ചൈനയുടെ പട്ടുപാത ഇന്ത്യക്ക് കനല്‍ പാത
ചൈനീസ് പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സംബന്ധിച്ച അന്താരാഷ്ട്ര ഉച്ചകോടി ബെയ്ജിംഗില്‍ കഴിഞ്ഞ ദിവസം സമാപിച്ചിരിക്കുകയാണ്. ചൈന ഉദ്ദേശിക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒരു മേഖല ഒരുപാത) ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ഉച്ചകോടിയില്‍ നിന്നും ഇന്ത്യ വിട്ടു നിന്നത് ന്യായവുമാണ്.
2013 ലാണ് ഈ പദ്ധതിയെ കുറിച്ച് ചൈന സംസാരിക്കുവാന്‍ തുടങ്ങിയത്. വികസിച്ചുകൊണ്ടിരിക്കുന്ന ചൈനക്ക് ഇത്തരമൊരു പാത അനിവാര്യമായിരിക്കാം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പ്രഖ്യാപിച്ച പദ്ധതി ചൈനയില്‍ നിന്നാരംഭിക്കുന്ന പുരാതന പാതയായ പട്ടുപാത നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. പണ്ട് കാലത്ത് ചൈനയില്‍ നിന്നും പട്ടുകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇതുവഴി കൊണ്ടുപോയതിനാല്‍ പാതക്ക് പട്ടുപാത എന്ന പേര് വീണു. അതിന്റെ വികസിത രൂപമാണ് ഇപ്പോള്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ്. പദ്ധതിയുടെ ഭാഗമായുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പാക് അധീന കശ്മിരിലൂടെ കടന്നു പോകുമ്പോള്‍ അത് ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഭീഷണി തന്നെയാണ്. ഇതിനാലാണ് ബെയ്ജിംഗില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ നിന്നും ഇന്ത്യ വിട്ടുനിന്നത്.
ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കണമെന്ന് ചൈനയായിരുന്നു ഏറെ ആഗ്രഹിച്ചിരുന്നത്. അത് അവരുടെ സാമ്പത്തിക താല്‍പര്യമാണ്. ചൈനീസ് ഉല്‍പന്നങ്ങളുടെ വലിയൊരു കമ്പോളമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്ര താല്‍പര്യമാണ് ഇവിടെ ഹനിക്കപ്പെടുന്നത്. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി വഴി മധ്യ ,ഏഷ്യന്‍ രാജ്യങ്ങളെയും യൂറോപിനെയും റോഡ് മാര്‍ഗം ബന്ധിപ്പിക്കാമെന്നും അതുവഴി ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ലോക വ്യാപകമായ കമ്പോളം കണ്ടെത്താന്‍ കഴിയുമെന്നാണ് ചൈന കരുതുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം നിക്ഷേപമിറക്കുവാനും വ്യവസായങ്ങള്‍ ആരംഭിക്കുവാനും അതത് രാജ്യങ്ങള്‍ക്ക് കഴിയുമെന്ന് ചൈന പറയുന്നു. ചൈനക്ക് ഇതുകൊണ്ട് വേറെയും ഗുണമുണ്ട്. ചൈനയുടെ കിഴക്കന്‍ പ്രദേശങ്ങളാണ് വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. തുറമുഖങ്ങളും വ്യവസായ സ്ഥാപനങ്ങളും ഏറെയും ഇവിടെയാണ്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ചൈനയുടെ പടിഞ്ഞാറും വികസിക്കും. ചൈനക്ക് ഈ പദ്ധതി ഗുണകരമാവുമെങ്കിലും നിക്ഷേപമിറക്കുന്ന ഇതര രാജ്യങ്ങള്‍ക്ക് അത് എത്രമാത്രം ഗുണപ്രദമാകുമെന്നതിന് തീര്‍ച്ചയില്ല. വമ്പിച്ച കടക്കെണിയില്‍ രാഷ്ട്രങ്ങള്‍ വീഴാനും സാധ്യതയുണ്ട്.
മധ്യ,പശ്ചിമ,ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയില്‍വേയും ഊര്‍ജ്ജ നിലയങ്ങളും പ്രകൃതിവാതക പൈപ്പ് ലൈനുകളും എണ്ണ പൈപ്പുകളും സ്ഥാപിക്കുന്നതിനും തുറമുഖങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ് പദ്ധതികൊണ്ട് ചൈന ഉദ്ദേശിക്കുന്നത്. ഏഷ്യ, യൂറോപ്, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റര്‍ ദൂരം വരുന്നതാണ് ഈ പാത. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാനാവാത്ത രണ്ട് രാഷ്ട്രങ്ങളാണ് ചൈനയും പാകിസ്താനും. രണ്ട് രാജ്യങ്ങളും ഇന്ത്യയുടെ സ്ഥലം അന്യായമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഈ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പാകിസ്താനും ചൈനയും സാമ്പത്തിക ഇടനാഴി സ്ഥാപിച്ചത്.
1962 ല്‍ അപ്രതീക്ഷിതമായാണ് ചൈന ഇന്ത്യയെ ആക്രമിച്ചത്. ചൂ എന്‍ലായ്, പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു ഒന്നിച്ചു മുഴക്കിയ ഇന്ത്യാ-ചൈനാ ഭായി ഭായി എന്ന മുദ്രാവാക്യത്തിന് ചൈന ഒരു വിലയും കല്‍പ്പിച്ചില്ല. ഈ യുദ്ധത്തിലാണ് കശ്മീരിലെ ലഡാക്കിന്റെ ഒരു ഭാഗമായ അക്‌സായ് ചൈന പിടിച്ചടക്കിയത്. പാകിസ്താനാകട്ടെ 1948 ല്‍ ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ ഗില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തുള്ള കാരക്കോറം അടങ്ങിയ പ്രദേശം പിടിച്ചെടുക്കുകയും ഇതില്‍ നിന്നും ഏതാനും ഭാഗം ചൈനക്ക് നല്‍കുകയും ചെയ്തു. ഇതുവഴിയാണ് ചൈനയും പാകിസ്താനും സാമ്പത്തിക ഇടനാഴി തുറന്നത്. അതിനാല്‍ തന്നെ ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഭീഷണി തന്നെയാണ് ഇതുവഴി വരാനിരിക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും.
ഇത് ഒരിക്കലും പരമാധികാര രാഷ്ട്രമായ ഇന്ത്യക്ക് അംഗീകരിക്കാനാവുകയില്ല. ചൈനയും പാകിസ്താനും പരമ്പരാഗത മിത്രങ്ങളും ഇന്ത്യയുടെ പരമ്പരാഗത ശത്രുക്കളുമാണ്. ഒരിക്കലും വിശ്വസിക്കാനാവാത്ത ഈ ശത്രുക്കളുടെ ഇഷ്ടത്തിനൊത്ത് ഇന്ത്യ നിന്നുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചത് ശരിയായ നടപടി തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."