നിസാമിനെ അന്വേഷിച്ച് പൊലിസ് വീണ്ടും മൂന്നാറിലേക്ക്
പൂച്ചാക്കല്‍: പാണാവള്ളി തോട്ടത്തില്‍ നികര്‍ത്ത് താജു-റാഹത്ത് ദമ്പതികളുടെ മകന് നിസാമുദീന്റെ (15) തിരോധാന അന്വേഷണത്തിനായി പൊലിസ് വീണ്ടും മൂന്നാറിലേക്കു പോയി. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളാണ് മൂന്നാറിലേക്ക് പോയത്. മൂന്നാറില്‍ നിസാമുദ്ദീനെ കണ്ടെന്ന് അവിടുത്തെയാള്‍ നല്കിയ സംശയ വിവരത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.
റിസോര്‍ട്ടുകളിലേക്ക് അതിഥികളെ ഏര്പ്പാടുചെയ്യുന്നയാളാണ് നിസാമുദ്ദീനെ കണ്ടെന്ന വിവരം പൊലിസിനു നല്‍കിയത്. നിസാമുദീന്‍ എന്നു തോന്നിക്കുന്നയാള്‍ ബൈക്കില്‍ മറ്റൊരാള്ക്കൊപ്പമായിരുന്നെന്നും വാഗമണ്ണിലേക്കുള്ള വഴി ഏതാണെന്ന് തന്നോടു ചോദിച്ചെന്നുമാണ് അയാള്‍ പൊലിസിനെ അറിയിച്ചത്. കാറ്ററിങ് ജോലിയില്‍ തല്പ്പരനായിരുന്ന നിസാമുദ്ദീന്‍ മൂന്നാറിലെ ഹോട്ടല്‍ റിസോര്‍ട്ട് ശൃംഘലകളില്‍ കാണുമെന്നാണ് പൊലിസിനുള്ള സൂചന. അതനുസരിച്ചാണ് മൂന്നാറില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത്. വാഗമണ്ണിലും സംശയമുള്ള മറ്റുചില സ്ഥലങ്ങളിലും പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ വസ്ത്രങ്ങള്‍ക്കും സാധനങ്ങള്‍ക്കും വിലക്കുറവാണെന്നു നിസാമുദീന്‍ കൂട്ടുകാരോട് പറയുമായിരുന്നു.
അതിനാലാണ് ബംഗളൂരുവില്‍ പോകാനുള്ള സാധ്യതകള്‍ പൊലീസ് പരിശോധിച്ചത്. നിസാമുദ്ദീന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണിന് 12000 രൂപയാണ് വില. വീട്ടില്‍ നിസാമുദീന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കിയത്. ഫോണ്‍ ഏറെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. പക്ഷേ ഫോണ്‍ സുഹൃത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചശേഷമാണ് നിസാമുദ്ദീനെ കാണാതാകുന്നത്. ഇത് വീട്ടുകാരെയും പൊലിസിനെയും ആശയക്കുഴപ്പത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."