ട്രംപ് മാറുമ്പോള്‍ അമേരിക്ക മാറുമോ?
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ യു.എസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസും വൈറ്റ്ഹൗസിലെത്തുമ്പോള്‍ അമേരിക്കന്‍ നയങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നാണ് ലോകവും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഉറ്റുനോക്കുന്നത്. ഡൊണാള്‍ഡ് ട്രംപെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ പ്രസിഡന്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച് ജയിച്ച ബൈഡനും തമ്മിലുള്ള നയനിലപാടുകളുടെ വ്യത്യാസം പ്രധാനമാണ്. ഏതു പാര്‍ട്ടി എന്നതല്ല, പ്രസിഡന്റായാല്‍ രാജ്യത്തിന്റെ പ്രസിഡന്റ് എന്നു തന്നെയാണ് യു.എസിലെയും രീതി. പക്ഷേ, പ്രസിഡന്റിന്റെ വ്യക്തിപരമായ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും എല്ലാം യു.എസിന്റെ വിവിധ മേഖലകളിലെ നയങ്ങളെ ബാധിക്കും.
ലോകത്തെ മറ്റു രാജ്യങ്ങളെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നതാണ് യു.എസ് നയങ്ങള്‍. അമേരിക്കക്ക് പുറത്ത് ഇടപെടലുകള്‍ നടത്താനും സാമ്പത്തിക സഹായവും മറ്റും ചെയ്യാനും കഴിയുന്നത് ഈ നയങ്ങളുടെ ഭാഗമായാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നയങ്ങളെയും യു.എസ് നയങ്ങള്‍ സ്വാധീനിക്കാറുണ്ട്. വലതുപക്ഷ വാദികളായാണ് റിപ്പബ്ലിക്കരെ കണക്കാക്കുന്നത്. അധിനിവേശവും യുദ്ധങ്ങളും എല്ലാം റിപ്പബ്ലിക്കര്‍ ഭരിക്കുമ്പോള്‍ സര്‍വസാധാരണമാണ്. ഡൊണാള്‍ഡ് ട്രംപിന് മാത്രമാണ് അധിനിവേശം നടപ്പാക്കാന്‍ വലിയതോതില്‍ കഴിയാതെ പോയത്. അമേരിക്കക്ക് പുറത്ത് പണം ദുര്‍വ്യയം ചെയ്ത് അധിനിവേശം നടത്തുന്നതില്‍ ട്രംപിന് വ്യക്തിപരമായ താല്‍പര്യവും കുറവായിരുന്നു. അമേരിക്കയിലെ വന്‍ വ്യവസായികളെ സഹായിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ട്രംപ് ഒരു വ്യവസായി ആയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അത്തരത്തിലുള്ളതായിരുന്നു. അതുകൊണ്ടു തന്നെ കുറേപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്ന ഗുണവുമുണ്ടായി.
ഇന്ത്യയുമായി എപ്പോഴും നല്ല ബന്ധം പുലര്‍ത്താന്‍ എല്ലാ യു.എസ് പ്രസിഡന്റുമാരും തയാറാകാറുണ്ട്. കാരണം ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഏഷ്യയിലെ വന്‍ ശക്തിയായ ഇന്ത്യയെ യു.എസിന് ആവശ്യമാണ്. പ്രത്യേകിച്ച് ചൈന ഇടഞ്ഞു നില്‍ക്കുമ്പോള്‍. ഇത് ഒബാമയുടെ കാലത്തും ട്രംപിന്റെ കാലത്തും തുടര്‍ന്നു എന്നതില്‍ കവിഞ്ഞ് ട്രംപ് ഇന്ത്യയുടെ സുഹൃത്താണെന്ന പ്രചാരണം വെറും രാഷ്ട്രീയമാണ്.
