മോഷണം എപ്പോഴും മോശമല്ല
ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചെടുത്തതാണ് ആകെ ഗുലുമാലായത്. വിഷയം ഇത്രയ്ക്കു ഗുരുതരമാകുമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചിരുന്നില്ല. പൊലിസുകാര്‍ ബലംപ്രയോഗിച്ച് അദ്ദേഹത്തെ കോടതിയിലേക്കു കൊണ്ടുപോയി. കേസും കൂട്ടും ജീവിതത്തില്‍ തീരെ പരിചയമില്ലാത്തതാണ്. എല്ലാം ഇതാദ്യം. കോടതിമുറിയില്‍ ആ പാവം വൃദ്ധന്‍ ഭയന്നുവിറച്ചു. പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട് ന്യായാധിപന്‍ ഗൗരവം വിടാതെ ചോദിച്ചു:
''എന്തിനാണ് താങ്കള്‍ റൊട്ടി മോഷ്ടിച്ചത്...?''
വിറയാര്‍ന്ന ശബ്ദത്തില്‍ വൃദ്ധന്‍ പറഞ്ഞു: ''ക്ഷമ ചോദിക്കട്ടെ, വിശന്നുമരിക്കാറായപ്പോള്‍ മോഷ്ടിക്കേണ്ടി വന്നതാണ്. അന്നമന്വേഷിച്ചു പലരുടെ മുന്നിലും കൈനീട്ടിയിരുന്നു. നിരാശ മാത്രമായിരുന്നു ഫലം.. ആരും എനിക്ക് കാല്‍കാശുപോലും തന്നില്ല. അപ്പോഴാണ് മോഷണത്തിന് നിര്‍ബന്ധിതനായത്.''
''അപ്പോള്‍ മോഷണം താങ്കള്‍ സമ്മതിക്കുന്നുണ്ടെന്നു മനസിലായി.''
''അതെ, ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. ഞാനതു നിഷേധിച്ചിട്ടില്ലല്ലോ.''
''എങ്കില്‍, ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കാതിരിക്കാനാവില്ല. പത്തു ഡോളര്‍ താങ്കള്‍ പിഴയടക്കണം..! അതാണു താങ്കള്‍ക്കുള്ള ശിക്ഷ..''
ഇതു പറഞ്ഞ് ന്യായാധിപന്‍ എന്തു ചെയ്തുവെന്നോ..
തന്റെ കീശയില്‍നിന്ന് പത്തുഡോളറിന്റെ ഒരു നോട്ട് കൈയ്യിലെടുത്ത് അദ്ദേഹം തന്നെ പിഴയടച്ചു..!
കോടതിമുറിയില്‍ തികഞ്ഞ നിശ്ശബ്ദത. എല്ലാവരും മുഖത്തോടു മുഖം നോക്കിനിന്നു. സംഭവിച്ചതെന്താണെന്ന് ആര്‍ക്കും മനസിലായില്ല. തളം കെട്ടിനിന്ന ആ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ന്യായാധിപന്റെ മറ്റൊരു പ്രഖ്യാപനം കൂടി എത്തി:
''പത്തുഡോളര്‍ എവിടെയുമെത്തില്ല. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ഒരു റൊട്ടിക്കഷ്ണം മോഷ്ടിക്കേണ്ടി വന്ന ഒരു വൃദ്ധന്‍ താമസിക്കുന്ന നഗരത്തിലാണ് നിങ്ങളെല്ലാം സസുഖം വാഴുന്നത്. അതിനാല്‍ ആ നഗരത്തില്‍ ജീവിക്കുന്ന നിങ്ങള്‍ മുഴുവന്‍ പത്തുഡോളര്‍ പിഴയടക്കണം..''
പിന്നെ ആരെയും കാത്തുനിന്നില്ല. എല്ലാ പെരുമാറ്റപ്പെട്ടച്ചട്ടങ്ങളും ലംഘിച്ച് ന്യായാധിപന്‍ തന്റെ മേല്‍വസ്ത്രമൂരി ഓരോരുത്തരുടെയും അടുക്കലേക്കു നീങ്ങി. അവിടെ കൂടിയ മുഴുവനാളുകളില്‍നിന്നും പത്തുഡോളര്‍ ഈടാക്കി. അവസാനം കൂട്ടിനോക്കിയപ്പോള്‍ മൊത്തം 500 ഡോളര്‍. അതുമുഴുവന്‍ വൃദ്ധന്റെ കൈയ്യിലേല്‍പ്പിച്ചുകൊണ്ടു പറഞ്ഞു:
''താങ്കള്‍ക്ക് ഈ അവസ്ഥ വന്നതില്‍ കോടതി നിര്‍വ്യാജം ഖേദിക്കുന്നു.''
നിയമത്തിന് കാരുണ്യം കൈവരുമ്പോള്‍ കാണാനെന്തൊരു ചന്തം..! അല്ലേ.
