മണ്‍തിട്ട ഇടിഞ്ഞുവീണു; രണ്ടു പേര്‍ മണ്ണിനടിയില്‍പെട്ടു
നിലമ്പൂര്‍: ക്വാര്‍ട്ടേഴ്‌സിന് സംരക്ഷണഭിത്തി കെട്ടുന്നതിനിടയില്‍ മണ്‍തിട്ട ഇടിഞ്ഞ് തൊഴിലാളികള്‍ മണ്ണിനടിയിലായി. തൊഴിലാളികളായ കര്‍ണാടക ഗുണ്ടല്‍പേട്ട് കുവാട് സ്വദേശി ഏഴിമല (26), ഓടായിക്കല്‍ സ്വദേശി തുറനാട്ടുതൊടിക ഫിറോസ് (30) എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്. മുകളില്‍ നില്‍ക്കുന്നതിനിടെ മണ്ണിടിഞ്ഞ് നിലത്തുവീണ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും കെ.എസ്.ഇ.ബി ജീവനക്കാരനുമായ പാലക്കാട് കൊടുവായൂര്‍ ശാന്തകുമാറിനും (42) പരുക്കേറ്റു. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് സംഭവം.
മമ്പാട് തോണിക്കടവിലുള്ള അബ്ദുല്‍ കരീമിന്റെ ക്വാര്‍ട്ടേഴ്‌സിന് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ പ്രളയകാലത്ത് ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് മണ്ണിടിയുകയും കെട്ടിടത്തിന് ഭീഷണിയാകുകയും ചെയ്തതിനെ തുടര്‍ന്ന് പുതിയ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനായി ചാലുകീറുന്നതിനിടെ മുകള്‍ ഭാഗത്ത് രണ്ടാള്‍പൊക്കത്തില്‍ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് തൊഴിലാളികളുടെ അരഭാഗം വരെ മണ്ണിനടിയിലും മുകള്‍ഭാഗത്ത് ഒന്നരയാള്‍ പൊക്കത്തില്‍ മണ്‍തിട്ടയും ചേര്‍ന്ന് അപകടകരമായ നിലയിലായിരുന്നു. ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. വിവരമറിഞ്ഞ് നിലമ്പൂര്‍, തിരുവാലി ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ സമീപത്തെ മണ്ണ് അല്‍പ്പാല്‍പ്പമായി മാറ്റി. ഇതിനിടെ മേല്‍ഭാഗത്തുള്ള മണ്‍തിട്ട വീണ്ടും അടര്‍ന്ന് വീണു. ഇതും ഫയര്‍ഫോഴ്‌സ് സാഹസികമായി നീക്കം ചെയ്തു. നാല് മണിയോടെ തൊഴിലാളികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം.അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ ഒ.കെ. അശോകന്‍, തിരുവാലി അസി. സ്റ്റേഷന്‍ ഓഫിസര്‍ എം.റ്റി.മുനവ്വറുസ്മാന്‍, ലീഡിങ് ഫയര്‍മാന്‍മാരായ പി.കെ.സജീവ്, സി.കെ.നന്ദകുമാര്‍, ഫയര്‍മാന്‍മാരായ ഇ.എം. ഷിന്റു, കെ.സുഹൈര്‍ ,എം.വി.അജിത്ത്, കെ.അഫ്‌സല്‍, എ.ശ്രീരാജ്, വി.യു.റുമേഷ്, വി.അബ്ദുള്‍ മുനീര്‍, എ.കെ.ബിബുല്‍, ബി.ഗിരീഷ് കുമാര്‍, ടി.കെ.പ്രതീഷ് കുമാര്‍, എന്‍.ടി.അനീഷ്, എം.ഫസലുള്ള, എന്‍.മെഹബൂബ് റഹ്മാന്‍, എമര്‍ജെന്‍സി റസ്‌ക്യൂ ഫോഴ്‌സ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ഫോഴ്‌സിനൊപ്പം പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."