ട്രംപ് തോറ്റ അമേരിക്കയില്‍ അവശേഷിക്കുന്നത്
ട്രംപിന് കീഴിലെ പ്രക്ഷുബ്ധമായ നാല് വര്‍ഷങ്ങള്‍ - ജോ ബൈഡന്‍ വിജയമുറപ്പിച്ച ശേഷം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ട്രംപിന്റെ ഭരണകാലത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ വിദേശകാര്യം എക്കാലത്തും ലോകരാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്നു. എന്നാല്‍, ട്രംപ് അധികാരമേല്‍ക്കും വരെ അതിന് നിയതമായ ഒരു അടിത്തറയും ഘടനയുമുണ്ടായിരുന്നു. ചില സിദ്ധാന്തങ്ങളുമുണ്ടായിരുന്നു. എന്നാല്‍, മാഡ് മാന്‍സ് തിയറി എന്ന് നയതന്ത്രജ്ഞര്‍ക്ക് വിളിക്കേണ്ടി വന്നു ട്രംപിന്റെ വിദേശനയത്തെ.
'അമേരിക്ക ആദ്യം' - ഇതായിരുന്നു ട്രംപിന്റെ വിദേശ നയത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. ഏകപക്ഷീയതയായിരുന്നു അതിന്റെ സവിശേഷത. ട്രംപ് അധികാരമേറ്റയുടന്‍ നിരവധി അന്താരാഷ്ട്ര കരാറുകളില്‍നിന്ന് അമേരിക്ക പിന്മാറി. സൈനികം, സാമ്പത്തികം, പരിസ്ഥിതി, വാണിജ്യം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും അതിന് പ്രത്യാഘാതങ്ങളുണ്ടായി. പ്രത്യക്ഷത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇത് വലിയ തോതിലുള്ള മുറുമുറുപ്പുകളുണ്ടാക്കിയെങ്കിലും ട്രംപിന്റെ ഈ നയത്തിന് അമേരിക്കയില്‍ തന്നെ ആരാധകരുണ്ടായിരുന്നു. അമേരിക്കക്ക് പുറത്ത് ബ്രിട്ടനില്‍ ഇതിന് അലയൊലികളുണ്ടായി. ബ്രെക്‌സിറ്റ് എന്ന പേരില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തുപോയതും ഒരര്‍ഥത്തില്‍ ട്രംപിന്റെ ഈ ഏകപക്ഷീയതയുടെ മറ്റൊരു രൂപമായിരുന്നു.
നാറ്റോ
ലോകത്തെ ഏറ്റവും ശക്തമായ നാറ്റോ സൈനിക സഖ്യത്തിലാണ് ട്രംപിന്റെ നയം കാതലായ പ്രത്യാഘാതമുണ്ടാക്കിയത്. അംഗരാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കണമെന്നും നാറ്റോയെ പോറ്റാനുള്ള ചെലവ് അമേരിക്കക്ക് ഒറ്റക്ക് താങ്ങാനാവില്ലെന്നുമായിരുന്നു ട്രംപിന്റെ വാദം. നാറ്റോയുടെ പ്രധാന പ്രവര്‍ത്തനം യൂറോപ്പിന്റെ പ്രതിരോധമാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളാണെന്നിരിക്കെ എന്തിനാണ് അമേരിക്ക അവര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നതെന്ന ട്രംപിന്റെ ചോദ്യം വളരെ ലളിതയുക്തിയില്‍ അമേരിക്കയില്‍ തന്നെ ജനപ്രീതിയുണ്ടാക്കുന്നതായിരുന്നു. ജര്‍മനിയെ ഇക്കാര്യത്തില്‍ ട്രംപ് നിരന്തരം കുറ്റപ്പെടുത്തി. ജര്‍മനി പ്രതിരോധ ചെലവ് ഉയര്‍ത്തിയില്ലെങ്കില്‍ അവിടെയുള്ള പന്തീരായിരം യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന് ഇക്കൊല്ലമാദ്യം ട്രംപ് ഭീഷണിയുയര്‍ത്തി. അമേരിക്കയുടെ തന്നെ വിദേശനയങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതെന്നും അതിനാല്‍ തന്നെ നാറ്റോയെ നിലനിര്‍ത്തേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്വമാണെന്നുമായിരുന്നു ഇതിനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ വാദം. അമേരിക്ക നടത്തിവന്ന അധിനിവേശങ്ങള്‍ക്ക് പിന്തുണ നല്‍കുക മാത്രമാണ് നാറ്റോ അംഗരാജ്യങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ വാദിച്ചു. എന്തായാലും ട്രംപിന്റെ കാലത്ത് അമേരിക്കയോ നാറ്റോയോ മുന്‍കാലങ്ങളിലേത് പോലെ മറ്റ് രാജ്യങ്ങളില്‍ അധിനിവേശ സാഹസങ്ങള്‍ നടത്തിയില്ല.
