ഇഗ്നോ മാതൃകയില്‍ കേരളത്തില്‍ ഓപ്പണ്‍ സര്‍വകലാശാല
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി (ഇഗ്നോ) മാതൃകയില്‍ കേരളത്തിന്റെ ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍.
സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ യൂണിവേഴ്സിറ്റി അടുത്ത അധ്യയന വര്‍ഷം ആരംഭിക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. നിലവിലുള്ള എല്ലാ സര്‍വകലാശാലകളുടെയും വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളെ ഓപ്പണ്‍ സര്‍വകലാശാലകളുടെ മേഖലാ കേന്ദ്രങ്ങളാക്കും. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ വിദ്യാര്‍ഥികളായി മാറും.
കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിനുള്ള 93,155 പേര്‍ക്കും കേരള, എം.ജി സര്‍വകലാശാലകളില്‍ പ്രൈവറ്റ് രജിസ്ട്രേഷന് ചെയ്തിട്ടുള്ള 25,488 പേര്‍ക്കും സംസ്ഥാന സാക്ഷരതാമിഷന്റെ പ്ലസ്ടു പാസായ 30,000 ത്തോളം പേര്‍ക്കും ഓപ്പണ്‍ സര്‍വകലാശാല ഉപകാരപ്രധമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.
സര്‍വകലാശാലകളിലെ നിലവിലുള്ള വിദൂര വിദ്യാഭ്യാസ സംവിധാനങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
അതിനാല്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകില്ല. നിലവിലെ സര്‍വകലാശാലകളില്‍ ഈ വര്‍ഷം കൂടി പ്രൈവറ്റ് രജിസ്ട്രേഷന് തുടരും. മാനവിക വിഷയങ്ങള്‍ക്കു പുറമെ സയന്‍സ് വിഷയങ്ങളും ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ഭാഗമായി നടത്താന്‍ ആലോചിക്കുന്നുണ്ട്.
ഇതിനായി ഗവണ്മെന്റ്, എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റ് സൗകര്യങ്ങളും പ്രയോജനപ്പെടുത്തും. തൊഴില്‍ അധിഷ്ടിത, തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കും.
പ്രവേശനം, പരീക്ഷാ നടത്തിപ്പ്, മൂല്യ നിര്‍ണയം, ഭരണ സംവിധാനം എന്നിവ പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലായിരിക്കും നടപ്പാക്കുക. ഓപ്പണ്‍ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതോടെ സര്‍വകലാശാലകളുടെ ഭാരം കുറയുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."