സര്‍ജിക്കല്‍ ഹിറ്റ്മാന്‍
മാഞ്ചസ്റ്റര്‍: രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം 89 റണ്‍സിനാണ് നീലപ്പട പാക്കിസ്ഥാനെ തുരത്തിയത്.
ഇടക്ക് കളി മുടക്കി മഴ പെയ്‌തെങ്കിലും മഴദൈവങ്ങള്‍ കനിഞ്ഞപ്പോള്‍ ട്രാഫോര്‍ഡില്‍ പിറന്നത് റെക്കോര്‍ഡുകളുടെ പെരുമഴയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാമെന്ന പാകിസ്താന്റെ സ്വപ്നത്തെ സ്വപ്നംമാത്രംമാക്കിമാറ്റി ടീം ഇന്ത്യ. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത്തിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം കൈപിഴക്കൊണ്ട് നഷ്ടമാക്കിയ ഫഖര്‍ സമാന് പാക് ആരാധകര്‍ മാപ്പു നല്‍കുമെന്നു തോന്നുന്നില്ല. കാരണം അയാള്‍ നഷ്ടമാക്കിയത് മത്സരം തന്നെയായിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സ്
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ തീരുമാനം അമ്പേ തെറ്റി. തീപന്തുകളുമായി വന്ന ആമിറിനെ കരുതലോടെ നേരിട്ട ഇന്ത്യന്‍ ഓപണര്‍മാര്‍ മികച്ച അടിത്തറയാണ് ടീമിനു നല്‍കിയത്.
ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത് 136 റണ്‍സ്. 57 റണ്‍സുമായി വഹാബിന് വിക്കറ്റ് നല്‍കി രാഹുല്‍ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ കോഹ്‌ലിയെ കൂട്ടു പിടിച്ച രോഹിത് അതിവേഗം ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. ആമിറിനെ മാത്രം ബഹുമാനിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മറ്റു പാക് ബൗളര്‍മാരെ അടിച്ചു പരത്തി. 85 പന്തില്‍ സെഞ്ചുറി തികച്ച രോഹിത്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലിയുംമായി ചേര്‍ത്തത് 98 റണ്‍സ്. 113 പന്തില്‍ 140 റണ്‍സുമായി രോഹിത് മടങ്ങുമ്പോള്‍ ഒരുപാട് റെക്കോര്‍ഡുകളും മാഞ്ചസ്റ്ററില്‍ പിറന്നു. 14 ബൗണ്ടറികളും മൂന്നു സിക്‌സും ആ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. ധോണി വന്നപാടെ മടങ്ങിയെങ്കിലും കോഹ്‌ലിയുടെ അര്‍ധ സെഞ്ചുറിയും 77(65) ഹാര്‍ദിക്കിന്റെ മിന്നല്‍ പ്രകടനവും 26(19) ഇന്ത്യന്‍ ഇന്നിങ്‌സിന് മുതല്‍ക്കൂട്ടായി. ഇന്ത്യന്‍ സ്‌കോര്‍ 336-(50).
മാപ്പില്ലാ ഫഖര്‍ ആ തെറ്റിന്
മത്സരത്തില്‍ പാകിസ്താന് ആധിപത്യം നേടാന്‍ ലഭിച്ച ഏറ്റവും വലിയ അവസരമായിരുന്നു രോഹിതിന്റെ റണ്ണൗട്ട്. വഹാബ് റിയാസ് എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ പന്തില്‍ രണ്ടാം റണ്ണിനു വേണ്ടി ക്രീസ്‌വിട്ട് പിച്ചിന്റെ പാതിവരെ രോഹിത് ഓടിയെങ്കിലും രാഹുല്‍ ക്രീസ് വിട്ടിറങ്ങിയില്ല. ബോള്‍ കൈയില്‍ കിട്ടിയ ഫഖര്‍ വെപ്രാളത്തില്‍ എറിഞ്ഞത് നോണ്‍സ്‌ട്രൈക്ക് എന്റിലുള്ള രാഹുലിനു നേരെ. ഫഖാര്‍ സമാന്റെ കൈപിഴയില്‍ ഇന്ത്യക്കു ലഭിച്ചത് പുതുജീവന്‍.
ആമിറിന്റെ പോരാട്ടം
പാക് ബൗളിങ് ഓപണ്‍ ചെയ്ത മുഹമ്മദ് ആമിര്‍ തന്റെ ഭാഗം കൃത്യമായി നിര്‍വഹിച്ചു. ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കിയ ആമിര്‍. മത്സരത്തില്‍ കോഹ്‌ലിയുടെയും ധോണിയുടെ ഹാര്‍ദിക്കിന്റെയും വിക്കറ്റുകള്‍ നേടി. 10 ഓവറില്‍ വെറും 47 റണ്‍സുമാത്രം വഴങ്ങിയ ആമിറിനു മാത്രമേ പാക്‌നിരയില്‍ തിളങ്ങനായുള്ളൂ.
ഭുവനേശ്വറിന്റെ പരുക്കും
വിജയ ശങ്കറിന്റെ തുടക്കവും
അഞ്ചാം ഓവര്‍ എറിയാനെത്തയ ഭുവനേശ്വര്‍ പരുക്കു കാരണം ഓവര്‍ പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടപ്പോള്‍ പകരമെത്തിയത് വിജയ് ശങ്കര്‍ ശങ്കര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഇമാം ഉള്‍ഹഖിനെ വിക്കറ്റിനു മുന്നില്‍ പുതു ചരിത്രം രചിച്ചു. ലോകകപ്പ് അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന താരമായി ശങ്കര്‍.