നാറ്റോയെ നിലനിര്‍ത്തുമെന്നായിരുന്നു ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രഖ്യാപനം. അംഗരാജ്യങ്ങളും സഖ്യരാഷ്ട്രങ്ങളുമായി നല്ലബന്ധം നിലനിര്‍ത്തുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ട്രംപ് വീണ്ടും ജയിച്ചാല്‍ നാറ്റോ ഉണ്ടാവില്ലെന്ന മുന്നറിയിപ്പും ബൈഡന്‍ നല്‍കി. അതിനാല്‍ തന്നെ, നാറ്റോ അംഗരാജ്യങ്ങള്‍ക്ക് ബൈഡന്റെ ജയം സന്തോഷം നല്‍കുന്ന ഒന്നാണ്. ഇതിനര്‍ഥം, ജോര്‍ജ് ബുഷിന്റെ കാലത്തേത് പോലെ, പുതിയ അധിനിവേശങ്ങള്‍ അമേരിക്ക തുടരുമെന്നല്ല. കാരണം, അമേരിക്കയുടെ അധിനിവേശങ്ങള്‍ നല്‍കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ തിരിച്ചടികളെ കുറിച്ച് ബറാക് ഒബാമയുടെ കാലത്ത് തന്നെ അമേരിക്കന്‍ രാഷ്ട്രീയസമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അഫ്ഗാനില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള യു.എസ് സേനാ പിന്മാറ്റവും സിറിയയിലെ വൈമനസ്യത്തോടെയുള്ള ഇടപെടലുകളും ഇതിനുദാഹരണമാണ്. ഈ നയം, അല്‍പം ഉറക്കെ വിളിച്ചു പറഞ്ഞ് തുടരുക മാത്രമായിരുന്നു ട്രംപ്.
എന്നാല്‍, ഏകപക്ഷീയമായ നിലപാടുകള്‍, 'അമേരിക്ക ആദ്യം' എന്ന മുദ്രാവാക്യം ഇവ, സുഹൃദ് രാഷ്ട്രങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ഇഷ്ടക്കേട് ബൈഡന്‍ പരിഹരിക്കുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രചാരണകാലത്തെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൈന
ചൈനയോടുള്ള ട്രംപിന്റെ നിലപാടുകള്‍ക്ക് ഒരു സ്ഥിരതയും ഉണ്ടായിരുന്നില്ല കഴിഞ്ഞ നാല് കൊല്ലം. അധികാരമേറ്റെടുത്ത് ആദ്യമാസം തന്നെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ അമേരിക്കയിലേക്ക് ക്ഷണിച്ചു ട്രംപ്. വളരെ പെട്ടെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ വാണിജ്യ യുദ്ധം മൂര്‍ച്ഛിച്ചു. ഇരു രാജ്യങ്ങളും ഇറക്കുമതി തീരുവകളുയര്‍ത്തി നടത്തിയ ഈ ശീതയുദ്ധം ആഗോള ഉല്‍പാദനരംഗത്ത് തന്നെ മാറ്റങ്ങളുണ്ടാക്കി. എന്നാല്‍, വളരെ വേഗം ഒന്നാംഘട്ട വാണിജ്യ കരാറിലെത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചു. കൂടുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്ന ചൈനയുടെ സമ്മതമായിരുന്നു ഇതില്‍ പ്രധാനം.
