ഞങ്ങളെ കൊന്നുതരൂ, അല്ലെങ്കില്‍ പെന്‍ഷന്‍ തരൂ
കോഴിക്കോട്: 'ഞങ്ങളെ കൊന്നുതരൂ, എന്നാല്‍ ഭാര്യമാര്‍ക്കു വിധവാ പെന്‍ഷന്‍ ലഭിക്കുമല്ലോ' ഇതായിരുന്നു ഇന്നലെ കോര്‍പറേഷനു മുന്നില്‍ 'പരേതര്‍' അധികാരികളോടു വിളിച്ചുപറഞ്ഞത്. മരിച്ചുവെന്ന് സര്‍ക്കാര്‍ വിധിയെഴുതിയ ഭിന്നശേഷിക്കാരാണ് ഇന്നലെ കോര്‍പറേഷനു മുന്നില്‍ വേറിട്ട സമരം നടത്തിയത്. ആദ്യം കോര്‍പറേഷന്റെ മുന്നില്‍നിന്ന് പ്രതിഷേധം തുടങ്ങിയ അംഗപരിമിതര്‍ പിന്നീട് മുദ്യാവാക്യവുമായി കോര്‍പറേഷന്‍ ഓഫിസിലേക്കു കയറുകയായിരുന്നു.
പൊലിസ് തടഞ്ഞെങ്കിലും ഇവര്‍ പ്രതിഷേധവുമായി മുന്നോട്ടുപോവുകയും ചില കൗണ്‍സിലര്‍മാരുമായി തര്‍ക്കിക്കുകയും ചെയ്തു. തുടര്‍ന്നു പൊലിസ് ഇടപ്പെട്ട് മൂന്നുപേരെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ ഈ മാസം 24നു മുന്‍പ് കുറ്റമറ്റതാക്കി പ്രസിദ്ധീകരിക്കുമെന്നു മേയര്‍ ഉറപ്പു നല്‍കിയതായി സമരക്കാര്‍ പറഞ്ഞു. മേയറുടെ ഉറപ്പിന്‍മേല്‍ തുടര്‍ന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചതായും 24ന് മുന്‍പ് പെന്‍ഷന്‍ ലഭിച്ചിട്ടില്ലെങ്കില്‍ തുടര്‍സമരങ്ങള്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ തടഞ്ഞുവച്ചത് കോര്‍പറേഷന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല. സംസ്ഥാനത്താകെ ഈ പ്രശ്‌നമുണ്ടെന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും മേയര്‍ അറിയിച്ചതായും സമര്‍ക്കാര്‍ പറഞ്ഞു.
അംഗപരിമിതരുടെ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയത്. തടഞ്ഞുവച്ച വികലാംഗ പെന്‍ഷന്‍ കുടിശ്ശിക സഹിതം വിതരണം ചെയ്യുക, വീല്‍ചെയറില്‍ കഴിയുന്നവരെ കാറിനുടമകളാക്കി വികലാംഗക്ഷേമ പെന്‍ഷനില്‍ നിന്നൊഴിവാക്കിയ നടപടി പുനഃപരിശോധിക്കുക, മരിക്കാത്തവരെ മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവകാശങ്ങള്‍ നിഷേധിക്കുന്ന കോര്‍പറേഷന്‍ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
കേരള വികലാംഗ സംയുക്ത സമിതി, കേരള വികലാംഗ സഹായ സമിതി, വികലാംഗ അസോസിയേഷന്‍, ഡി.എ.പി.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണു സമരം നടത്തിയത്. ധര്‍ണ നേര്‍വഴി കൂട്ടായ്മ നേതാവ് കെ.വി ഉമേഷ് ഉദ്ഘാടനം ചെയ്തു. നൗഷാദ് കാലിക്കറ്റ് അധ്യക്ഷനായി. ബാലന്‍ കാട്ടുങ്ങല്‍, എം.കെ സത്യന്‍ കാപ്പാട്, വി.സി ഉണ്ണി, അനസ് കോഴിക്കോട്, വേണു കക്കോടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."