ഇന്ദര്‍ജീത്തും ഉത്തേജ കുരുക്കില്‍
ന്യൂഡല്‍ഹി: റിയോയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത്ത് സിങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. ജൂലൈ 22നു നടത്തിയ പരിശോധനയില്‍ താരം ഉത്തേജകം ഉപയോഗിച്ചെന്ന് കണ്ടെത്തുകയായിരുന്നു. ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഇന്ദര്‍ജീത്ത്. എന്നാല്‍ താരം എതു നിരോധിത മരുന്നാണ് ഉപയോഗിച്ചതെന്നു പുറത്തു പറയാനാവില്ലെന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതി വ്യക്തമാക്കി. അതേസമയം ഉത്തേജക ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ദര്‍ജീത്തിന്റെ റിയോ ഒളിംപിക്‌സ് പങ്കാളിത്തം അനിശ്ചിത്വത്തിലായിരിക്കുകയാണ്. നേരത്തെ ഗുസ്തി താരം നര്‍സിങ് യാദവും പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
താരം പരിശോധനയില്‍ പരാജയപ്പെട്ടെന്ന് നാഡ അത്‌ലറ്റിക് ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്നു ഇന്ദര്‍ജീത്ത്. നേരത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ്, ലോക യൂനിവേഴ്‌സിറ്റി ഗെയിംസ് എന്നിവയില്‍ താരം സ്വര്‍ണം നേടിയിരുന്നു.
റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരം കൂടിയായിരുന്നു ഇന്ദര്‍ജീത്ത്. ഒളിംപിക്‌സിനായി കടുത്ത പരിശീലനത്തിലായിരുന്നു താരം. കായിക മന്ത്രാലയത്തിന്റെ ടോപ് സ്‌കീം പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ പെനിസില്‍വാനിയയിലായിരുന്നു ഇന്ദര്‍ജീത്തിന്റെ പരിശീലനം. ഇതാണ് താരത്തിന് തിരിച്ചടിയായതെന്നാണ് പ്രമുഖരുടെ നിഗമനം. അമേരിക്കയില്‍ പരിശീലനത്തിനിടെ പ്രകടന മികവിനായി നിരോധിത മരുന്നുകള്‍ ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്ന് കായിക വിദഗ്ധര്‍ വിലയിരുത്തുന്നു.
ബി സാംപിള്‍ പരിശോധനയ്ക്കായി ഏഴു ദിവസത്തെ സമയമനുവദിച്ചിട്ടുണ്ട് നാഡ. ഈ പരിശോധനയിലും പരാജയപ്പെട്ടാല്‍ ഇന്ദര്‍ജീതിന് റിയോയില്‍ മത്സരിക്കാനാവില്ല. നാലു വര്‍ഷം വരെ വിലക്കു ലഭിക്കാനും സാധ്യതയുണ്ട്.
താന്‍ ഗൂഢാലോചനയുടെ
ഇര: ഇന്ദര്‍ജീത്ത്
ന്യൂഡല്‍ഹി: ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ഇന്ദര്‍ജീത്ത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട കാര്യം ഞെട്ടിച്ചു. നിരോധിത മരുന്നുകളൊന്നും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇന്ദര്‍ജീത്ത് വ്യക്തമാക്കി. നേരത്തെ ഇന്ത്യയിലെ കായിക താരങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് താന്‍ പറഞ്ഞിരുന്നു. ഇതിനു ശേഷം ചിലര്‍ വേട്ടയാടുകയാണ്.
നാഡയുടെ ഉത്തേജക പരിശോധനകള്‍ ഒന്നും അവഗണച്ചിട്ടില്ല. അമേരിക്കയില്‍ നിന്നു പരിശീലനം കഴിഞ്ഞെത്തിയ ശേഷം ആറു ടെസ്റ്റുകളാണ് നടത്തിയത്. എന്നാല്‍ പരിശോധനയില്‍ തനിക്കെതിരേ ഗൂഢാലോചനയുണ്ടായി. സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ഇന്ദര്‍ജീത്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."