വനിതാ ഫുട്‌ബോളിലെ മെയ്‌വഴക്കം
മെയ്മാസത്തില്‍ പിറന്ന ആ കുരുന്നിന് ചര്‍ച്ച് വികാരി മെയ്‌മോള്‍ എന്ന് പേരിടുമ്പോള്‍ ഗോവക്കാരും മലയാളികളും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവള്‍ ഭാവിയില്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ 'മെയിന്‍' മോളാവുമെന്ന്. 33 വര്‍ഷമായി ഗോവ ഡാബോലിമിലെ ലാന്റ് മാര്‍ക്ക് 156 നമ്പര്‍ വീട്ടിലെ എന്‍. മെയ്‌മോള്‍ റോക്കിയാണ് ഇത്തവണ ഇന്ത്യക്ക് വനിതാ സാഫ് കപ്പ് നേടിക്കൊടുത്ത് മലയാളികളുടേയും ഗോവക്കാരുടേയും അഭിമാന താരമായത്. സാഫ് കപ്പ് ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആതിഥേയരായ നേപ്പാളിനെ ഇന്ത്യ തകര്‍ത്തത്. ടൂര്‍ണമെന്റില്‍ മെയ്‌മോളുടെ ഇന്ത്യ മൂന്നു ഗോളടിച്ച് ഒരു ഗോള്‍ മാത്രമാണ് തിരിച്ചുവാങ്ങിയത്.
മലയാളിപ്പെണ്ണ്
14 തവണ ദേശീയ ജഴ്‌സിയും മൂന്ന് തവണ അന്താരാഷ്ട്ര ജഴ്‌സിയണിഞ്ഞ ഫുട്‌ബോള്‍ താരത്തിന്റെ ജനനം മാത്രമേ കേരളത്തിലുള്ളൂ. പിതാവിന്റെ ജോലി നേവിയില്‍ ആയതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ ഗോവയിലേക്ക് കുടുംബത്തോടൊപ്പം പറിച്ചുനട്ടു. മേല്‍വിലാസം ഗോവയിലെ സ്ഥിരതാമസക്കാരിയായി. സാഫ് കപ്പ് ഫൈനലിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ കിടിലന്‍ ഇംഗ്ലീഷില്‍ നിന്നും ഈ ഗോവക്കാരിയുടെ മലയാളക്കാര്യം സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. എങ്കിലും തമിഴ് കലര്‍ന്ന മലയാളം സംസാരിക്കും. അതും വീട്ടില്‍ അമ്മയുടെ സഹായത്താലാണ് സാധിച്ചെടുത്തത്.
1984 മെയ് 19നാണ് അംഗമാലിയിലെ നെടുങ്ങാടന്‍ റോക്കിയുടേയും ലിസിയുടേയും മകളായി മെയ്‌മോള്‍ ജനിച്ചത്. ഗോവയിലെത്തിയ രണ്ടു വയസുകാരിക്ക് ചര്‍ച്ച് വികാരിയാണ് മെയ്‌മോള്‍ എന്ന് പേരിട്ടത്. ഗോവ വിദ്യാമന്ദിര്‍ സ്‌കൂളിലായിരുന്നു ആദ്യകാല പഠനം. പിന്നീട് സെന്റ് ആന്‍ഡ്രൂസ് ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിക്കുന്നതിനിടെ സായ് ഹോസ്റ്റലില്‍ സെലക്ഷന്‍ ലഭിച്ചു. 200, 400 മീറ്ററില്‍ മികച്ച ഒട്ടക്കാരിയായി. എന്നാല്‍ പെണ്‍കുട്ടിയുടെ സ്റ്റാമിനയില്‍ പ്രത്യേകത കണ്ടെത്തിയ കോച്ച് ഗോവന്‍ സ്വദേശി സുദേഷ് പന്തടക്കം പഠിപ്പിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ 15-ാം വയസില്‍ അണ്ടര്‍- 19 ഗോവന്‍ ടീമിലെത്തി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അണ്ടര്‍-13, അണ്ടര്‍-14, അണ്ടര്‍-17, അണ്ടര്‍-19, സീനിയര്‍ ടീമുകളിലടക്കം 14 തവണയാണ് ഗോവയുടെ ജഴ്‌സിയണിഞ്ഞത്. എട്ടുതവണ ക്യാപ്റ്റന്റെ റോളിലെത്തി രണ്ട് തവണ ജേതാക്കളുമാക്കി. പോരാട്ടം തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കും. 2000-2003 വരെ മൂന്ന് തവണ എ.എഫ്.സി കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഗോവയിലെ മാന്‍ഗോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, സ്പാര്‍ട്ടിങ് ഗോവ, സാല്‍ഗോക്കര്‍ ഗോവ, പട്രോങ് ക്ലബ്ബ് ടീമുകളുടെ ക്യാപ്റ്റനാവാനും ഈ കഠിനാധ്വാനിക്കായി. ഒരു സഹോദരനുണ്ട്.
