സാലറി ചലഞ്ചിന് നോ പറഞ്ഞ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി
തിരുവനന്തപുരം: സാലറി ചലഞ്ചിനെ എതിര്‍ത്ത പി.എസ്.സി ജീവനക്കാരനെ ഇടതുപക്ഷ സംഘടനാ അനുകൂലികള്‍ മര്‍ദിച്ചെന്നു പരാതി. സാലറി ചലഞ്ചിനോട് നോ പറയുകയും അക്കാര്യം എഴുതി നല്‍കുകയും ചെയ്ത പി.എസ്.സി ഓഫിസിലെ റെക്കോഡ്സ് വിഭാഗം ജീവനക്കാരന് സജീവ് തങ്കപ്പനാണ് മര്‍ദനമേറ്റത്.
സംഘംചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. മര്‍ദനമേറ്റ സജീവനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗവും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്കി. പി.എസ്.സി ഓഫിസിലെ ബി.എം.എസ് നേതൃത്വത്തിലുള്ള പി.എസ്.സി എംപ്ലോയീസ് സംഘിന്റെ ജനറല്‍ സെക്രട്ടറിയാണ് സജീവ്. എന്നാല്‍ മര്‍ദിച്ചെന്ന ആരോപണം ഇടത് സംഘടനാ പ്രവര്‍ത്തകര്‍ നിഷേധിച്ചു. സംഘര്‍ഷം സൃഷ്ടിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ശ്രമം തടയണമെന്ന് ഇടത് അനുകൂല സംഘടനയായ പി.എസ്.സി എംപ്ലോയിസ് യൂണിയന് ആവശ്യപ്പെട്ടു.
കോടതിക്കും പൊതുജനാഭിപ്രായത്തിനും പുല്ലുവില കല്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് സി.പി.എം യൂണിയനുകള്‍ പിണറായി സര്‍ക്കാരിനുവേണ്ടി നടത്തുന്ന ഗുണ്ടാപ്പിരിവിനെ എന്തുവിലകൊടുത്തും ചെറുക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബി.എം.എസ് നേതാവിനെ ആക്രമിച്ചതിനെ അദ്ദേഹം അപലപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."