യമന്‍-സഊദി അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: യമന്‍-സഊദി അതിര്‍ത്തി പ്രദേശത്ത് നടന്ന ആക്രമണ സംഭവത്തില്‍ അഞ്ചു അതിര്‍ത്തി രക്ഷാ സേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇന്നലെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തിലാണ് സഊദി സൈനികര്‍ കൊല്ലപ്പെട്ടത്. യമനില്‍ നിന്നുള്ള ആക്രമണം മൂലമാണ് തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതിര്‍ത്തിയില്‍ വിന്യസിച്ച ഗ്രൂപ്പിനെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊടുന്നനെ ആക്രമിക്കുകയായിരുന്നു. എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തില്‍ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സഊദിക്ക് നഷ്ടമായത്.
എന്നാല്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യത്തിലെ തെക്കൻ വിഭാഗം ഇറാൻ അനുകൂല ഹൂത്തി മലീഷികളുടെ കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തി. സഊദി അതിർത്തി സുരക്ഷാ സേനക്ക് നേരെ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് സഖ്യസേന ആക്രമണം നടത്തിയത്. സഊദി അതിർത്തി ഗ്രാമമായ നജ്റാനിനു സമീപത്തുള്ള യമനിലെ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ന് ആക്രമണം നടന്നത്. പത്തിലധികം ഹൂത്തി മലീഷികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
അതിര്‍ത്തി രക്ഷാ സേനയിലെ സുലൈമാന്‍ ബിന്‍ സഅദ് ബിന്‍ സുലൈമാന്‍, മൂസ ബിന്‍സൈന്‍ ബിന്‍ മുഹമ്മദ് മര്‍ഹബി, അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഹസന് ശറഹിലി, മര്‍സൂഖ് ബിന്‍ സഅദ് ബിന്‍ അലി സല്ലും, ജാബിര്‍ ബിന്‍ അലി ബിന്‍ ഹുസൈന് അല്‍ അലവി എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിനു പിന്നില്‍ ഏതു വിഭാഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. യമനില്‍ സമാധാന പുനഃസ്ഥാപനത്തിനായി ഏറെക്കാലമായി ഔദ്യോഗിക സര്‍ക്കാറിനു വേണ്ടി സഊദി അറേബ്യയുടെ നേതൃത്യത്തില്‍ യുദ്ധം ചെയ്തു വരികയാണ്. ഇതിനിടയില്‍ യമനിലെ വിഘടിത വിഭാഗമായ ഇറാന് അനുകൂല ശീഈ ഹൂത്തി മലീഷികള്‍ സഊദിക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നുണ്ട്.
അതേസമയം തിങ്കളാഴ്ച വൈകിട്ട് യമനില്‍ യുദ്ധത്തിനിടെ സഊദിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. കാലാവസ്ഥ മോശമായതാണ് അപ്പാഷെ ഹെലികോപ്ടര്‍ യമനില്‍ തകര്‍ന്നു വീണതെന്നാണ് ഔദ്യോഗിക വിശദീകരണം. കിഴക്കന്‍ യമനിലെ മരിബ് പ്രവിശ്യയിലാണ് സംഭവം. എന്നാല്‍ യമനിലെ റിബലുകള്‍ നടത്തിയ വെടിവെപ്പിലാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് റിബലുകളുടെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെ സഊദിയിലേക്ക് യമനില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടിരുന്നു. സഊദി അതിര്‍ത്തി ഗ്രാമമായ ജിസാനിലെ മിലിട്ടറി ക്യാംപ് ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഊദി-യമന്‍ അതിര്‍ത്തിയില്‍ ഔദ്യോഗിക സൈന്യവും റിബലുകളും തമ്മില്‍ കനത്ത സംഘട്ടനമാണ് നടക്കുന്നതെന്ന് യമന്‍ മിലിട്ടറി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."