ഇക്കൊല്ലം കൊവിഡ് മൂര്‍ച്ഛിച്ചതോടെ ചൈനക്കെതിരേ വിദ്വേഷ പ്രചാരണവുമായി ട്രംപ് രംഗത്തെത്തി. ചൈനാ വൈറസ് എന്ന് വിളിച്ചായിരുന്നു ട്രംപിന്റെ ചൈനീസ് വിരുദ്ധ പ്രചാരണം. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ചൈനീസ് ആപ്പുകളെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ചൈനീസ് ടെലികോം സ്ഥാപനമായ വാവെയ്‌ക്കെതിരായ നടപടികളും ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരം വര്‍ധിപ്പിച്ചു.
ചൈനയുമായി ട്രംപ് നടത്തിയ വാണിജ്യ മല്‍പിടുത്തത്തില്‍ അമേരിക്ക തോറ്റുപോയിയെന്നാണ് ബൈഡന്റെ നിലപാട്. വാണിജ്യയുദ്ധത്തിന്റെ ആദ്യ പ്രത്യാഘാതം അനുഭവിച്ചത് അമേരിക്കന്‍ കര്‍ഷകരാണ്. ചൈനയിലേക്കുള്ള അമേരിക്കന്‍ കാര്‍ഷിക കയറ്റുമതി അത് ദോഷകരമായി ബാധിച്ചു. ഉല്‍പാദനരംഗത്ത് വലിയ തകര്‍ച്ചയുണ്ടായി. അമേരിക്കയില്‍ തന്നെ കൂടുതല്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ പ്രേരിപ്പിക്കുകയായിരുന്നു ട്രംപിന്റെ ഉദ്ദേശം. എന്നാല്‍, ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികള്‍ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളിലേക്ക് മാറിയത് മാത്രമായിരുന്നു അതുകൊണ്ടുണ്ടായ മാറ്റം. ബൈഡന്‍ കുറെകൂടി യുക്തിസഹമായ ചൈനാ നയം പിന്തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.
റഷ്യ
അമേരിക്കന്‍ ചരിത്രത്തിലൊരിക്കലുമുണ്ടാവാത്ത തരത്തിലുള്ള റഷ്യന്‍ വിധേയത്വം ഒരു അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചത് ട്രംപിന്റെ കാലത്താണ്. ട്രംപ് തെരഞ്ഞെടുക്കപ്പെട്ട 2016ലെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുകളുണ്ടായെന്ന ആരോപണവും അതേത്തുടര്‍ന്ന് മ്യൂളര്‍ കമ്മിഷന്‍ അന്വേഷണവും ട്രംപിന്റെ ആദ്യ മൂന്ന് വര്‍ഷം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ഇതേക്കുറിച്ച് ട്രംപ് ഒരു വാക്കുപോലും മിണ്ടാത്തതില്‍ റിപ്പബ്ലിക്കന്മാര്‍ തന്നെ പരസ്യമായി രംഗത്തെത്തി. പുടിന്‍ എങ്ങനെയാണ് ട്രംപിനെ വരുതിയിലാക്കിയതെന്ന് വിശദീകരിക്കുന്ന എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിയുടെ 'എ ഹയര്‍ ലോയാലിറ്റി' എന്ന പുസ്തകം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുണ്ടാക്കി. 2013ല്‍ മിസ് യൂനിവേഴ്‌സ് മത്സരങ്ങളുടെ ഭാഗമായി മോസ്‌കോയില്‍ തങ്ങിയ ട്രംപിന് ലൈംഗിക തൊഴിലാളികളെ ഏര്‍പ്പാടാക്കി കൊടുക്കുകയും അത് വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്ന ബ്രിട്ടിഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റഫര്‍ സ്റ്റീലിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു കോമിയുടെ പുസ്തകം. എന്നാല്‍, താന്‍ റഷ്യന്‍ പക്ഷപാതിയല്ലെന്നും റഷ്യക്ക് മേല്‍ താന്‍ ചുമത്തിയ ഉപരോധങ്ങള്‍ അതിന് തെളിവാണെന്നുമായിരുന്നു ട്രംപിന്റെ വാദം.
