വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര: നടപടികളില്‍ വീഴ്ചവരുത്തിയാല്‍ പ്രധാനാധ്യാപകര്‍ക്കെതിരേ നടപടിയെടുക്കും
കുട്ടികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധ്യാപക-രക്ഷാകര്‍തൃ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപീകരിക്കണം
മലപ്പുറം: സ്‌കൂള്‍ ബസുകളിലും മറ്റു കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളിലും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലിസും ജില്ലാ ഭരണകൂടവും നടപടികള്‍ ആരംഭിച്ചു. നിയമാനുസൃതമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മോട്ടോര്‍ വാഹന നിയമമനുസരിച്ചുള്ള മുന്‍കരുതലുകളും സ്വീകരിച്ചാണ് വിദ്യാര്‍ഥികളുടെ യാത്രയെന്നു പ്രധാനാധ്യാപകരും പി.ടി.എയും ഉറപ്പുവരുത്തണം. ഇതില്‍ വീഴ്ചവരുത്തുന്ന സ്ഥാപന മേലാധികാരികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.എം ഷാജി അറിയിച്ചു.
കുട്ടികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധ്യാപക-രക്ഷാകര്‍തൃ പ്രതിനിധികളടങ്ങിയ കമ്മിറ്റി രൂപീകരിക്കണം. യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് ഒരു അധ്യാപകനെ നോഡല്‍ ഓഫിസറായി നിയമിക്കണം. ഡ്രൈവര്‍മാര്‍ക്കു മോട്ടോര്‍ വകുപ്പിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്നു സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും രേഖകള്‍ ശരിയാണെന്നു സ്ഥാപന മേധാവി ഉറപ്പുവരുത്തണം. രേഖകളുടെ പകര്‍പ്പുകള്‍ സ്‌കൂളില്‍ സൂക്ഷിക്കുകയും വേണം.
സ്ഥാപനത്തിനായി ഉപയോഗിക്കുന്ന ബസുകള്‍, മറ്റു കോണ്‍ട്രാക്ട് ക്യാരേജുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി നിശ്ചിത മാതൃകയില്‍ പ്രധാനാധ്യാപകന്‍, ഗതാഗത ചുമതലയുള്ള അധ്യാപകന്‍, പി.ടി.എ പ്രതിനിധി എന്നിവര്‍ ഒപ്പിട്ട സത്യവാങ്മൂലം ജൂണ്‍ അഞ്ചിനകം അതാത് ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ ഓഫിസുകളിലും പൊലിസ് സ്റ്റേഷനിലും നല്‍കണം. യാത്ര സംബന്ധിച്ച വിദ്യാര്‍ഥികളുടെ പരാതി സ്‌കൂള്‍ സമിതി പരിശോധിക്കുകയും ആവശ്യമെങ്കില്‍ തുടര്‍നടപടികള്‍ക്കായി പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ് അധികാരികള്‍ക്കു കൈമാറുകയും വേണം. മതിയായ രേഖകളില്ലാത്തതും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുമായ ഒരു വാഹനവും ഡ്രൈവര്‍മാര്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമാണെങ്കില്‍ അതു രേഖാമൂലം പ്രധാനാധ്യാപകരെ അറിയിക്കുകയും അതിന്റെ ഒരു പകര്‍പ്പ് ഡ്രൈവര്‍മാര്‍ സൂക്ഷിക്കുകയും വേണം. സമയ ബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെങ്കില്‍ അത്തരം വാഹനങ്ങള്‍ ഓടിക്കരുത്. വിവരം അധികൃതരെ അറിയിക്കണം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ വാഹനത്തിനു മതിയായ രേഖകളും ഫിറ്റ്‌നസും ഉണ്ടോയെന്ന് സ്ഥാപന മേധാവിയില്‍നിന്നോ നോഡല്‍ ഓഫിസറില്‍നിന്നോ പരിശോധിച്ച് ഉറപ്പുവരുത്താം. പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിനെയോ പൊലിസിനേയോ അറിയിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം അറിയിക്കാം. ഫോണ്‍: ആര്‍.ടി.ഒ മലപ്പുറം 04832734924, സബ് ആര്‍.ടി.ഒ ഓഫിസ് പെരിന്തല്‍ണ്ണ 04933 220856, പൊന്നാനി 0494 2667511, തിരൂര്‍ 0494 2423700, തിരൂരങ്ങാടി 0494 2463000, നിലമ്പൂര്‍ 04931 226008.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."