അലിഗഢ്: 385 ഏക്കര്‍ ഭൂമി തിരിച്ചെടുക്കുമെന്ന് മന്ത്രി ജലീല്‍
തിരുവനന്തപുരം: അലിഗഢ് സര്‍വകലാശാലക്ക് കൈമാറിയ 385 ഏക്കര്‍ ഭൂമി, കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷം തിരിച്ചെടുക്കാന്‍ ആലോചിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ പദ്ധതികള്‍ ഈ സ്ഥലത്ത് നടപ്പാക്കുന്നത് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയായിരുന്നു.
നിലവില്‍ മൂന്ന് കോഴ്‌സുകള്‍ മാത്രമാണ് ഇവിടെയുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓപണ്‍ യൂനിവേഴ്‌സിറ്റി അടുത്ത അധ്യയന വര്‍ഷം ആരംഭിക്കും. നിലവിലുള്ള എല്ലാ സര്‍വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഓപണ്‍ സര്‍വകലാശാലകളുടെ മേഖലാ കേന്ദ്രങ്ങളാക്കും. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ഭാഗമായി മാറും. സര്‍വകലാശാലകളുടെ ഏകീകൃത കലണ്ടര്‍ 75 ശതമാനം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി ഈ മാസം 24ന് ബിരുദ വിദ്യാര്‍ഥികളുടെയും 30ന് പി.ജി വിദ്യാര്‍ഥികളുടെയും ക്ലാസുകള്‍ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷം ഒന്ന് മുതല്‍ പി.ജി തലം വരെ ഒരേദിവസം ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."