ശത്രുവിന്റെ ചെലവില്‍ പൂവിടുന്ന സംഘിസ്വപ്നങ്ങള്‍
ഫോട്ടോഷോപ്പ് ഉപയോഗിച്ചുള്ള വ്യാജചിത്ര നിര്‍മാണത്തിലും വ്യാജവീഡിയോ നിര്‍മാണത്തിലും ബഹുമിടുക്കരാണു സംഘികളെന്നു സാമൂഹ്യമാധ്യമങ്ങളില്‍ കയറിയിറങ്ങുന്നവര്‍ക്കൊക്കെ നന്നായറിയാം. ന്യൂനപക്ഷസമുദായങ്ങളെ ഇകഴ്ത്തിക്കാണിക്കാനും സി.പി.എമ്മും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയശത്രുക്കള്‍ക്കെതിരേ വ്യാജ ആരോപണങ്ങളുന്നയിക്കാനും കുറേയാളുകളെ സംഘ്പരിവാര്‍ നിയോഗിച്ചിട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് അവരുടെ സൈബര്‍ പോര്.
അതുകൊണ്ടുതന്നെ പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനുശേഷം സി.പി.എമ്മുകാര്‍ നടത്തുന്ന ആഹ്ലാദപ്രകടനമെന്ന പേരില്‍ കുമ്മനം രാജശേഖരന്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനോ മറ്റാരെങ്കിലുമോ സംശയിച്ചുപോയാല്‍ കുറ്റപ്പെടുത്താനാവില്ല. കള്ളം പറഞ്ഞു ശീലിച്ചവര്‍ സത്യം പറഞ്ഞാലും ആളുകള്‍ വിശ്വസിക്കാതിരിക്കുന്നതു സ്വാഭാവികം. ഒരിക്കല്‍ മോഷണക്കേസില്‍ പെട്ടയാള്‍ ലോക്കല്‍ പൊലിസിന്റെ കണ്ണില്‍ എല്ലാകാലത്തും കള്ളനായി മാറുന്നതുപോലെ.
കുമ്മനം പ്രചരിപ്പിച്ച വീഡിയോ സത്യമായാലും കള്ളമായാലും അതില്‍ വലിയൊരു രാഷ്ട്രീയ അജന്‍ഡയുണ്ട്. ആ അജന്‍ഡ മൊത്തത്തില്‍തന്നെ പയ്യന്നൂരിലെ കൊലയോടെ പുറത്തുവന്നിട്ടുണ്ട്. പഠിച്ചപണി പതിനെട്ടും പയറ്റിയശേഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു നേടാനായത്. അതായത്, കേരളം സംഘികള്‍ക്ക് രാഷ്ട്രീയമായി ഇന്നും ബാലികേറാമലയാണ്. അത് അവര്‍ക്കു മറ്റാരെക്കാളും നന്നായറിയാം. പതിവു രാഷ്ട്രീയപ്രവര്‍ത്തനം നടത്തി ഇവിടെ അധികാരത്തിലെത്താന്‍ എളുപ്പത്തിലൊന്നും സാധിക്കില്ലെന്ന വ്യക്തമായ അറിവ് അവര്‍ക്കുണ്ട്.
അതുകൊണ്ടു മറ്റെന്തെങ്കിലും നമ്പര്‍ ഇറക്കി കളിക്കണം. അതിലൊരു നമ്പരാണു കേരളത്തില്‍ മൊത്തം ക്രമസമാധാനം തകര്‍ന്നെന്നും സി.പി.എമ്മിന്റെ ഭീകരവാഴ്ചയാണു നടക്കുന്നതെന്നും വരുത്തിത്തീര്‍ത്തു കേന്ദ്രത്തിലെ അധികാരമുപയോഗിച്ചു സംസ്ഥാനസര്‍ക്കാരിനെ അട്ടിമറിക്കുകയെന്നത്. അതത്ര എളുപ്പമല്ലെങ്കില്‍ പിന്നെ അഫ്‌സ്പ പോലുള്ള കരിനിയമങ്ങള്‍ നടപ്പാക്കി ഇവിടെ കേന്ദ്രസേനയുടെ സാന്നിധ്യം ഉറപ്പാക്കണം. ഈ കളിക്കു കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണറെ കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതു തകര്‍ന്ന നിരാശയിലാണവര്‍. ആ നിരാശയാണു ഗവര്‍ണര്‍ക്കെതിരായ പ്രസ്താവനകളായി നേതാക്കളില്‍ നിന്നു പുറത്തുവരുന്നത്.
എന്താണു സംഘ്പരിവാറെന്ന് അറിയാവുന്നവര്‍ക്ക് ഇതിലൊന്നും വലിയ അത്ഭുതമില്ല. അധികാരത്തിനായി ഗുജറാത്തില്‍ കൂട്ടക്കൊലപോലും നടത്തിയവര്‍ ഇതിലപ്പുറവും ചെയ്യും. ആ തന്ത്രങ്ങളില്‍ ചെന്നു തലവച്ചുകൊടുക്കുന്നവരുടെ തലയ്ക്കകത്തു വല്ലതുമുണ്ടോയെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. എത്രതവണ പങ്കില്ലെന്നു പറഞ്ഞാലും പയ്യന്നൂര്‍ കൊലയ്ക്കു പിന്നില്‍ സി.പി.എമ്മാണെന്നു നാട്ടുകാര്‍ക്കൊക്കെ അറിയാം. അന്യനാട്ടില്‍നിന്നു വന്ന ഗവര്‍ണര്‍ പോലും അതു വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്.
