സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള 50 ഇന്ത്യക്കാരുടെ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ അനധികൃത നിക്ഷേപമുള്ള 50 ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഈ പട്ടിക തയ്യാറാക്കി വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അനധികൃത നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മില്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടികള്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യാക്കാരുടെ പട്ടിക കൈമാറാനുള്ള സ്വിസ് ബാങ്കിന്റെ നീക്കം.
വിവിധ അന്വേഷണങ്ങള്‍ നേരിടുന്ന രണ്ട് ഇന്ത്യന്‍ കമ്പനികളുടെയും മൂന്ന് വ്യക്തികളുടെയും വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നു. ടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിയോഡെസിക് ലിമിറ്റഡ്, ആദി എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ജിയോഡെസിക് ലിമിറ്റഡുമായി ബന്ധപ്പെട്ട പങ്കജ് കുമാര്‍ ഓങ്കാര്‍ ശ്രീവാസ്തവ, പ്രശാന്ത് ശരദ മുലേകര്‍, കിരണ്‍ കുല്‍കര്‍ണി എന്നിവരുടെ വിവരങ്ങളും കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."