മാവോയിസ്റ്റ് ഭീഷണി: അതിര്‍ത്തികളില്‍ തമിഴ്‌നാട് സുരക്ഷ ശക്തമാക്കി
സുല്‍ത്താന്‍ ബത്തേരി: പടിഞ്ഞാറത്തറയില്‍ പൊലിസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടതോടെ സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള അതിര്‍ത്തികളില്‍ സായുധസേനയെ വിന്യസിച്ചു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നമ്പ്യാര്‍കുന്ന്, താളൂര്‍, പാട്ടവയല്‍, ചോലാടി തുടങ്ങിയ പ്രദേശങ്ങളിലാണ് സേനയെ വിന്യസിച്ച് വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം കടത്തിവിടുന്നത്. പടിഞ്ഞാറത്തറയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകനോടൊപ്പമുണ്ടായിരുന്ന അഞ്ചു പേര്‍ രക്ഷപ്പെട്ടെന്നാണ് പൊലിസ് പറയുന്നത്. രക്ഷപ്പെട്ട ഒരാള്‍ക്ക് പരുക്കുള്ളതിനാല്‍ ഇവര്‍ റോഡ് മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് തമിഴ്‌നാട് പൊലിസിന്റെ നിഗമനം.
തമിഴ്‌നാട് വനമേഖലകളില്‍ നക്‌സല്‍ സെപെഷല്‍ ഡിവിഷനും (എന്‍.എസ്.ഡി) സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും (എസ്.ടി.എഫ്) സംയുക്തമായി പരിശോധന നടത്തുന്നുമുണ്ട്. പരുക്കേറ്റയാളുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
ഇവര്‍ സംഘമായി തമിഴ്‌നാട് അതിര്‍ത്തിയിലൂടെയോ വനത്തിലൂടെയോ കടക്കാനുള്ള നീക്കം തടയാനാണ് സേനാവിന്യാസവും പരിശോധനയും.
രാത്രിയില്‍ പ്രത്യേക സംഘം പട്രോളിങ്ങും നടത്തുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി വനപ്രദേശങ്ങളോട് ചേര്‍ന്ന പൊലിസ് സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."