ബൈഡന്റെ റഷ്യയുമായുള്ള ഇടപെടല്‍ അമേരിക്കയുടെ പരമ്പരാഗത റഷ്യന്‍ നയത്തിന്റെ ചുവടുപിടിച്ചാകും. അത് നിലവില്‍ അമേരിക്കയുമായി പിണങ്ങിനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ അമേരിക്കയുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും. ബൈഡന്‍ പ്രസിഡന്റായാല്‍ റഷ്യയുമായി ആണവ യുദ്ധമുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ പ്രചാരണം.
ഇറാന്‍
ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കെ 2015ല്‍ ഒപ്പുവച്ച ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്മാറുകയാണ് ട്രംപ് ചെയ്തത്. അമേരിക്ക ചെയ്ത ഏറ്റവും മോശം കരാര്‍ എന്നായിരുന്നു ട്രംപ് അതിനെ വിശേഷിപ്പിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുമായി അകന്നത് ഇതേത്തുടര്‍ന്നായിരുന്നു. ഈ കരാര്‍ പുനഃസ്ഥാപിക്കുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം.
ബൈഡന്റെ ഇറാന്‍ നയം പശ്ചിമേഷ്യയെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ബറാക് ഒബാമയുടെ അവസാന കാലത്ത് അമേരിക്കയുടെ പശ്ചിമേഷ്യാ നയത്തില്‍ കാതലായ മാറ്റങ്ങള്‍ അമേരിക്കന്‍ വിദേശ കാര്യ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു. സഊദി അറേബ്യ കേന്ദ്രീകൃതമായ അമേരിക്കയുടെ പശ്ചിമേഷ്യന്‍ ബന്ധങ്ങള്‍ അമേരിക്കയുടെ പശ്ചിമേഷ്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു അവരുടെ നിലപാട്. പശ്ചിമേഷ്യയില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഫണ്ടും ആയുധവും നല്‍കുന്നതും ഐ.എസ് പോലുള്ള ഗ്രൂപ്പുകള്‍ക്ക് വളമാകുന്നതും സഊദി അറേബ്യയുടെ മേഖലയിലെ താല്‍പര്യങ്ങളാണെന്ന വിമര്‍ശനം അവരുയര്‍ത്തിയിരുന്നു. ഈ നിലപാടിന്റെ അനന്തരഫലമായിരുന്നു ഇറാന്‍ ആണവകരാര്‍ പോലും. സിറിയയില്‍ അസദിനെതിരേ ഒബാമ ഭരണകൂടം വളര്‍ത്തിയെടുത്ത വിമത ഗ്രൂപ്പുകള്‍ പിന്നീട് ഐ.എസിലേക്ക് കൂറുമാറിയതും അമേരിക്കക്ക് ചില തിരിച്ചറിവുകള്‍ നല്‍കിയിരുന്നു.
എന്നാല്‍, സിറിയയില്‍ അമേരിക്കന്‍ ഇടപെടലുകള്‍ കുറച്ച് ട്രംപ് റഷ്യയുടെ അപ്രമാദിത്വത്തിന് കളമൊരുക്കി. ഇത് മറ്റൊരു രീതിയില്‍ ഇറാന് സഹായകരമാവുകയും ചെയ്തു. ഇറാനുമായി യുദ്ധമുണ്ടാകുമെന്ന പ്രതീതി സൃഷ്ടിച്ചുവെങ്കിലും ട്രംപ് അതിനൊന്നും ഇറങ്ങി പുറപ്പെട്ടുമില്ല. അതേസമയം, യമനില്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഇടപെടലുകളെ മൗനമായി പിന്തുണച്ചു. ഒബാമയുടെ പശ്ചിമേഷ്യന്‍ നയത്തില്‍ നിന്നുള്ള ഒരു യു ടേണ്‍ ആയിരുന്നു ട്രംപ് നടത്തിയത്. തിരികെ, ഒബാമയുടെ നയത്തിലേക്ക് നീങ്ങുകയാണ് ബൈഡന്‍ ചെയ്യുന്നതെങ്കില്‍ പശ്ചിമേഷ്യയില്‍ വീണ്ടും ചില മാറ്റങ്ങളുണ്ടാകും. ബൈഡനെ സംബന്ധിച്ച് ട്രപ്പീസ് കളിയായിരിക്കും ഇതെന്ന് സാരം. യമനിലെ സഊദി നേതൃത്വത്തിലുള്ള യുദ്ധത്തെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ബൈഡന്‍.