ശിക്ഷ വിധിക്കാന്‍ കുറ്റമെന്താണെന്നും കുറ്റവാളിയാരാണെന്നും മാത്രം അറിഞ്ഞാല്‍പോരാ, കുറ്റമുണ്ടായ സാഹചര്യം എന്താണെന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. അപ്പോഴാണ് പ്രതി യഥാര്‍ഥത്തില്‍ അപരാധിയാണോ നിരപരാധിയാണോ എന്നു ബോധ്യപ്പെടുക.
ക്ലാസില്‍ നിത്യവും വൈകിയെത്തുന്ന വിദ്യാര്‍ഥിയെ കണ്ണുംമൂക്കുമില്ലാതെ ശിക്ഷിക്കാന്‍ പല അധ്യാപകരും മിടുക്കരാണ്. വൈകാനുള്ള കാരണം ചോദിച്ചറിയാന്‍ ഒരു ദിവസമെങ്കിലും സന്മനസ് കാണിച്ചാല്‍ കരളലിയിപ്പിക്കുന്ന പല കഥകളും കേള്‍ക്കാം. പഠനത്തില്‍ പിന്നോക്കം പോയതിന്റെ പേരില്‍ കുട്ടിയെ അടിച്ചു വേദനിപ്പിക്കാന്‍ പല പിതാക്കന്മാരും മുന്നിലുണ്ടാകും. പിന്നോക്കാവസ്ഥയ്ക്കു കാരണമെന്താണെന്ന് അന്വേഷിച്ചാലായിരിക്കും കള്ളി വെളിച്ചത്താവുക. പ്രതി കുട്ടിയല്ല, താനാണെന്ന് സമ്മതിക്കേണ്ടി വരും. വീട്ടില്‍നിന്ന് കണ്ടവന്റെ കൂടെ ഒളിച്ചോടുന്ന പെണ്‍കുട്ടി പൊതുജനദൃഷ്ടിയില്‍ അസത്താണ്. സത്യത്തില്‍, ഒളിച്ചോട്ടത്തിലേക്ക് അവളെ പ്രേരിപ്പിച്ച സാഹചര്യം പഠിച്ചാല്‍ അവളെ കുറ്റപ്പെടുത്തുന്നവര്‍ തന്നെയായിരിക്കും അവ്വിഷയത്തിലെ യഥാര്‍ഥ കുറ്റവാളികള്‍.
തീവ്രവാദത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കാന്‍ ഭരണകൂടങ്ങള്‍ ആയിരംതവണ തയാറാണ്. പക്ഷേ, തീവ്രവാദം മുളച്ചുപൊന്താനുള്ള കാരണങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഒരു ശതമാനം പോലും അവര്‍ക്ക് ആണത്തമില്ല. അതന്വേഷിച്ചാല്‍ ആദ്യം പ്രതിക്കൂട്ടില്‍ കയറേണ്ടി വരിക പലപ്പോഴും ഭരണകൂടങ്ങള്‍ തന്നെയായിരിക്കും.
നിഴലിന്റെ വളവിന് നിഴലല്ല, നാട്ടയാണു പ്രതി. നാട്ട നേരെയാകാത്ത കാലത്തോളം നിഴലും നേരെയാകില്ല. നാട്ട നേരെയായിട്ടും നേര്‍ക്കുനില്‍ക്കാതിരിക്കുമ്പോഴാണ് നിഴല്‍ പ്രതിസ്ഥാനത്തുവരുന്നത്. വളഞ്ഞ മാര്‍ഗം സ്വീകരിക്കേണ്ടതായ ഒരു സാഹചര്യവും നിലനില്‍ക്കാതിരിക്കെതന്നെ വളവിലേക്കു തിരിയുമ്പോഴാണ് ഒരാള്‍ ശിക്ഷാര്‍ഹനാകുന്നത്. മദ്യമല്ലാതെ മറ്റൊന്നും കുടിക്കാനില്ലാത്ത സാഹചര്യത്തില്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ അളവില്‍ മദ്യം സേവിക്കുന്നവന്‍ കുറ്റവാളിയല്ല. വെള്ളമുണ്ടായിരിക്കെ മദ്യത്തിലേക്ക് കണ്ണുവയ്ക്കുന്നവനാണു കുറ്റവാളി.
സാഹചര്യം പഠിക്കാതെ ഒരു കുറ്റവാളിയെയും ക്രൂശിക്കരുത്. കുറ്റത്തെയും കുറ്റവാളിയെയും കാണുന്ന ഉശിര് കുറ്റസാഹചര്യം കാണാനും വേണം. ഒരുപക്ഷേ, നിരപരാധിയെയായിരിക്കും അപരാധിയായി നാം മുദ്രകുത്തുന്നത്. അപരാധിയെ നിരപരാധിയായി കാണുകയും ചെയ്‌തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."