നീറ്റ്: സി.ബി.എസ്.ഇക്ക് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്
ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്) എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുണ്ടായ ദുരനുഭവത്തിലാണ് സി.ബി.എസ്.ഇ ചെയര്‍മാന് നോട്ടിസ് അയച്ചത്.
നാലാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കണമെന്നാണ് ആവശ്യം. കേരള കോണ്‍ഗ്രസ്- എം ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശേരിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപ്പിച്ചത്. കുട്ടികളെ അപമാനിച്ച സംഭവത്തിന്റെ പത്ര, ടെലിവിഷന്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കിയിരുന്നു.
പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥികളെ മാനസികവും ശാരീരികവുമായി അപമാനിച്ചതായ പരാതി ഗൗരവതരമാണെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഈ മാസം ഏഴിന് നീറ്റ് പരീക്ഷയുടെ കണ്ണൂരിലെ കേന്ദ്രത്തിലാണ് വിവാദ പരിശോധന നടന്നത്. തുടര്‍ന്ന് പരീക്ഷാ ഡ്യൂട്ടിയിലേര്‍പ്പെട്ട അധ്യാപികമാര്‍ക്കെതിരേ നടപടിയെടുക്കുകയും സി.ബി.എസ്.ഇ മാപ്പുചോദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വനിതാ കമ്മിഷനും നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."