മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം ; ഏകപക്ഷീയ ആ്രകമണമല്ലെന്ന് വയനാട് പൊലിസ് മേധാവി
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: ബാണാസുര മലവാരത്തെ ബപ്പനം പാസ്‌കരന്‍ മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഏറ്റമുട്ടല്‍ ഏകപക്ഷീയമായിരുന്നില്ലെന്ന് വയനാട് ജില്ലാ പൊലിസ് മേധാവി ജി. പൂങ്കുഴലി.
പൊലിസിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പൊലിസ് തിരിച്ചടിക്കുകയായിരുന്നു. ഏതാണ്ട് അര മണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നു. വെടിവയ്പ്പിനു ശേഷം നടത്തിയ പരിശോധനയിലാണ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നിലവില്‍ ആരും കസ്റ്റഡിയിലില്ലെന്നും പൂങ്കുഴലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആറോളം പേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ആയുധധാരികളായിരുന്നു. മറ്റാരെയും തിരിച്ചറിഞ്ഞിട്ടില്ല. മാറ്റാര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല. സംഭവസ്ഥലത്തു നിന്ന് രക്തസാമ്പിള്‍ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. അയല്‍ ജില്ലകളിലേക്കും അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കും സംശയാസ്പദമായ സാഹചര്യത്തില്‍ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തുന്നവരെക്കുറിച്ച് അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സ്ത്രീകളാരും സംഘത്തിലുണ്ടായിരുന്നില്ല. വേല്‍മുരുകന്റെ മൃതദേഹത്തിനു സമീപത്തു നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ചെങ്കുത്തായ പ്രദേശമായതിനാലും രക്ഷപ്പെട്ടവരില്‍ നിന്ന് ഏതു നിമിഷവും പ്രത്യാക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതിനാലുമാണ് സംഭവസ്ഥലത്തേക്ക് ആരെയും കടത്തിവിടാതിരുന്നതെന്നും അവര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തതായി പൂങ്കുഴലിയും ആന്റി ടെറര്‍ സ്‌ക്വാഡ് മേധാവി ചൈത്ര തെരേസ ജോണും എ.എസ്.പി അജിത് കുമാറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."