ക്ഷേമപെന്‍ഷനുകളിലെ അനര്‍ഹര്‍: സര്‍വേയ്‌ക്കെതിരേ വ്യാപക പരാതി
കൊട്ടിയം: ക്ഷേമപെന്‍ഷനുകളിലെ അനര്‍ഹരെ ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ പട്ടിക പരിഷ്‌കരിച്ചത്. എന്നാല്‍ പരിഷ്‌കരണത്തിലെ പാളിച്ചകള്‍ ആയിരങ്ങള്‍ക്ക് ദുരിതം മാത്രമാണ് നല്‍കിയത്. പഞ്ചായത്തുകളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരുന്നു അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള സര്‍വേ നടപടികള്‍.
ഈ സര്‍വേയിലെ വിവരങ്ങള്‍ കംപ്യൂട്ടറിലേക്ക് നല്‍കിയപ്പോള്‍ ഗുരുതരമായ പിഴവാണ് സംഭവിച്ചത്. ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കിയും സ്വന്തമായി വീടും വാഹനവും ഇല്ലാത്തവര്‍ക്ക് ഇരുനില മാളികയും കാറും സമ്മാനിച്ചുമുള്ള പിടിപ്പുകേടിന്റെ പട്ടികയാണ് മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും തയാറാക്കിയത്. ഓണക്കാലത്ത് ലഭിക്കേണ്ടിയിരുന്ന ക്ഷേമപെന്‍ഷന്‍ തുക കിട്ടാതായതോടെ തദ്ദേശ സ്ഥാപനങ്ങളില്‍ കാര്യം അന്വേഷിച്ചെത്തിയവര്‍ സര്‍വേയിലെ വിചിത്ര കണ്ടെത്തലുകളില്‍ ആകെ അമ്പരന്നു.
പെന്‍ഷന്‍ പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള കാരണമായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ തങ്ങളുടെ കാറും മാളികകളും കാട്ടിത്തരണമെന്ന ആവശ്യം ഇവരില്‍ ചിലര്‍ ഉയര്‍ത്തിയതോടെ ഉദ്യോഗസ്ഥരും വെട്ടിലായി. പല തദ്ദേശ സ്ഥാപനങ്ങളിലും തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഏറി വരുകയാണ്.
പ്രായംചെന്ന കിടപ്പ് രോഗികള്‍ പോലും തങ്ങള്‍ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ട അവസ്ഥയിലാണ്. ഒന്നിലധികം പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പെന്‍ഷന്‍ വാങ്ങുന്നവരായും നിരവധി പേരുണ്ടെന്ന ധനകാര്യ വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അനര്‍ഹരെ ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചത്.
എന്നാല്‍ നടപടികളിലെ വീഴ്ച മൂലം അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ തുടരുകയും അര്‍ഹര്‍ പുറത്താവുകയും ചെയ്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ജില്ലയിലെ ഓരോ പഞ്ചായത്തിലും ശരാശരി 200 ഓളം പേര്‍ക്ക് വീതമാണ് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടത്. പെന്‍ഷന്‍ തുകയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വയോധികരാണ് പരിഷ്‌കരണത്തില്‍ ഏറെ വെട്ടിലായിരിക്കുന്നത്.
പെന്‍ഷന്‍ തുക ലഭിക്കാതെ ആയതോടെ മരുന്നിനും മറ്റുമായി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പലരും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍, നഗരസഭകള്‍ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേരാണ് പെന്‍ഷന്‍ ലഭ്യമാകാതെ വലയുന്നത്. കുറ്റമറ്റ രീതിയില്‍ പെന്‍ഷന്‍ പട്ടിക പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ അര്‍ഹരെ പടിക്ക് പുറത്തിരുത്തി അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അവസ്ഥ തുടരുമെന്നതാണ് ആശങ്കാജനകമായ സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."