പ്രവേശനോത്സവം: സമൂഹ പങ്കാളിത്തം ഉറപ്പാക്കി പുതുമകളോടെ നടത്താന്‍ നിര്‍ദേശം
പെരുമ്പാവൂര്‍: പുതിയ അധ്യയന വര്‍ഷത്ത സ്‌കൂള്‍ പ്രവേശനോത്സവം പുതുമകളോടെ സമൂഹ പങ്കാളിത്തം ഉറപ്പാക്കി നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍. നവകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തന ധാരയുടെ ഭാഗമാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സന്ദേശം പ്രതിഫലിക്കുന്നതും പ്രചരിപ്പിക്കുന്നതുമാകണം പ്രവേശനോത്സവത്തിന്റെ സംഘാടനം എന്ന നിര്‍ദേശമാണ് എസ്.എസ്.എ നല്‍കുന്നത്. പുതിയതായി കടന്നു വരുന്ന വിദ്യാര്‍ഥികളെ മനസിലാക്കിയും അവരുടെ താല്‍പര്യം പരിഗണിച്ചും ആവണം പ്രവേശനോത്സവങ്ങള്‍ എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. കുട്ടികളെ മുന്നിലിരുത്തി പ്രസംഗഘോഷയാത്ര നടത്തരുത്. അതേ സമയം വിദ്യാലയത്തിലേക്ക് കടന്നു വരുന്ന വിദ്യാര്‍ഥികളുമായി സംവദിക്കുന്ന വേദിയായി പ്രവേശനോത്സവങ്ങള്‍ മാറണം.
സംസ്ഥാനം, ജില്ല, ബി.ആര്‍.സി, പഞ്ചായത്ത്, സ്‌കൂള്‍ എന്നി അഞ്ച് തലങ്ങളില്‍ വിപുലമായി പ്രവേശനോത്സവങ്ങള്‍ നടത്തണം. എല്‍.പി വിഭാഗം ഉള്ള സ്‌കൂളിലാകണം വിവിധ തലങ്ങളിലെപ്രവേശനോത്സവം സംഘടിപ്പിക്കേണ്ടത്. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും മഹദ് വ്യക്തികളും നേതൃത്വം നല്‍കി ആരംഭിച്ച സ്‌കൂളുകള്‍ ജില്ലാതല പ്രവേശനോത്സവത്തിന് പരിഗണിക്കപ്പെടണം. ജില്ലാതല പ്രവേശനോത്സവത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളില്‍ ശാസ്ത്ര വിസ്മയ ചുമര്‍, ഗണിതാന്തരീക്ഷം ഒരുക്കല്‍, ഇംഗ്ലീഷ് മാജിക് വാള്‍, ക്ലാസ് വായന മൂല, ഒന്നാം ക്ലാസില്‍ പഠനാന്തരീക്ഷം ഒരുക്കല്‍ എന്നിവ കൃത്യമായി ക്രമീകരിക്കണം. ബി.ആര്‍.സി തല പ്രവേശനോത്സവത്തില്‍ ഇവയിലൊന്ന് ക്രമീകരിച്ചാല്‍ മതിയാകും. പഞ്ചായത്ത്തലത്തില്‍ പ്രവേശനോത്സവത്തിന് ഒരുക്കുന്ന വിദ്യാലയത്തില്‍ ഒന്നാം ക്ലാസിന്റ പഠനാന്തരീക്ഷം ആകര്‍ഷകവും പഠനോപകരണ സമൃദ്ധവുമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണം. പരിസ്ഥിതി സൗഹൃദമായി വേണം അലങ്കാരങ്ങള്‍ നടത്തേണ്ടത്. പ്രവേശനോത്സവ ദിനത്തില്‍ എസ്.എസ്.എ തയാറാക്കിയ ശാലാ സിദ്ധി രേഖ ഓരോ വിദ്യാലയത്തിനും കൈമാറണം. വിദ്യാലയം പുതിയ വര്‍ഷത്തില്‍ നടപ്പാക്കാന്‍ പോകുന്ന അക്കാദമിക പദ്ധതികളുടെ അവതരണം നടത്തണം. പഠന നേട്ടങ്ങളുടെ കലണ്ടര്‍ പരിചയപ്പെടുത്തലും, ക്ലാസ് പി.ടി.എ യും ചേരണമെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ എസ്.എസ്.എ മുഖാന്തിരം നല്‍കിയിട്ടുണ്ട്. പ്രവേശനോത്സവ ദിവസം ക്ലാസ് പി.ടി.എ ചേരാന്‍ കഴിഞ്ഞില്ലങ്കില്‍ അടുത്ത ദിവസം നടത്തണം. രണ്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികളുടെ കഴിവുകളുടെ പ്രദര്‍ശനത്തിന് വേദി ഒരുക്കണം. ജില്ലാതല പ്രവേശനോത്സവത്തില്‍ ജില്ലാതല മികവുകളുടെ പ്രദര്‍ശനം സൗകര്യപ്പെടുമെങ്കില്‍ സംഘടിപ്പിക്കാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, അധ്യാപക സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഓരോ തലത്തിലും ഉറപ്പുവരുത്തണം. പ്രവേശനോത്സവത്തിന് മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ വിദ്യാഭ്യാസ സമിതികള്‍ ചേരണം. സ്‌കൂള്‍ തലത്തില്‍ എസ്.എം.സിയും വിദ്യാലയ വികസന സമിതിയും ചേര്‍ന്ന് പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, ജൂണ്‍ മാസത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആസൂത്രണം ചെയ്യണം. പ്രവേശനോത്സവത്തിന്റെ പോസ്റ്റര്‍, ബാനര്‍ എന്നിവ എസ്.എസ്.എ തയാറാക്കി നല്‍കും. ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ സ്‌കൂള്‍ തലത്തില്‍ ആയിരം രൂപ, പഞ്ചായത്ത് 2000 രൂപ, ബി.ആര്‍.സി അയ്യായിരം, ജില്ലാതലം 25,000 രൂപ എന്നിങ്ങനെയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."