മലയോരത്ത് രണ്ടു വീടുകളില്‍ കവര്‍ച്ച: സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
കുന്നുംകൈ: കാക്കടവ് അരിയങ്കല്ലില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച. അരിയങ്കല്ല് ഇളംമ്പാടി എ.ജി സൈദിന്റെയും കോളയത്ത് ഇസ്മയിലിന്റെയും വീടുകളിലാണ് കവര്‍ച്ച നടന്നത്. സൈദിന്റെ വീട്ടില്‍ നിന്ന് അഞ്ചു പവന് സ്വര്‍ണവും അന്‍പതിനായിരം രൂപയുമാണു മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി വീട് പൂട്ടി പള്ളിയില്‍ പോയ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന് വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണവും പണവും കവര്‍ന്നത്. തൊട്ടടുത്ത ഇസ്മയിലിന്റെ വീട്ടിലും കവര്‍ച്ചാശ്രമം നടന്നുവെങ്കിലും വിലപിടിപ്പുള്ളവയൊന്നും നഷ്ട്ടപെട്ടിട്ടില്ല. പിന് വാതില്‍ പൊളിച്ചു അകത്തു കടന്നു അലമാരയിലെ സാധനങ്ങള്‍ വലിച്ചിട്ട നിലയില്‍ കാണപ്പെട്ടു. കാസര്‍കോട് നിന്നു വിരലടയാള വിദഗ്ദ്ധര്‍ പരിശോധന നടത്തി.
ചിറ്റാരിക്കല്‍ എസ്.ഐ എം സുകുമാരന്‍ സ്ഥലത്തെത്തി വിവരശേഖരണം നടത്തി. കവര്‍ച്ചാ സംഘത്തില്‍ ഒന്നിലേറെ പേരുള്ളതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഇതു സംബന്ധിച്ച് പി.പി.സി റാഷിദിന്റെ പരാതിയില്‍ ചിറ്റാരിക്കല്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."