കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; രോഗികളുടെ എണ്ണവും
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും ചികിത്സയിലുള്ള രോഗികളുടെ എണ്ണം കുറയുന്നതും ആരോഗ്യമേഖലയ്ക്കു നേരിയ ആശ്വാസമാവുന്നു. തീവ്ര രോഗവ്യാപനമുണ്ടായ ഒക്ടോബര്‍ മാസത്തെ ആദ്യ രണ്ടാഴ്ചകളെ അപേക്ഷിച്ച് ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവാണുണ്ടായത്. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ രോഗവ്യാപന സാധ്യത കൂടുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.സംസ്ഥാനത്ത് ഒക്ടോബര്‍ മാസം തുടക്കത്തില്‍ പ്രതിദിനം പതിനായിരം കൊവിഡ് രോഗികള്‍ വരെ ഉണ്ടായിരുന്നിടത്ത് നിന്ന് 8,000ത്തിലേക്കും അവസാന ആഴ്ച ആറായിരത്തിലേക്കുമാണ് ശരാശരി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
അതായത്, കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തില്‍നിന്ന് 13 ശതമാനമായി കുറഞ്ഞു. എങ്കിലും ദേശീയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സംസ്ഥാനങ്ങളില്‍ മുന്നിലാണ്. ചില വിദേശ രാജ്യങ്ങളില്‍ കൊവിഡ് രോഗവ്യാപനം കുത്തനെ കുറഞ്ഞതിനു ശേഷവും രണ്ടാം തരംഗം അതിതീവ്രമായി വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളെ ഉദാഹരണമായി എടുക്കുമ്പോള്‍ ജാഗ്രതക്കുറവുണ്ടായാല്‍ കേരളത്തിലും അതുവഴി ഇന്ത്യയിലും സമാനസാഹചര്യം വിദൂരമല്ലെന്ന് ആരോഗ്യ വിദഗധര്‍ മുന്നറിയിപ്പ് നല്കുന്നു. രോഗം മാറിയവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകുന്നതും തെറ്റായ കൊവിഡ് നിര്‍ണയവും ആശങ്കയുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."