രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടുകള്‍ നന്നാക്കി കൊടുക്കുന്നില്ല;നിസഹായവസ്ഥയില്‍ മത്സ്യത്തൊഴിലാളികള്‍
കൊല്ലം: ജില്ലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ ജില്ലാഭരണകൂടം ചെയ്ത് തരുന്നില്ലെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍. ഇതോടെ നിരവധി മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
എന്നാല്‍ എസ്റ്റിമേറ്റ് തുകയുടെ വിവരംത്തൊഴിലാളികള്‍ സമര്‍പ്പിക്കുന്നില്ലെന്നാണ് ഫിഷറീസ് മന്ത്രിയുടെ വിശദീകരണം.
നാശനഷ്ടമുണ്ടായ ബോട്ടുകള്‍ നന്നാക്കാന്‍ നടപടിയുണ്ടാകുമെന്നും പൂര്‍ണമായി തകര്‍ന്ന ബോട്ടുകള്‍ക്ക് പകരം പുതിയവ നല്‍കുമെന്നുമായിരുന്നു തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളെ ആദരിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഉറപ്പ്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.മൂന്ന് ബോട്ടുകളുമായാണ് പാണ്ടനാട്ടേക്ക് അലോഷ്യസ് എന്ന മത്സ്യത്തൊഴിലാളി കൊല്ലത്തുനിന്നെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ അലോഷ്യസിന്റെ ഒരു ബോട്ടിന്റെ അടിഭാഗം കമ്പി കുത്തിക്കയറി.
വശത്തെ പലകകള്‍ ഇളകി മാറി. മറ്റൊരു ബോട്ടിന്റെ നടുവില്‍ ക്ഷതം സംഭവിച്ചതിനാല്‍ ഇനി ഉപയോഗിക്കാനാവില്ല.
കൈയില്‍ നിന്ന് 38,000 രൂപയോളം ചെലവാക്കി ഒരു ബോട്ടിന്റെ കേടുപാടുകള്‍ നന്നാക്കി. കടലില്‍ പോകാന്‍ ആകാത്തതിനാല്‍ പട്ടിണിയിലാണെന്നും അലോഷ്യസ് പറഞ്ഞു.
കൊല്ലത്ത് നിന്ന് ആകെ 202 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. 86 ബോട്ടുകള്‍ കേടായി. ഇതില്‍ നന്നാക്കിയത് 27 എണ്ണം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."