മര്‍കസ് വ്യാജകോഴ്‌സ് തട്ടിപ്പ്23നകം പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്ന് സമരസമിതി
കോഴിക്കോട്: ജില്ലാ കലക്ടര്‍ നല്‍കിയ ഉറപ്പിലാണ് നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറിയതെന്നും ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും വ്യാജകോഴ്‌സ് തട്ടിപ്പിനിരയായ കാരന്തൂര്‍ മര്‍കസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. അഞ്ചു തവണ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കഴിഞ്ഞ ഒന്‍പതിന് ചര്‍ച്ചയ്ക്ക് സമ്മതിച്ചുവെങ്കിലും മാനേജ്‌മെന്റ് പിന്‍മാറുകയായിരുന്നുവെന്നും സമരസമതിക്കാര്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കാരന്തൂര്‍ മര്‍കസു സഖാഫാത്തി സുന്നിയ്യയുടെ കീഴിലുള്ള മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് മാനേജ്‌മെന്റിനെതിരേ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വഞ്ചിച്ചുവെന്ന് ആരോപിച്ച് സമരം നടത്തുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള 450 ഓളം വിദ്യാര്‍ഥികളാണ് സമരത്തിലുള്ളത്. 2012-13 വര്‍ഷത്തില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചപ്പോഴും പിന്നീട് സിവില്‍ എന്‍ജിനീയറിങ് കോഴ്‌സും മറ്റും തുടങ്ങിയപ്പോഴുമെല്ലാം തങ്ങള്‍ക്ക് എ.ഐ.സി.ടി.ഇ ഉള്‍പ്പെടെ എല്ലാ ഏജന്‍സികളുടെയും അംഗീകാരമുണ്ടെന്ന് മാനേജ്‌മെന്റ് പറഞ്ഞിരുന്നു.
എന്നാല്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ ജോലിക്കായി ശ്രമിച്ചപ്പോഴാണ് കോഴ്‌സ് വ്യാജമാണെന്ന് മനസിലായത്. രണ്ട് ലക്ഷം രൂപയോളം ഫീസും വിദൂര വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ താമസിച്ചുമാണ് പഠനം നടത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരമില്ലെന്ന കാര്യം നേരത്തെ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ അംഗീകരിച്ചിരുന്നു.
എന്നാല്‍ അപ്പോഴുണ്ടാക്കിയ കരാറുകളൊന്നും പാലിക്കാന്‍ തയാറായില്ല. മര്‍കസ് സ്ഥാപനം പിന്നിലുണ്ടെന്ന വിശ്വാസ്യതയിലാണ് വിദ്യാര്‍ഥികള്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും 23ന് മുന്‍പ് ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് തരുമെന്നുമുള്ള ഉറപ്പിലാണ് തങ്ങളുടെ സമരം സത്യഗ്രഹത്തിലേക്ക് മാറ്റിയതെന്നും സമരസമിതി പറഞ്ഞു.
അതിനിടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഫേസ് ബുക്ക്,വാട്‌സാപ്പ് തുടങ്ങിയവയിലൂടെയും ഫോണിലൂടെയും വധഭീഷണിയുള്‍പ്പെടെയുള്ളവ അയക്കുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
സമരത്തിന് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പിന്തുണയുണ്ട്. വ്യാജ കോഴ്‌സ് നടത്തി വഞ്ചിച്ചതിനെതിരേ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ന്യായമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സമര സമിതി ചെയര്‍മാന്‍ വിശ്വനാഥന്‍ പൊന്‍മളി, അഡ്വ. ടി.പി ജുനൈദ് , സമര സമിതി കണ്‍വീനര്‍ നൗഫല്‍അലി, ജാസിര്‍,സജിത,അബ്ദുല്‍ ജബ്ബാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."