വൈദ്യുതി ചാര്‍ജ്: കെ.എസ്.ഇ.ബിയുടെ കിട്ടാക്കടം: 2,121.68 കോടി
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധനവിലൂടെ സാധാരണ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കിയ കെ.എസ്.ഇ.ബിക്ക് കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് 2,121.68 കോടി. ജല അതോറിറ്റിയും സ്വകാര്യ സ്ഥാപനങ്ങളുമാണ് ഏറ്റവും കൂടുതല്‍ കിട്ടാക്കടങ്ങള്‍ക്ക് ഉത്തരവാദികള്‍. ജല അതോറിറ്റി 1,008.05 കോടി നല്‍കാനുള്ളപ്പോള്‍ സ്വകാര്യ വ്യവസായ-കച്ചവട സ്ഥാപനങ്ങളില്‍നിന്നുള്ള കുടിശ്ശിക 587.11 കോടിയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ളത് 136.34 കോടിയും. പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുത്തിയ കുടിശ്ശിക 255.22 കോടി വരും.
തദ്ദേശ സ്ഥാപനങ്ങള്‍ 5.35 കോടി കുടിശ്ശിക വരുത്തിയപ്പോള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 42.24 കോടിയും വൈദ്യുതി ചാര്‍ജിനത്തില്‍ നല്‍കാനുണ്ട്. ഇന്റര്‍ സ്‌റ്റേറ്റ് എനര്‍ജി 4.04 കോടിയും ലൈസന്‍സികള്‍ 14.25 കോടിയും കുടിശ്ശിക വരുത്തി. ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്നു പിരിഞ്ഞുകിട്ടാനുള്ളത് 68.81 കോടിയാണ്. ഇവയില്‍ ലോ ടെന്‍ഷന്‍ വിഭാഗത്തില്‍പ്പെട്ട സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും മാര്‍ച്ച് 31വരെ കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള കുടിശ്ശിക 110.98 കോടി വരും. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും വന്‍കിട വ്യവസായ സ്ഥാപനങ്ങളും കെട്ടിടസമുച്ചയങ്ങളും ഫഌറ്റുകളും ഉള്‍പ്പെട്ട ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ നല്‍കാനുള്ളതാവട്ടെ 476.13 കോടിയാണ്. കുടിശ്ശിക പിരിച്ചെടുക്കലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ വിവിധ കോടതികളില്‍ 371.98 കോടി രൂപയുടെ കേസുകള്‍ നിലവിലുണ്ട്. തിരുവനന്തപുരം, എറണാകുളം, പെരുമ്പാവൂര്‍ സര്‍ക്കിളുകളിലാണ് വന്‍കിട സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ ഏറ്റവും കൂടുതല്‍ കുടിശ്ശിക കിട്ടാക്കടമായി നില്‍ക്കുന്നത്. എറണാകുളം സര്‍ക്കിളില്‍ 138.90 കോടി കിട്ടാക്കടമായി നില്‍ക്കുമ്പോള്‍ പെരുമ്പാവൂര്‍ സര്‍ക്കിളില്‍ 124.78 കോടിയാണ് കുടിശ്ശിക. തിരുവനന്തപുരം അര്‍ബന്‍ സര്‍ക്കിളില്‍ 108.54 കോടിയും റൂറലില്‍ 74.55, ജില്ലയില്‍ 183.09 കോടിയുമാണ് പിരിച്ചെടുക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."