അഫ്ഗാനിസ്ഥാന്‍
മറ്റൊരു യുദ്ധത്തിലേക്ക് പോകില്ലെന്നാണ് അമേരിക്കക്കുള്ള ബൈഡന്റെ വാഗ്ദാനം. നിലവില്‍ ട്രംപ് താലിബാനുമായി സമാധാന ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, ബൈഡന്റെ താലിബാന്‍ നയം എന്താകുമെന്ന് ഇനിയും വ്യക്തതയില്ല.
അല്‍ഖാഇദ, ഐ.എസ് എന്നിവക്കെതിരേ മാത്രമായി അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ ചുരുക്കുമെന്ന് മാത്രമാണ് ബൈഡന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അഫ്ഗാനില്‍ നിന്നും ഇറാഖില്‍ നിന്നും ഒബാമ നടത്തിയ സൈനിക പിന്മാറ്റം നിലനിര്‍ത്തി പരിമതിമായ ഭീകരവാദ വിരുദ്ധ സൈനിക നീക്കങ്ങള്‍ ബൈഡന്‍ തുടര്‍ന്നേക്കും. താലിബാനോടുള്ള ബൈഡന്റെ നയം ഒരുപക്ഷേ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ ഉരുത്തിരിയുന്ന ഒന്നായിരിക്കും.
പാരീസ് ഉടമ്പടി
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരീസ് ഉടമ്പടിയോട് മുഖംതിരിച്ച ട്രംപിന്റെ നടപടി വലിയ തോതിലുള്ള വിമര്‍ശനമുണ്ടാക്കിയിരുന്നു. പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. പുതിയ ഉച്ചകോടി വിളിച്ചു ചേര്‍ത്ത് പാരീസ് ഉടമ്പടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ അമേരിക്ക നടത്തുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ബൈഡന്റെയും കമലാ ഹാരിസിന്റെയും വിജയം അമേരിക്കയുടെ വിദേശനയത്തിലും ആഭ്യന്തര രാഷ്ട്രീയത്തിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രധാനമാണ്. ലോകമാകെ ഒരു വലതുപക്ഷ തരംഗത്തിന് സാക്ഷ്യംവഹിച്ചിരുന്നു പോയ നാല് വര്‍ഷം. ബ്രസീലിലും ബ്രിട്ടനിലും ഹംഗറിയിലുമെല്ലാം ഉയര്‍ന്നുവന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ തരംഗം, ശാസ്ത്രവിരുദ്ധതയോടും വംശീയതയോടും ഉണ്ടായിത്തീര്‍ന്ന പുതിയ അനുഭാവം, ഇതിന് തടയിടാന്‍ ബൈഡന്റെയും കമലയുടെയും വിജയം സഹായിക്കുമെന്നുറപ്പാണ്. ട്രംപ് തുടങ്ങിവച്ച വംശീയ മതില്‍ നിര്‍മാണം, അത് അമേരിക്കയില്‍ സൃഷ്ടിച്ച വംശീയ ധ്രുവീകരണം ഇതിനുള്ള വായടപ്പന്‍ മറുപടിയാണ്, ഒരു ആഫ്രിക്കന്‍ - ഇന്ത്യന്‍വേരുള്ള വനിത അമേരിക്കയുടെ വൈസ് പ്രസിഡന്റാവുന്നതിലൂടെ സംഭവിക്കുന്നത്.
