സ്പിന്നിങ് മില്ലുകളില്‍ മെഷിനറി വാങ്ങിയതില്‍ വന്‍ അഴിമതി
സര്‍ക്കാര്‍ നല്‍കിയ 7.5 കോടി ഫണ്ടില്‍ തിരിമറി
എം.ഡിമാരോട് രജിസ്ട്രാര്‍ വിശദീകരണം തേടി
തൊടുപുഴ: വ്യവസായ വകുപ്പിനു കീഴിലുള്ള അഞ്ച് പൊതുമേഖലാ സ്പിന്നിങ് മില്ലുകള്‍ക്കായി പുതിയ ഓട്ടോ കോണര്‍ മെഷീന്‍ വാങ്ങിയതില്‍ വന്‍ അഴിമതി ആരോപണം.
മെഷീന്‍ വാങ്ങുന്നതിനായി 9 കോടി രൂപയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. ഒരേ കമ്പനിയുടെ മെഷീന്‍ തന്നെയാണ് വ്യത്യസ്ത വിലയ്ക്ക് ഒരേ കാലയളവില്‍ 4 സ്പിന്നിങ് മില്ലുകള്‍ വാങ്ങിയത്.
ഭരണകക്ഷിയില്‍ പെട്ട തൊഴിലാളി യൂണിയന്‍ തന്നെ തെളിവു സഹിതം പരാതി നല്‍കിയതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിശോധനാ വിഭാഗമായ റിയാബ് സെക്രട്ടറി സ്പിന്നിങ് മില്ലുകളുടെ രജിസ്ട്രാറായ ഹാന്റ്‌ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറോട് വിശദീകരണം തേടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ഹാന്റ്‌ലൂം ഡയറക്ടര്‍ ബന്ധപ്പെട്ട സ്പിന്നിങ് മില്‍ മാനേജിംഗ് ഡയരക്ടര്‍മാരോട് വിശദീകരണം തേടിയിരിക്കുകയാണ്.
ഹാന്റ്‌ലൂം ഡയരക്ടര്‍ നേരിട്ടോ, അല്ലെങ്കില്‍ ഹാന്റ്‌ലൂം വിജിലന്‍സ് വിഭാഗത്തിനോ അന്വേഷണ ചുമതല നല്‍കാതെ ബന്ധപ്പെട്ട മില്‍ എം.ഡിമാരില്‍നിന്ന് തന്നെ വിശദീകരണ മറുപടി വാങ്ങി അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.
തൃശൂര്‍ മാളയിലുള്ള കരുണാകരന്‍ സ്മാരക സഹകരണ സ്പിന്നിങ് മില്‍ കൂടാതെ കേരള സ്‌റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷനു കീഴിലുള്ള മൂന്ന് സ്പിന്നിങ് മില്ലകളിലും ഇതേ കാലയളവില്‍ ഒരേ കമ്പനിയുടെ ഒരേ കപ്പാസിറ്റിയിലുള്ള ഓട്ടോ കോണര്‍ മെഷീന്‍ 15 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെ വിലക്കുറവിലാണ് വാങ്ങിയിട്ടുള്ളത്.
എന്നാല്‍ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കുറ്റിപ്പുറം മാല്‍കോടെക്‌സ് എന്നീ സ്പിന്നിങ് മില്ലകളിലാണ് ഒരേ മെഷീന്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയത്.
കൂടാതെ ഈ നാല് മില്ലുകളും വാങ്ങിയതില്‍ തന്നെ വലിയ വില വ്യത്യാസം വന്നിട്ടുണ്ട്. ആലപ്പി മില്‍ പരുത്തി ലോഡ് ഒന്നിനു 4 ലക്ഷം രൂപ അധികരിച്ച് സ്വകാര്യ പാര്‍ട്ടിയില്‍നിന്നു വാങ്ങിയതില്‍ അഴിമതി നടന്നതായി രജിസ്ട്രാര്‍ സര്‍ക്കാരിനു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."