വിലക്കയറ്റം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കുമുള്ള രൂക്ഷമായ വിലക്കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എം.വിന്‍സന്റാണ് അടിയന്തര പ്രമേയത്തിന് അനുമതിതേടി സംസാരിച്ചത്.
ഭക്ഷ്യമന്ത്രി മാവേലി സ്റ്റോറിനെ ചവിട്ടിത്താഴ്ത്തുന്ന അഭിനവ വാമനന്‍ ആണെന്ന് അടിയന്തര പ്രമേയ നോട്ടിസില്‍ വിന്‍സന്റ് പറഞ്ഞു. എല്ലാ സാധനങ്ങള്‍ക്കും വില കൂടുമ്പോള്‍ നിയന്ത്രിച്ചുനിര്‍ത്തിയെന്നാണ് മന്ത്രി പറയുന്നത്. കൈയും വായും കൂട്ടിമുട്ടണമെങ്കില്‍ വായ്പയെടുക്കണമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൂല സാഹചര്യത്തിലും ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ഭക്ഷ്യ, കൃഷി വകുപ്പ് മന്ത്രിമാര്‍ മറുപടിയായി പറഞ്ഞു. രാജ്യത്തെമ്പാടും അരിയുടെയും പയറുവര്‍ഗങ്ങളുടെയും വില കുതിച്ചുയര്‍ന്നപ്പോള്‍ കേരളത്തില്‍ വില കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പ് വഴി കുറഞ്ഞ വിലക്ക് പച്ചക്കറി വില്‍പന നടത്തുന്നുണ്ടെന്ന് മന്ത്രി വി.എസ് സുനില്‍കുമാറും സഭയില്‍ വ്യക്തമാക്കി. സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വ്യാപാരശാലകള്‍ക്കുപുറമെ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിലൂടെയും സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിവരുന്നുണ്ടെന്ന് തിലോത്തമന്‍ കൂട്ടിച്ചേര്‍ത്തു. പച്ചക്കറിക്ക് ചെറിയൊരു ശതമാനം വില വര്‍ധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. രാജ്യത്താകമാനം കാലാവസ്ഥയിലുണ്ടായ വ്യതിയാനം പച്ചക്കറി മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തില്‍ രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി വലിയൊരു അളവില്‍ കുറഞ്ഞ് ജൈവ കൃഷി വ്യാപകമായി. അതിലൂടെ ജനങ്ങള്‍ക്ക് ജൈവ പച്ചക്കറികള്‍ നല്‍കാന്‍ കഴിയുന്നുണ്ട്. ജൈവകൃഷിക്ക് ഉല്‍പാദന ചെലവ് വര്‍ധിക്കുന്നത് ഇപ്പോഴത്തെ നേരിയ വില വര്‍ധനവിന് ഇടയാക്കി. ഇത് ഗണ്യമായി കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നത് സംബന്ധിച്ച് നിയമവകുപ്പുമായി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിലക്കയറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച വസ്തുതകള്‍ പരിശോധിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പച്ചത്തേങ്ങയുടെ താങ്ങുവില വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം പത്ത് ശതമാനം വിലകൂടി. വില വര്‍ധിക്കുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയാറാകണം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇടിഞ്ഞത് ഇടതുമുന്നണിയുടെ വില മാത്രമാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചതായും ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ ഒറ്റക്കെട്ടായി
കേരള കോണ്‍ഗ്രസ്
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ ഭിന്നത രണ്ട് ചെയര്‍മാന്‍മാരെ നിശ്ചയിക്കുന്നതിലേക്ക് എത്തിയെങ്കിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ എം.എല്‍.എമാര്‍ നിയമസഭയില്‍ ഒറ്റക്കെട്ട്.
വിലക്കയറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വാക്കൗട്ട് നടത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അഞ്ച് എം.എല്‍.എമാരും സഭയില്‍നിന്ന് ഒരുമിച്ചിറങ്ങുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സഭാ നേതാവായ പി.ജെ ജോസഫ് പതിവുപോലെ വാക്കൗട്ട് പ്രസംഗം നടത്തി. അതിനിടെ, പ്രസംഗം തടസപ്പെടുത്തിക്കൊണ്ട് ഭരണപക്ഷ അംഗങ്ങള്‍ ചോദ്യങ്ങളുന്നയിച്ചു. ക്രമപ്രശ്‌നവുമായി എഴുന്നേറ്റ പ്രദീപ് കുമാറിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സമയം അനുവദിച്ചു. ഏത് കേരള കോണ്‍ഗ്രസിന്റെ നേതാവായാണ് പി.ജെ ജോസഫ് സംസാരിക്കുന്നതെന്നാണ് പ്രദീപ് കുമാര്‍ ചോദിച്ചത്. കേരള കോണ്‍ഗ്രസ് (എം) ഒന്നേയുള്ളൂവെന്നും അതിന്റെ നേതാവായാണ് താന്‍ സംസാരിക്കുന്നതെന്നും പി.ജെ ജോസഫ് മറുപടി നല്‍കി.
തുടര്‍ന്ന് സഭയില്‍നിന്ന് തന്റെ പാര്‍ട്ടി ഇറങ്ങിപ്പോകുകയാണെന്ന് പ്രഖ്യാപിച്ചശേഷം സ്വന്തം സീറ്റില്‍തന്നെ ഇരുന്നു. ഇറങ്ങിപ്പോകുന്നില്ലേയെന്ന് ഓര്‍മിപ്പിച്ച് സ്പീക്കര്‍ പി.ജെ ജോസഫിനെ വിളിക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ മറ്റു നാല് എം.എല്‍.എമാരും സീറ്റില്‍ നിന്ന് എഴുന്നേറ്റിരുന്നു. തുടര്‍ന്ന് സി.എഫ് തോമസ്, എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍, മോന്‍സ് ജോസഫ് എന്നിവര്‍ക്കൊപ്പം പി.ജെ ജോസഫും പുറത്തേക്ക് പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."