സത്യാനന്തര കാലത്തെ സാമൂഹ്യമാധ്യമങ്ങളുടെ പ്രഹരശേഷി ലോകം തിരിച്ചറിഞ്ഞു പോയ നാല് വര്‍ഷം. മാധ്യമങ്ങളിലുള്ള അവിശ്വാസ്യത വളര്‍ത്തിയെടുക്കുന്നതില്‍ ട്രംപ് വലിയൊരളവോളം വിജയം കണ്ടു. പച്ചക്കള്ളങ്ങള്‍ നിരന്തരം ട്വീറ്റ് ചെയ്ത ഒരു അമേരിക്കന്‍ പ്രസിഡന്റിനെതിരേ ഫേസ്ബുക്കിനും ട്വിറ്ററിനും നിലപാട് സ്വീകക്കേണ്ടി വന്നു. ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് സംഭവിക്കുന്നതില്‍ ട്രംപിന്റെ നയങ്ങള്‍ക്കുള്ള സ്വാധീനവും വ്യക്തമായിരുന്നു. ബ്രിട്ടനിലെ ബോറിസ് ജോണ്‍സണ്‍ ഭരണകൂടവുമായി ബൈഡന്‍ എങ്ങനെ ഇടപെടുന്നു എന്നത് ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയനിലേക്കുള്ള പുനഃപ്രവേശനത്തിന് വഴിവെക്കുമെന്നൊക്കെ ചിന്തിക്കുന്നത് കടന്ന കയ്യാണെങ്കിലും ബ്രിട്ടനെ ചേര്‍ത്തുനിര്‍ത്താന്‍ തന്നെയാകും ബൈഡന്‍ ശ്രമിക്കുക.
ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായിരുന്നുവെങ്കിലും അതില്‍ ഒരിഞ്ച് പോലും മുന്നോട്ട് പോകാന്‍ ട്രംപിനായില്ല. ചൈനയെ കൂടി സഹകരിപ്പിച്ച് കൊറിയന്‍ ഉപദ്വീപിലെ ആണവനിര്‍വ്യാപന നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം.
കുടിയേറ്റക്കാരുണ്ടാക്കിയ രാജ്യമാണ് അമേരിക്ക. ആ രാജ്യം ട്രംപിന് കീഴില്‍ കുടിയേറ്റക്കാരോടും അഭയാര്‍ഥികളോടും സ്വീകരിച്ച സമീപനം കഴിഞ്ഞ നാലു കൊല്ലം ലോകം കണ്ടതാണ്. പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് അഭയം നല്‍കുമെന്നാണ് ബൈഡന്‍ നടത്തിയ പ്രഖ്യാപനം. പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണിത്.
അവസാനമായി, അമേരിക്കന്‍ യുവതലമുറക്കിടയില്‍ ഒരു നവ ഇടതുതരംഗം ദൃശ്യമാണ്. ബേണി സാന്‍ഡേഴ്‌സ് എന്ന ഡെമോക്രാറ്റ് നേതാവ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള മത്സരത്തിനിടയില്‍ തോറ്റു പിന്മാറിയെങ്കിലും അദ്ദേഹം ഉയര്‍ത്തി വിട്ട ആശയങ്ങള്‍ യുവാക്കളെ, വിശിഷ്യാ നഗരവാസികളായ യുവാക്കളില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ബൈഡനും കമലാ ഹാരിസും പ്രതിനിധാനം ചെയ്യുന്നത് ഈ ആശയത്തെ അല്ല. പരമ്പരാഗത ഡെമോക്രാറ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ് അവര്‍. എങ്കില്‍ പോലും ഒബാമ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച ഒരു മാറ്റമുണ്ട്. അദ്ദേഹം ഡെമോക്രാറ്റ് രാഷ്ട്രീയത്തിലുണ്ടാക്കിയ ചില പുതുഭാവുകത്വങ്ങളുണ്ട്. അതില്‍ നിന്നുള്ള പിന്നോട്ടുപോക്ക് ബൈഡന് സാധ്യമാവില്ല. എങ്കിലും അമിത പ്രതീക്ഷ ബൈഡന് മേല്‍ ചുമത്താനുമാവില്ല. അമേരിക്കന്‍ രാഷ്ട്രീയത്തിന്, ആര് ഭരിച്ചാലും അവരുടേതായ ഒരു മൂല്യബോധമുണ്ട്. ആ മൂല്യബോധത്തില്‍ സമൂലമായ മാറ്റം പ്രതീക്ഷിക്കാനുമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."