പണം വാങ്ങിയിട്ടും മതിയായ സൗകര്യമൊരുക്കിയില്ലെന്ന് പരാതി
കോഴിക്കോട്: പഞ്ചാബില്‍ നടന്ന സ്റ്റുഡന്റ്‌സ് ഒളിംപിക്‌സില്‍ പങ്കെടുത്ത് കേരളത്തിനായി മെഡല്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് മതിയായ യാത്ര, ഭക്ഷണ സൗകര്യം ഒരുക്കിയില്ലെന്ന് പരാതി. പങ്കെടുക്കാന്‍ പോകുമ്പോഴും തിരിച്ചുമുള്ള യാത്രയും ദുസ്സഹമായിരുന്നുവെന്നും യാതൊരു സൗകര്യവും ഒരുക്കാന്‍ തയാറായില്ലെന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ജൂണ്‍ 8 മുതല്‍ പഞ്ചാബിലെ ലൗ ലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഒളിംപിക്‌സില്‍ വോളിബോള്‍, ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍ തുടങ്ങി വിവിധയിനങ്ങളില്‍ മാറ്റുരക്കാനായി 75 മത്സരാര്‍ഥികളാണ് പങ്കെടുത്തത്. സ്റ്റുഡന്റ്‌സ് ഒളിംപിക്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ജൂണ്‍ ആദ്യം വാരം കോഴിക്കോട് നിന്നാണ് സംഘം യാത്ര തിരിച്ചത്. പങ്കെടുക്കുന്ന ഓരോ കുട്ടിയില്‍നിന്നും യാത്രാ ചെലവ്, ഭക്ഷണം, താമസം, കോച്ച് ഫീ, എന്‍ട്രി ഫീ എന്നീ കാര്യങ്ങള്‍ക്കായി 5700 രൂപ അസോസിയേഷന്‍ ഈടാക്കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ പഞ്ചാബിലേക്കുള്ള യാത്രയും, തിരിച്ചുള്ള യാത്രയും സാധാരണ ട്രെയിനില്‍ സ്ലീപര്‍ ക്ലാസിലായിരുന്നുവെന്നും, ചൂട് കൊണ്ട് പല വിദ്യാര്‍ഥികള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായപ്പോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
കൂടാതെ അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിംപിക്‌സിനായി ഫ്‌ളൈറ്റ് ടിക്കറ്റെടുത്താണ് വന്നത്. ഫൈനല്‍ മത്സരം നടക്കുമ്പോള്‍ പോലും കോച്ചിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ഉയര്‍ന്ന താപനിലയുള്ള പഞ്ചാബില്‍ സാധാരണ രീതിയിലുള്ള താമസ സൗകര്യവും ഭക്ഷണവുമാണ് ഏര്‍പ്പെടുത്തിയത്. ഇതുകാരണം പല വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ഭാരവാഹികളോട് പരാതിപ്പെട്ടപ്പോള്‍ മോശമായാണ് പെരുമാറിയത്- വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."