കോഴിക്കോട് മിനി ഫാര്‍മ 1.4 ക്വിന്റല്‍ ഹോമിയോ അഗ്രോ കെയര്‍ സൗജന്യമായി നല്‍കും
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മിനി ഫാര്‍മ വയനാട്ടില്‍ 1.4 ക്വിന്റല്‍ ഹോമിയോ അഗ്രോ കെയര്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു ലക്ഷം വാഴകളിലും നെല്‍കൃഷിയുള്ള നൂറു ഏക്കര്‍ പാടത്തും പ്രയോഗിക്കുന്നതിനു ആവശ്യമായ ഹോമിയോ അഗ്രോ കെയറാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുക. വിതരണോദ്ഘാടനം 25ന് കല്‍പ്പറ്റയില്‍ നടത്തും.
അതിരൂക്ഷമായ ചൂടിലും ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിലും സമ്പൂര്‍ണ സസ്യസംരക്ഷണം സാധ്യമാക്കുന്ന ജീവനൗഷധമാണ് ഹോമിയോ അഗ്രോ കെയറെന്ന് മിനി ഫാര്‍മ ഉടമ ഡോ. എം അബ്ദുല്‍ ലത്തീഫ്, പ്രചാരകരായ പി.പി രാമദാസ് സുല്‍ത്താന്‍ ബത്തേരി, ചന്ദ്രന്‍ ഇടച്ചേരി പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ താന്‍ വികസിപ്പിച്ചതും വയനാട്, കോഴിക്കോട് ജില്ലകളിലെ നിരവധി കൃഷിയിടങ്ങളിലടക്കം വിജയകരമായി പരീക്ഷിച്ചതുമാണ് ഹോമിയോ അഗ്രോ കെയറെന്ന് തിരുവനന്തപുരം ഗവ.ഹോമിയോ മെഡിക്കല്‍ കോളജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫിസറുമായ ഡാ. അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
നെല്ല്, വാഴ, കമുക്, തെങ്ങ്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗ വിളകള്‍ തുടങ്ങിയവയുടെ മെച്ചപ്പെട്ട ഉല്‍പാദനത്തിന് പുറമേ രോഗപ്രതിരോധത്തിനും ഹോമിയോ അഗ്രോ കെയര്‍ ഉതകും.
ഔഷധപ്രയോഗം നടന്ന കൃഷിയിടങ്ങളില്‍ എലി, പന്നി, മുള്ളന്‍പന്നി, ആന, കുരങ്ങ്, നായ, പക്ഷി, വവ്വാല്‍ എന്നിവയുടെ ശല്യം ഉണ്ടാകില്ലെന്ന് നിരീക്ഷണത്തില്‍ ബോധ്യപ്പെട്ടതായും ഡോ. അബ്ദുല്‍ ലത്തീഫ് അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."