ചെമ്പരിക്ക ഖാസി വധം: വീണ്ടുമെത്തിയത് പഴയ സി.ബി.ഐ സംഘം: അന്വേഷണസംഘത്തെ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് വീണ്ടും സി.ബി.ഐ സംഘം കാസര്‍കോട്ടെത്തി. എന്നാല്‍ കേസന്വേഷണത്തിന് പഴയ സംഘം തന്നെ വീണ്ടുമെത്തിയതോടെ സംഘത്തില്‍ വിശ്വാസമില്ലെന്ന് അബ്ദുല്ല മൗലവിയുടെ ബന്ധുക്കള്‍ പറയുന്നു.
സി.ബി.ഐ. ഡി വൈ എസ് പി, കെ.ജെ ഡാര്‍വിന്‍, ഇന്‍സ്‌പെക്ടര്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാസര്‍കോട്ടെത്തിയത്.
കേസില്‍ രണ്ടു തവണ അന്വേഷണം നടത്തിയ സംഘത്തിന്റെ റിപ്പോര്‍ട്ട് രണ്ടു തവണ കോടതി തള്ളിയിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് തള്ളുമ്പോള്‍ കോടതി നിര്‍ദേശിച്ച രീതിയിലുള്ള ശാസ്ത്രീയ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് സി.ബി.ഐ സംഘം വീണ്ടുമെത്തിയത്.
അന്വേഷണത്തില്‍ മൂന്ന് കാര്യങ്ങളില്‍ പുരനരന്വേഷണം നടത്താനാണ് ആദ്യ തവണ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കോടതി നിര്‍ദേശിച്ച രീതിയിലുള്ള അന്വേഷണം നടത്താതെ സി.ബി.ഐ രണ്ടാമതും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതും കോടതി അംഗീകരിച്ചില്ല. നേരത്തെ നിര്‍ദേശിച്ച രീതിയിലുള്ള ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കണമെന്നു കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവ് വന്നിട്ട് ഏകദേശം ഒന്‍പത് മാസത്തോളമായെങ്കിലും സി.ബി.ഐ സംഘം ഇപ്പോഴാണ് വീണ്ടുമെത്തിയത്. ഈ മാസം 30ന് ശാസ്ത്രീയ അന്വേഷണം നടത്താന്‍ വിദഗ്ധ സംഘമെത്തുമെന്നാണ് സൂചന.
അതേ സമയം കേസില്‍ അന്വേഷണ സംഘത്തെ മാറ്റി ഉന്നതതല സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം വര്‍ഷങ്ങളായി അബ്ദുല്ല മൗലവിയുടെ കുടുംബത്തിനും, ജില്ലയിലെ പൊതു സമൂഹത്തിനും ഉണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ കേരളത്തിലെ സി.ബി.ഐ തയ്യാറായിട്ടില്ല. ഒന്നാം തവണ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളുമ്പോള്‍ കോടതി ആവശ്യപ്പെട്ട രീതിയില്‍ അന്വേഷണം നടത്താതെയാണ് രണ്ടാം തവണയും റിപ്പോര്‍ട്ട് ഹാജരാക്കിയത്. പ്രസ്തുത റിപ്പോര്‍ട്ടും കോടതി തള്ളിയ ശേഷം വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ട് എട്ടുമാസം കഴിഞ്ഞ ശേഷമാണ് സംഘമെത്തുന്നത്. അന്വേഷണത്തില്‍ സി.ബി.ഐ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് അബ്ദുല്ല മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി വ്യക്തമാക്കിയത്.
ഉന്നത സംഘത്തെ കേസന്വേഷണം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു.
2010 ഫെബ്രുവരി 15 നാണ് അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."