ഫ്രഞ്ച് ചര്‍ച്ചില്‍ പുരോഹിതനെ കഴുത്തറുത്ത് കൊന്നു
പാരിസ്: വടക്കന്‍ ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കത്തിയുമായി അതിക്രമിച്ചു കയറിയ രണ്ടുപേര്‍ 84കാരനായ പുരോഹിതനെ കൊലപ്പെടുത്തി. ഫാ. ജാക്വിസ് ഹാമലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളികളാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ട് ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സി അമാഖ് രംഗത്തെത്തി.
പുരോഹിതനെ തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാലുപേരെയാണ് തീവ്രവാദികള്‍ ബന്ദികളാക്കിയത്. ഇതില്‍ ഒരാളുടെനില അതീവഗുരുതരമാണ്. പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. വടക്കന്‍ നോര്മണ്ടയിലെ റൗനിലാണ് ആക്രമണത്തിനിരയായ ദേവാലയം. വൈദികന്, രണ്ടു കന്യാസ്ത്രീകള്‍, പ്രാര്‍ഥനയ്ക്കെത്തിയവര്‍ എന്നിവരാണ് ബന്ദികളാക്കപ്പെട്ടത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളോന്തെ സംഭവസ്ഥലം സന്ദര്‍ശിച്ചു. തീവ്രവാദ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആശുപത്രിവൃത്തങ്ങള്‍ നല്കുന്ന വിവര പ്രകാരം മൂന്നു ബന്ദികള്‍ക്ക് പരുക്കില്ല. ഒരാളുടെ തലയറുക്കാനും തീവ്രവാദികള്‍ ശ്രമിച്ചുവെന്ന് പാരിസ് ആസ്ഥാനമായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കേസന്വേഷണം തീവ്രവാദ വിരുദ്ധ ജഡ്ജിക്കുവിട്ടതായി പാരിസ് പ്രോസിക്യൂട്ടേഴ്സ് ഓഫിസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാളെ ഫ്രഞ്ച് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തെ വത്തിക്കാന്‍ ശക്തമായി അപലപിച്ചു. കിരാതനടപടിയെന്നാണ് വത്തിക്കാന്റെ പ്രസ്താവന.
നേരത്തെ തീരദേശനഗരമായ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ 84 പേരെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് വീണ്ടും ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."