ഭീകരവാദം, പാകിസ്താന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് അനുകൂല നയങ്ങള്‍ പലപ്പോഴും യു.എസ് കൈക്കൊള്ളാറില്ല. ബൈഡന്‍ 2021 ജനുവരിയില്‍ ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ ബന്ധത്തിന് ശ്രമിച്ചേക്കും. എന്നാല്‍ പാകിസ്താനോടുള്ള നയം യു.എസ് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് തലവേദന മാറില്ല. പാകിസ്താന്‍ അമേരിക്കയുടെ ആയുധ വ്യാപാര പങ്കാളിയാണ്. ഇന്ത്യയുമായുള്ള സംഘര്‍ഷം തുടര്‍ന്നാലേ അവര്‍ക്ക് ആയുധക്കച്ചവടം നടക്കൂ എന്ന ബിസിനസ് ബുദ്ധി അമേരിക്കക്കുണ്ട്. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ബൈഡനെ ഭയക്കുന്നത് യു.എസിന്റെ മനുഷ്യാവകാശ, ന്യൂനപക്ഷ നയങ്ങളാണ്. വര്‍ഗീയ രാഷ്ട്രീയം പയറ്റുന്ന കേന്ദ്ര സര്‍ക്കാരിന് ഇതു തിരിച്ചടിയാകുമെന്ന ഭീതി ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 15 ന് ബൈഡന്‍ ഇന്ത്യന്‍ സമൂഹവുമായി സംസാരിക്കവേ തന്റെ ഇന്ത്യന്‍ നയം വ്യക്തമാക്കിയതാണ്. ഇന്ത്യയ്ക്ക് ഇപ്പോഴത്തേക്കാള്‍ അനുകൂലമാണ് അന്ന് ബൈഡന്‍ പറഞ്ഞ കാര്യങ്ങള്‍. അതേസമയം വര്‍ഗീയ അജന്‍ഡകള്‍ക്ക് അനുകൂലവുമാകില്ല. കശ്മിരിലെ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കല്‍, പൗരത്വ നിയമം എന്നിവയില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ സമീപനമാണ് ബൈഡന്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ വേരുകളുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസും ബൈഡന്‍ പ്രഖ്യാപിച്ച നിലപാടുകളെ പിന്തുണയ്ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡകളെ അവര്‍ തള്ളുന്നുമുണ്ട്.
പൗരാവകാശം ബൈഡന്‍ മുന്നോട്ടുവച്ച 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ണവും വംശീയവുമായി ജനങ്ങളെ വിഭജിക്കുന്ന നിലപാടിന് വിരുദ്ധമായ തുല്യതാ നിയമം പാസാക്കാനാണ് നീക്കം. കടുത്ത വര്‍ണവെറിയും വംശീയതയുമാണ് അമേരിക്കയില്‍ നിലനില്‍ക്കുന്നത്. ട്രംപിന്റെ ഭരണകാലത്ത് ഇതിനു ഭരണകൂടത്തിന്റെ പരോക്ഷ പിന്തുണയും സഹായവും ലഭിച്ചു.
വര്‍ണ, വര്‍ഗ, മത വിവേചനം നടത്തിയാല്‍ ശിക്ഷാനടപടിക്ക് സഹായകമാകുന്ന വിവേചനം തടയല്‍ നിയമവും പൗരാവകാശ നയത്തിന്റെ ഭാഗമാകും. കുടിയേറ്റ നിയമം, അന്താരാഷ്ട്ര നയം, പരിസ്ഥിതി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ നയങ്ങളില്ലാം മാറ്റം വരുന്നതോടെ ട്രംപ് സ്വപ്നം കണ്ട അമേരിക്കയില്‍ നിന്ന് ആധുനിക കാഴ്ചപ്പാടുള്ള അമേരിക്ക എന്ന നിലയിലേക്ക് യു.എസ് മാറും.
ജനപ്രതിനിധി സഭയില്‍ ബൈഡന് നിലവില്‍ ഭൂരിപക്ഷമുണ്ടെങ്കിലും സെനറ്റില്‍ റിപ്പബ്ലിക്കര്‍ക്കാണ് ഭൂരിപക്ഷം. സെനറ്റിലെ ഭൂരിപക്ഷക്കുറവ് പ്രസിഡന്റിന്റെ ഭരണത്തെ ബാധിക്കുമോയെന്ന ആശങ്ക മുന്നിലുണ്ടെങ്കിലും ഇതു മറികടക്കാനുള്ള തന്ത്രവും ഇനി ഡെമോക്രാറ്റുകള്‍ പയറ്റേണ്ടിവരും. അമേരിക്കയില്‍ മാറ്റത്തിന്റെ രാഷ്ട്രീയം വരുമ്പോള്‍ അതു ലോകത്ത് പ്രതിഫലിക്കുമെന്നതിനാല്‍ മറ്റു രാഷ്ട്രങ്ങളിലെയും പൊളിറ്റിക്കല്‍ ട്രെന്റ് എങ്ങനെയാകുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."