രണ്ടാമൂഴം കാത്ത് ട്രംപ്; പൊലിയുമെന്ന സൂചന നല്‍കി ആദ്യ പോള്‍ ഫലം, എക്‌സിറ്റ് പോളുകള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം
വാഷിങ്ടണ്‍: 2020 ലെ സുപ്രധാന പൊതുതിരഞ്ഞെടുപ്പില്‍ ഏര്‍ളി വോട്ടിങ് സമയം വെള്ളിയാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ വോട്ടര്‍മാര്‍ അവരുടെ സമ്മതിദാനാവകാശം അവസാനമായി നേരിട്ട് രേഖപ്പെടുത്തുന്നത്തിനു നവംബര്‍ 3 ചൊവാഴ്ച രാവിലെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും വീറും വാശിയും ഉദ്വേഗവും നിറഞ്ഞുനിന്ന മറ്റൊരു തെരഞ്ഞെടുപ്പു നടന്നിട്ടുണ്ടോ എന്നു സംശയമാണ്. അതിന്റെ ശക്തമായ പ്രതിഫലനമാണ് മുന്‍ തിരഞ്ഞെടുപ്പുകളിലൊന്നും പ്രകടമല്ലാത്ത ഉയര്‍ന്ന പോളിംഗ് ശതമാനം.
2016ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ രാജ്യത്താകമാനം ആകെ പോള്‍ചെയ്ത വോട്ടുകളുടെ മൂന്നില്‍ രണ്ടുഭാഗം ഇതിനകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ആകെ 94 മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 34 മില്യണ്‍ നേരിട്ടും 60 മില്യണ്‍ മെയില്‍ ഇന്‍ ബാലറ്റുകലുമാണ്. ഇതില്‍ രജിസ്‌ട്രേഡ് വോട്ടര്‍മാര്‍ 45 ശതമാനം ഡെമോക്രാറ്റുകളും 30 ശതമാനം റിപ്പബ്ലിക്കനും 23 ശതമാനം ഒരു പാര്‍ട്ടിയിലും ഉള്‍പെടാത്തവരുമാണ്.
ഏര്‍ളി വോട്ടിങ് പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികളുടെ ജയ പരാജയങ്ങള്‍ മിക്കവാറും തീരുമാനിക്കപ്പെട്ടിട്ടുമുണ്ടാകും. ഇതുവരെ പുറത്തുവന്നിരുന്ന എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അടുത്ത നാലു വര്‍ഷത്തെ ഭരണം ലഭിക്കുമെന്ന് തന്നെയാണ്. 2016 ലെ തെരെഞ്ഞെടുപ്പില്‍ ചുരുക്കം ചില സര്‍വേകളെങ്കിലും ട്രംപിനു അനുകൂലമായിരുവെങ്കില്‍ നാളിതു വരെ ഒരു സര്‍വ്വേ ഫലം പോലും ട്രംപിനനുകൂലമായി പ്രവചിച്ചിട്ടില്ല എന്നത് വിചിത്രമായി തോന്നുന്നു.
കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണച്ച ടെക്‌സാസ്, ഫ്‌ലോറിഡാ തുടങ്ങിയ കൂടുതല്‍ ഇലക്ട്‌റല്‍ വോട്ടുകളുള്ള സംസ്ഥാനങ്ങള്‍ ഈ തെരെഞ്ഞെടുപ്പില്‍ പിടിച്ചെടുക്കുക എന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്. 2016 ല്‍ ടെക്‌സാസ് സംസ്ഥാനത്തു ആകെ പോള്‍ചെയ്ത വോട്ടിനേക്കാള്‍ 110 ശതമാനമാണ് ഇതുവരെയുള്ള വോട്ടിങ് ലെവല്‍. ഫ്‌ലോറിഡായിലാണെങ്കില്‍ 100ശതമാനത്തിലധികം വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. യുവ വോട്ടര്‍മാരുടെ നീണ്ടനിര സംസ്ഥാനങ്ങളിലെ പോളിങ് ബൂത്തുകളില്‍ കാണാനിടയായതു ആരെ പിന്തുണക്കുമെന്ന് അറിയണമെങ്കില്‍ ചൊവാഴ്ച രാത്രി വരെ കാത്തിരിക്കേണ്ടി വരും.
നാലു പ്രധാന വിഷയങ്ങളാണ് വോട്ടര്‍മാരുടെ മുമ്പിലുള്ളത്. ഒന്നാമതായി കൊറോണ വൈറസ് എന്ന മഹാമാരി തുടര്‍ന്നുണ്ടായ അതിരൂക്ഷമായ തൊഴിലില്ലായ്മയും സാംമ്പത്തിക തകര്‍ച്ചയും, രണ്ടാമതായി ഇമ്മിഗ്രേഷന്‍ നയം, മൂന്നാമത് അന്തര്‍ദേശിയ തലങ്ങളില്‍ അമേരിക്കയുടെ അന്തസ്സ്, നാലാമത് രാജ്യത്തിന്റെ സുരക്ഷ ഈ നാലു വിഷയങ്ങളിലും. പ്രസിഡന്റ് എന്ന നിലയില്‍ ട്രംപ് പരിപൂര്‍ണ പരാജയമായിരുന്നുവെന്നു ഡെമോക്രറ്റുകള്‍ പ്രചരിപ്പിക്കുന്നു.
മഹാമാരിയെ നേരിടുന്നതില്‍ ട്രംപിന് അല്‍പം പിശക് പറ്റി എന്നു സമ്മതിച്ചാല്‍ പോലും മറ്റു മൂന്നു വിഷയങ്ങളിലും ട്രംപ് പൂര്‍ണ വിജയമായിരുന്നുവെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവകാശപ്പെടുന്നു. പാര്‍ട്ടികളുടെ വിലയിരുത്തല്‍ ശരിയോ തെറ്റോ എന്നു തീരുമാനിക്കുന്നത് വോട്ടര്‍മാരാണ്. ഒരുകാര്യം വ്യക്തമാണ് നാലുവര്‍ഷത്തെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയില്‍ അതിവേഗം ബഹുദൂരം സഞ്ചരിച്ച ട്രംപാണോ അതോ ഞാന്‍ അധികാരത്തില്‍ എത്തിയാല്‍ എല്ലാം ശരിയാകും എന്നു ഉറപ്പുനല്‍കുന്ന ബൈഡനോ ആരാണ് 2020 ലെ തെരെഞ്ഞെടുപ്പില്‍ വിജയിയാകുന്നതെന്നു ചോദിച്ചാല്‍ അപ്രതീക്ഷിത അട്ടിമറിയോ അത്ഭുതമോ ഒന്നും സംഭവിച്ചില്ലെങ്കില്‍, കമ്മ്യൂണിസ്റ്റ് ചൈനയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെങ്കില്‍, അടുത്ത നാലുവര്‍ഷം ഇതേ ഭരണം തുടരാമെന്നുതന്നെയാകും വോട്ടര്‍മാര്‍ വിധിയെഴുതുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."