ജഴ്‌സിയഴിക്കും മുമ്പ് തന്നെ ദ്രോണാചാര്യ
ഫുട്‌ബോള്‍ കളിക്കിടെ പരിശീലനത്തിലും മുന്നിലെത്താനായിരുന്നു മെയ്‌മോളുടെ ആഗ്രഹം. ഇത് അമ്മ എതിര്‍ത്തെങ്കിലും കായിക പ്രേമിയായ അച്ഛന്‍ മകള്‍ക്കൊപ്പം നിന്നു. 2003ല്‍ ഡി ലൈസന്‍സ് നേടി ഗോവന്‍ സ്‌കൂള്‍ ടീമിന്റെ പരിശീലകയായി. സ്‌കൂളിന് ഒരു ദേശീയ ചാംപ്യന്‍ പട്ടവും ഒരു തവണ രണ്ടാം സ്ഥാനവും നേടിക്കൊടുത്തു. 20-ാം വയസില്‍ ഗബ്രിയേല്‍ ജോസഫിന്റെ കീഴില്‍ നിന്നും സി ലൈസന്‍സും 2010ല്‍ എ.എഫ്.സിയുടെ ബി ലൈസന്‍സും നേടി. ഇതിനിടെ ഗോവ സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ പരിശീലന ജോലി ലഭിച്ചു.
2009ല്‍ ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ പ്രീമിയര്‍ ലീഗ് ഫേസ് -1 ല്‍ പങ്കെടുക്കാനയച്ചു. പെട്ടെന്നുള്ള തീരുമാനങ്ങളും വാക്ചാതുരിയും മെയ്‌മോളിലെ പരിശീലക വേഷത്തിന് പരിവേഷമേകി. എല്ലാ പ്രതിസന്ധികളിലും കൂടെനിന്ന പിതാവ് 2015ല്‍ മരണപ്പെട്ടത് മെയ്‌മോളെ തളര്‍ത്തി. എന്നാല്‍ ഫുട്‌ബോള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത് വീണ്ടും സജീവമായി. എ.എഫ്.സി എ ലൈസന്‍സും കരസ്ഥമാക്കി. പിന്നാലെ തന്നെ ഇന്ത്യയെ പരിശീലിപ്പിക്കാനുള്ള നിയോഗവും ലഭിച്ചു.
എ.എഫ്.സി അണ്ടര്‍-16 ഇന്ത്യന്‍ ടീമിനെ നാലു തവണ പരിശീലിപ്പിച്ചതില്‍ 2015ല്‍ മൂന്നാം സ്ഥാനം നേടി. അസി. കോച്ചിന്റെ റോളില്‍ 2016ലെ സാഫ് ഗെയിംസിലും സാഫ് കപ്പിലും ചാംപ്യന്മാരാക്കി. 2017ല്‍ മലേഷ്യയില്‍ നടന്ന അന്താരാഷ്്ട്ര ടൂര്‍ണമെന്റില്‍ ചാംപ്യന്മാരായി. അഭിമാനമൂഹൂര്‍ത്തമായി ഫിഫയുടെ റാങ്കിങ് മെച്ചപ്പെട്ടു. ഒപ്പം മുഖ്യ പരിശീലനക്കുപ്പായവും. അങ്ങനെ 14 തവണ ഗോവക്ക് വേണ്ടി നാഷണലും ഇന്ത്യക്കായി മൂന്ന് തവണ ഇന്റര്‍നാഷണലും കളിച്ച യുവതി കളിക്കളത്തില്‍ നിന്നും പിരിയും മുമ്പേ തന്നെ അതേ ടീമുകളുടെ പരിശീലകയുമാകാന്‍ നിയോഗിക്കപ്പെട്ടു. പിന്നാലെയെത്തിയ സാഫ് കപ്പില്‍ 2017 അണ്ടര്‍-15 ടീമിനെ റണ്ണേഴ്‌സാക്കി.
സ്‌പെയിനിലെ കോട്ടിഫ് കപ്പിലും ഇത്തവണ ഒളിംപിക് യോഗ്യതാ മത്സരത്തിലും ഹോങ്‌ഗോങ്, ഇന്തൊനേഷ്യ സൗഹൃദ മത്സരത്തിലും ടര്‍ക്കീസ് കപ്പിലും മെയ്‌മോള്‍ തന്ത്രം മെനഞ്ഞു. നിരവധി തവണ ഫിഫയുടെ ഗ്രാസ് റൂട്ട് പരിശീലനത്തിലും പങ്കെടുത്തു. ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ജൂനിയര്‍ ലൈസന്‍സും നേടിയിട്ടുണ്ട്. നെതര്‍ലന്റ്‌സിലെ വേര പോവിന്റെ ശിക്ഷണത്തില്‍ കോഴ്‌സ് ട്യൂട്ടേഴ്‌സ് കോഴ്‌സ് പാസായതോടെ 2016ലും 2018ലും വനിതാ പരിശീലകരുടെ അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമിനെ ഏഷ്യന്‍ നിലവാരത്തിലെത്തിക്കുന്ന ലക്ഷ്യത്തിലാണീ 35 കാരിയുടെ ഇനിയുള്ള ശ്രദ്ധ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."