഷ്ണന് നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ ലേബര്‍ കമ്മിഷനര്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."