രാഷ്ട്രീയകൊലകള്‍ നടത്തിയവരാരും അതു സമ്മതിക്കാറില്ലല്ലോ. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത സംഘ്പരിവാറിന് എന്തുമാവാം. അതല്ല സി.പി.എമ്മിന്റെ അവസ്ഥ. നാടു ഭരിക്കുന്ന പാര്‍ട്ടിയാണത്. ഭരണത്തിലിരിക്കുമ്പോള്‍ എന്തെങ്കിലുമൊരു കാര്യം ചെയ്യുമ്പോള്‍ ഒന്നും രണ്ടുമല്ല നൂറു വട്ടമെങ്കിലും ചിന്തിക്കേണ്ടതുണ്ട്.
ഏതു തരത്തിലെങ്കിലും അടിത്തറ വിപുലമാക്കാന്‍ പാടുപെടുന്ന സംഘ്പരിവാറിനു ചവിട്ടി നില്‍ക്കാന്‍ കൂടുതല്‍ ഇടങ്ങള്‍ നല്‍കുകയാണു സി.പി.എം ഇത്തരം കൊലകളെന്ന ആനമണ്ടത്തരങ്ങളിലൂടെ.
കാലമിത് പഴയ 1980കളല്ല. കൊല നടത്തി അതു ന്യായീകരിക്കാന്‍ മറുപക്ഷത്തെ ഫാസിസ്റ്റുകളെന്നു വിശേഷിപ്പിച്ചതുകൊണ്ടു മാത്രം ഇനിയുള്ള കാലം രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാനാകില്ല. ഇത് ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്നത് അത്ര നല്ല ദിനങ്ങളാവില്ല. ശത്രുവിനു കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന ഇത്തരം കളികള്‍ അപകടകരമാണെന്നു തിരിച്ചറിയാന്‍ എ.കെ.ജി സെന്ററിലെ ഗവേഷണകേന്ദ്രത്തില്‍ ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടായതുകൊണ്ടായില്ല. കാലത്തിന്റെ കാലൊച്ചകള്‍ കേട്ട് അതിന്റെ താളം തിരിച്ചറിയാന്‍ വെളിവുള്ള തലകളാണാവശ്യം.
*** *** ***
പുര കത്തുമ്പോള്‍ ഒരു സൗകര്യമുണ്ട്. മിടുക്കന്മാര്‍ക്കു വേണമെങ്കില്‍ കഴുക്കോലൂരിയെടുക്കാം. കത്തിക്കൊണ്ടിരിക്കുന്ന പുരയില്‍നിന്നു കഴുക്കോലൂരുന്നത് ആരുടെയും ശ്രദ്ധയില്‍പെടില്ല. എന്തൊക്കെ ദോഷം പറഞ്ഞാലും നമ്മുടെ പൊലിസ് സേനയില്‍ മിടുക്കന്മാരും മിടുക്കികളും ഏറെയുണ്ട്. കിട്ടുന്ന സന്ദര്‍ഭങ്ങള്‍ അവര്‍ മുതലാക്കും. അതു മാത്രമാണു ലോക്‌നാഥ് ബെഹ്‌റ ചെയ്തത്. അതിത്ര പുലിവാലാകുമെന്ന് അദ്ദേഹം കരുതിക്കാണില്ല.
കത്തിപ്പടരുന്ന വിവാദങ്ങളുടെ അഗ്നിനാളങ്ങളില്‍ പെട്ട ആഭ്യന്തരവകുപ്പില്‍ പൊലിസ് മേധാവിയുടെ പദവിയില്‍ ബെഹ്‌റ എത്തിപ്പെട്ടപ്പോള്‍ നാട്ടുകാര്‍ക്കൊക്കെ അറിയാമായിരുന്നു ആ കസേരയിലെ ഇരിപ്പ് അധികകാലമൊന്നും നീണ്ടുപോകില്ലെന്ന്. നാട്ടുകാര്‍ക്കൊക്കെ അറിയാവുന്ന കാര്യം ബെഹ്‌റ അതിനെക്കാള്‍ നന്നായി അറിയുന്നതു സ്വാഭാവികം. പുറത്താക്കപ്പെട്ട ടി.പി സെന്‍കുമാര്‍ കേസുകെട്ടുമായി ഡല്‍ഹിക്കു വണ്ടി കയറിയപ്പോള്‍ അക്കാര്യം ഏറെക്കുറെ ഉറപ്പാകുകയും ചെയ്തു.
