പൊതുമരാമത്ത് ഭൂമിയില്‍ അനധികൃത നിര്‍മാണം; മൗനം പാലിച്ച് അധികൃതര്‍
ഈരാറ്റുപേട്ട: പൊതുമരാമത്ത് വകുപ്പ് ഭൂമി സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണം, കണ്ടിട്ടും കാണാത്ത മട്ടില്‍ ഉദ്യോഗസ്ഥര്‍.
റോഡ് നിര്‍മ്മാണത്തിനായി പുറമ്പോക്ക് ഭൂമിയിലെ കുടികിടപ്പുകാരെ ഒഴിപ്പിക്കുമ്പോഴാണ് മറുവശത്ത് സ്വകാര്യവ്യക്തി ഭൂമി കൈയേറി കെട്ടിടം നിര്‍മിക്കുന്നത്. ഇളപ്പുങ്കല്‍ പള്ളിയോട് ചേര്‍ന്നുകിടക്കുന്ന സര്‍ക്കാര്‍ ഭൂമിയിലാണ് അനധികൃത നിര്‍മാണം. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം പൊളിച്ചു നീക്കിയ കെട്ടിടം ഇരുന്ന ഭാഗത്താണ് ഇപ്പോള്‍ പുതിയ നിര്‍മ്മാണം പുരോഗമിക്കുന്നത്. സ്ഥലത്തെ കോണ്‍ഗ്രസ് നേതാവ് വില്ലേജ് താലൂക്ക് മേധാവികളെ അനധികൃത കൈയേറ്റത്തെക്കുറിച്ച് അറിയിച്ചുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്തുകളിക്കെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. തലപ്പുലം പഞ്ചായത്തില്‍പെട്ട പാതയോരത്തെ അനധികൃത കൈയേറ്റം പഞ്ചാായത്ത് പ്രസിഡന്റിന്റെ മൂക്കിന് താഴെയാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
അനധികൃത നിര്‍മ്മാണത്തിന് നേതൃത്വം വഹിക്കുന്നത് സ്ഥലത്തെ പ്രധാന വ്യവസായിയാണ.് അതിനാല്‍ പഞ്ചായത്തധികൃതരും കണ്ണടച്ചിരിക്കുകയാണ്. നാട്ടകാരെ പാട്ടിലാക്കാന്‍ ബസ് കാത്തിരുപ്പ് കേന്ദ്രമെന്ന പേരിലാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വെയിറ്റിംഗ് ഷെഡ് എന്ന പേരില്‍ തുടങ്ങിയ നിര്‍മ്മാണം ഇപ്പോള്‍ ഷട്ടര്‍ മുറിയായി മാറ്റുവാനുള്ള ശ്രമത്തിലാണ് സ്വകാര്യ വ്യക്തി. തലചായ്ക്കാന്‍ ഇടമില്ലാതെ റോഡ് പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിച്ചവരെ റോഡ് വികസനത്തിന്റെ പേരില്‍ പുറത്താക്കി കൊണ്ടിരിക്കുമ്പോള്‍ സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത കൈയേറ്റത്തെ കണ്ടില്ലെന്നു നടിക്കുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
അനധികൃത കൈയേറ്റത്തെക്കുറിച്ച് വില്ലേജ് അധികൃതരെയും താലൂക്ക് അധികൃതരെയും താന്‍ വിവരം ധരിപ്പിച്ചെങ്കിലും ഇവര്‍ വിഷയം കണ്ടില്ലെന്നു നടിക്കുയാണെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലത്തീഫ് വെള്ളൂപ്പറമ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."