കോഹ്‌ലി ശരിക്കും
ഔട്ടായിരുന്നോ?
48ാം ഓവറില്‍ ആമിറിന്റെ ബൗണ്‍സറില്‍ സര്‍ഫ്രാസിന് ക്യാച്ച് നല്‍കി കോഹ്‌ലി ഗ്രൗണ്ട് വിട്ടെങ്കിലും. കോഹ്‌ലിയുടേത് ഔട്ടല്ല എന്ന കാണിക്കുന്നതായിരുന്നു വിഡിയോ റിപ്ലേകള്‍, പന്ത് ബാറ്റില്‍കൊണ്ട് ഉരസിയെന്ന ശബ്ദത്താല്‍ അംപയര്‍ ഔട്ട് വിധിക്കുന്നതിനു മുന്നേ കോഹ്‌ലി മടങ്ങുകയായിരന്നു.
പാക് ഇന്നിങ്‌സ്
മറുപടി ബാറ്റിങ്ങില്‍ ഇമാം ഉള്‍ഹഖ് പെട്ടെന്നു മടങ്ങിയെങ്കിലും ഫഖര്‍ സമാനും ബാബര്‍ ആസമും പാകിസ്താന് പ്രതീക്ഷ നല്‍കി.104 റണ്‍സ് രണ്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടി ചേര്‍ത്തെങ്കിലും. തുടര്‍ന്നു വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
ചീനാമാന്റെ ബ്രേക്ക് ത്രൂ
കുല്‍ദീപിന്റെ ചീനമാന്‍ ബൗളിങ്ങിനു മുന്നില്‍ പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിപതറി. അര്‍ധ സെഞ്ചുറി നേടിയ 62(75) ഫഖറിനെയും 48 റണ്‍സുനേടിയ ബാബര്‍ അസമിനെയും മടക്കിക്കൊണ്ട് കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക ത്രൂ നല്‍കി. ഒമ്പത് ഓവറില്‍ 32 റണ്‍സു വഴങ്ങി രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപിന് ഒരു മെയ്ഡനോവറുംമുണ്ട്.ഹാര്‍ദിക്കിനും ശങ്കറിനും രണ്ടു വീതം വിക്കറ്റുകള്‍ നേടി.
മഴ
ഇന്ത്യയുടെ വിജയത്തെ നിര്‍ണയിച്ചതില്‍ മഴയ്ക്കും സുപ്രധാന പങ്കുണ്ട്.മഴ വന്നും പോയുംകൊണ്ടേയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 47ാം ഓഴറില്‍ മഴപെയ്ത് മത്സരം അല്‍പസമയത്തേക്കു നിര്‍ത്തേണ്ടി വന്നു. എന്നാല്‍ പെട്ടെന്നുനിന്ന മഴയ്ക്കു ശേഷം മത്സരം പുനരാരംഭിച്ച് ഇന്ത്യ 50 ഓവറും പൂര്‍ണമായി ബാറ്റു ചെയ്തു. എന്നാല്‍ പാകിസ്താന്‍ ബാറ്റിങിനു മുന്നേ മഴ വീണ്ടും അവതരിച്ചത് ആരാധകരുടെ നെഞ്ചിടിപ്പു കൂട്ടിയെങ്കിലും മഴ വീണ്ടും വിട്ടുനിന്നു. പാക് സ്‌കോര്‍ 35 ഓവറില്‍ 166-6 എന്ന നിലയില്‍ നില്‍ക്കെ മഴ വീണ്ടുംമെത്തി മത്സരം തടസപ്പെടുത്തി. ശേഷം ഡെക്കവര്‍ത്ത് ലൂയിസ് മിയമപ്രകാരം 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ പാകിസ്താന്റെ വിജയ ലക്ഷ്യം 302 റണ്‍സ്. അഞ്ചോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 136 റണ്‍സ്. അതോടു കൂടി ഇന്ത്യന്‍ വിജയമുറപ്പിച്ച് ആരാധകര്‍ ആഹ്ലാദ തിമിര്‍പ്പിലായി.
കോഹ്‌ലി 11,000 റണ്‍സ് ക്ലബില്‍
മാഞ്ചസ്റ്റര്‍: ഇന്ത്യാ-പാക് മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു നാഴികകല്ലു കൂടി പിന്നിട്ടു. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സ് നേടുന്ന താരമായി കോഹ്‌ലി. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുള്‍ക്കറുടെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. 276 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 11,000 റണ്‍സ് തികച്ചതെങ്കില്‍ വെറും 222 ഇന്നിങ്‌സുകളേ കോഹ്‌ലിക്ക് വേണ്ടിവന്നുള്ളൂ.
പാകിസ്താനെതിരേയുള്ള മത്സരത്തിനു മുന്നേ 11,000 റണ്‍സ് തികയ്ക്കാന്‍ കോഹ്‌ലിക്കു വേണ്ടിയിരുന്നത് 55 റണ്‍സ്. തന്റെ പതിവു ശൈലിയില്‍ ബാറ്റു വീശിയ കോഹ്‌ലി അനായാസം പുതിയ റെക്കോര്‍ഡിട്ടു. 77(65) റണ്‍സ് നേടിയ കോഹ്‌ലി മുഹമ്മദ് ആമിറിന്റ പന്തില്‍ സര്‍ഫ്രാസിന് ക്യാച്ചു നല്‍കി പുറത്താകുകയായിരുന്നു. 11,000 റണ്‍സ് ക്ലബിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോഹ്‌ലി. സച്ചിനും ഗാംഗുലിയുമാണ് കോഹ്‌ലിക്കു മുന്നേ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."