സുപ്രിംകോടതിയുടെ ഓരോ പരാമര്‍ശവുമുണ്ടാകുമ്പോഴും ആഭ്യന്തരവകുപ്പു കൂടുതല്‍ വിവാദങ്ങങ്ങളില്‍പെട്ടു. ബുദ്ധിയുള്ളവര്‍ക്കു കഴുക്കോലൂരാന്‍ പറ്റിയ സമയം. അങ്ങനെയാണ് പെയിന്റ് വിവാദം സംസ്ഥാന പൊലിസ്‌സേനയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി പ്രത്യക്ഷപ്പെട്ടത്.
ഒരു വശത്തുകൂടി നോക്കിയാല്‍ ബെഹ്‌റ ചെയ്തത് മോശം കാര്യമാണെന്നൊന്നും ആരും പറയില്ല. പൊലിസ് സ്റ്റേഷനുകളൊക്കെ നല്ല പെയിന്റടിച്ചു വൃത്തിയാക്കി വയ്ക്കണമെന്നു ബെഹ്‌റ അങ്ങു തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും ഏമാന്മാരുടെ ഇടി കൊണ്ട് പുളയുന്ന പ്രതികള്‍ക്ക് വൃത്തിയുള്ള ചുമരുകളുടെ കാഴ്ചയെങ്കിലും അല്‍പം ആശ്വാസം പകരുമല്ലോ. അതിനായി പൊലിസ് സ്റ്റേഷന്റെ പുറംഭാഗത്ത് ഒലിവ് ബ്രൗണും ഉള്‍ഭാഗത്ത് ചില്ലി മോണിങും കളര്‍ പെയിന്റ് അടിക്കണമെന്ന് അദ്ദേഹം ഉത്തരവിറക്കി.
ഏതു കമ്പനിയുടെ ഏതു കോഡിലുള്ള പെയിന്റ് വാങ്ങണമെന്നും ഉത്തരവില്‍ കൃത്യമായി എഴുതിച്ചേര്‍ത്തു. ഏതു കമ്പനിക്കായാലും ഇത്ര വലിയൊരു കച്ചവടം ഉണ്ടാക്കിക്കൊടുത്താല്‍ ന്യായമായ കമ്മിഷനായി വലിയൊരു തുക കിട്ടുമെന്നത് ഏതു പൊലിസുകാരനുമറിയാം. കച്ചവടവകയിലുള്ള വെട്ടിപ്പു സാധ്യത വേറെയും. എന്നാല്‍, വിവാദപ്പെരുമഴയില്‍ അതാരും ശ്രദ്ധിക്കില്ലെന്നു കരുതിക്കാണണം.
കേസു പറഞ്ഞു ജയിച്ച സെന്‍കുമാര്‍ പഴയ പദവിയില്‍ വീണ്ടുമെത്തിയപ്പോഴാണ് എല്ലാം കുഴഞ്ഞത്. തൊട്ടു മുമ്പ് തന്റെ കസേരയിലിരുന്നയാള്‍ ഒപ്പിട്ട കടലാസുകളൊക്കെ മൂപ്പര്‍ ശരിക്കൊന്നു പരിശോധിച്ചു. അതോടെ പെയിന്റ് ടിന്നു ലീക്കായി മാധ്യമങ്ങള്‍ വഴി പുറത്തേയ്‌ക്കൊഴുകി. പൊലിസിലെ ചേരിപ്പോരിന്റെ കാഠിന്യം കാരണം അതിനു പ്രതീക്ഷിച്ചതിലധികം പ്രചാരവും കിട്ടി. ചാനലുകാര്‍ക്ക് ഇരുന്നു ചര്‍ച്ച ചെയ്യാന്‍ വകയുമായി.
സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയായതുകൊണ്ടാണ് പൊലിസ് പെയിന്റ് കേസ് പുറത്തറിഞ്ഞതും വിവാദമായതും. വകുപ്പില്‍ കാര്യങ്ങളെല്ലാം ശാന്തമായിരുന്നെങ്കില്‍ അതാരും അറിയില്ല. ഇത് വെറും ആഭ്യന്തര വകുപ്പിന്റെ മാത്രം കാര്യമല്ല. എല്ലാ വകുപ്പുകളിലും ഇതുപോലെ പലതരം സാധനങ്ങള്‍ വന്‍തോതില്‍ വാങ്ങുന്നുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും. ഈ ഇടപാടുകളിലൊക്കെ കമ്മിഷനും കച്ചവടത്തിലെ അഡ്ജസ്റ്റമെന്റുമൊക്കെയായി ഭാരിച്ച തുകകളാണ് ഭരിക്കുന്ന പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുമൊക്കെയായി എത്തിച്ചേരുന്നത്. അതില്‍ പുറത്തുവരുന്നത് ഒന്നോ രണ്ടോ ശതമാനം ഇടപാടുകള്‍ മാത്രം. ഭരണക്കാരും ഉദ്യോഗസ്ഥരുമൊക്കെ ചേര്‍ന്നു കാട്ടിലെ മരം തേവരുടെ ആനയെക്കൊണ്ട് ഇഷ്ടംപോലെ വലിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."