ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
റാമല്ല: ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇബ്രാഹിം അല്‍ നജ്ജാര്‍, മുഹമ്മദ് ഖാദര്‍ എന്നിവരാണു കൊല്ലപ്പെട്ടതെന്നു ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും തുടര്‍ന്നു ഖാന്‍ യൂനുസിലെ നാസര്‍ ആശുപത്രിയിലേക്കു ഇവരെ മാറ്റിയെന്നും റെഡ്ക്രസന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ വെടിവയ്പില്‍ 26 പേര്‍ക്കു പരുക്കേറ്റുവെന്നും മന്ത്രാലയം അറിയിച്ചു.
ഗസ്സയിലെ തെക്കന്‍ അതിര്‍ത്തിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ 'തീവ്രവാദികള്‍'ക്കെതിരേയാണ് വ്യമാക്രമണം നടത്തിയതെന്നു സൈന്യം അറിയിച്ചു.
ഗസ്സയിലെ മെഡിറ്ററേനിയന്‍ തീരത്തു നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തിയും ചിലര്‍ പ്രതിഷേധിച്ചു. ഗസ്സയില്‍ മത്സ്യബന്ധനം നടത്തുന്നതിനു ഇസ്‌റാഈല്‍ വിലക്കുണ്ട്.
ഇസ്‌റാഈല്‍ അധിനിവേഷത്തിനെതിരേ മാര്‍ച്ച് മുതല്‍ ഗസ്സയില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 170 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 18,000 പേര്‍ക്ക് പരുക്കേറ്റു.
അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ സൈന്യം അറസ്റ്റു ചെയ്ത ഫലസതീനിയായ മുഹമ്മദ് അല്‍ റിമാവി (24) കസ്റ്റഡയില്‍ മരിച്ചുവെന്നു കുടുംബം അറിയിച്ചു. ഇന്നലെ രാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണു സൈന്യം റിമാവിയെ അറസ്റ്റു ചെയ്തതെന്നും മര്‍ദനമേറ്റാണു അദ്ദേഹം മരിച്ചതെന്നും കുടുംബം ആരോപിച്ചു.
റിമാവിയുടെ മുറിയിലേക്കു സൈന്യം പ്രവശിച്ചപ്പോള്‍ അവന്‍ ഉറങ്ങുകയായിരുന്നുവെന്നും അവര്‍ ക്രൂരമായ ആക്രമണം നടത്തിയെന്നും റിമാവിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉറക്കെ നിലവിളിച്ച റിമാവി പിന്നീട് നിശബ്ദനായി. തുടര്‍ന്നു അവനെ സൈന്യം കൊണ്ടുപോയി. കുറച്ചു സമയത്തിനു ശേഷം റിമാവി മരിച്ചെന്ന സന്ദേശമാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. റിമാവിയുടെ കസ്റ്റഡി മരണം സൈന്യം സ്ഥിരീകരിച്ചു.
അക്രമിയെന്നു സംശയിക്കുന്നയാളെ ബെറ്റ് റിമയില്‍ നിന്നു അറസ്റ്റു ചെയ്‌തെന്നും അബോധാവസ്ഥയിലായ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചെന്നും സൈനിക വക്താവ് പറഞ്ഞു.
കസ്റ്റഡി മരണത്തില്‍ ഇസ്‌റാഈല്‍ സൈന്യം ഉത്തരവാദിയാണെന്നും യു.എന്‍ അന്വേഷണം നടത്തണമെന്നും ഫലസ്തീന്‍ തടവുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ അദ്ദമീര്‍ ആവശ്യപ്പെട്ടു. സൈന്യം അതിക്രമം കാണിച്ചതിനാലാണ് റിമാവി കൊല്ലപ്പെട്ടതെന്നു അദ്ദമീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."