രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരെ നാട് അനുമോദിച്ചു
കുണിയ: ജീവന്റെ രണ്ടര മിനുട്ടിനു ഹൃദയം നിറഞ്ഞ അനുമോദനം. ചെങ്കല്‍ ലോറിയിടിച്ച് പാതയില്‍ നിന്നും നാലോളം മലക്കം മറിഞ്ഞു തലകുത്തി വീണ കാറില്‍ നിന്നും ഏഴു പേരെ വെറും രണ്ടര മിനുട്ട് കൊണ്ട് വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോയ കുണിയയിലെ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രവര്‍ത്തകരെയും കുണിയ ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ കീഴിലുള്ള പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് റാഷിദിനെയുമാണ് ബേക്കല്‍ പൊലിസും അപകടത്തില്‍ പരുക്കേറ്റവരും ചേര്‍ന്ന് അനുമോദനം ചൊരിഞ്ഞത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഈ അനുമോദന ചടങ്ങ് നാടിനുള്ള സമര്‍പ്പണമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബേക്കല്‍ എസ്.ഐ ആദംഖാന് പറഞ്ഞു. ഉപഹാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു. ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രവര്‍ത്തകരായ മുഹമ്മദ് കുഞ്ഞി കുണ്ടൂര്‍, ജാഫര്‍,അഷ്കര്‍ എന്നിവര്‍ ക്ലബിന് വേണ്ടി ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങില്‍ മുസ്ലിംലീഗ് കുണിയ ശാഖാ പ്രസിഡന്റ് പി.എ.മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ശഹീദാ റാഷിദ്, ഉദുമ ഗവ.കോളജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് കെ.വിദ്യ, കുണിയ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ അശ്വതി, പ്രധാനാധ്യപകന് ദാമോദരന്‍,കെ.എം.എ ഹമീദ്, അമീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."