നില്‍ക്കണോ, അതോ പോകണോ !
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സീറ്റില്ലെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന പ്രവര്‍ത്തകരുടെ ഭീഷണി കടുത്തതോടെ യുവപ്രാതിനിധ്യ മുദ്രാവാക്യവുമായി യൂത്തു കോണ്‍ഗ്രസ്.
വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ള പ്രവര്‍ത്തകരാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. എല്‍.ഡി.എഫിലും എന്‍.ഡി.എയിലും 35 വയസിനു താഴെയുള്ളവര്‍ക്ക് ലഭിച്ചത് പോലുള്ള പരിഗണന തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നത്. ഓരോ തദ്ദേശസ്ഥാപനത്തിലെയും 40 ശതമാനം സീറ്റുകളെങ്കിലും യുവാക്കള്‍ക്ക് നല്‍കാന്‍ നേരത്തെ മണ്ഡലം കമ്മിറ്റികളില്‍ തീരുമാനിച്ചിരുന്നെങ്കിലും അതു പോലും ലഭിക്കില്ലെന്ന് കണ്ടതോടെയാണ് സമ്മര്‍ദ തന്ത്രങ്ങളിലേക്ക് പ്രവര്‍ത്തകര്‍ കടന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഈ ആവശ്യം കെ.പി.സി.സി നേതൃത്വത്തെ നേരിട്ടുകണ്ട് അറിയിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ 14 ഡി.സി.സി പ്രസിഡന്റെുമാരെയും ആവശ്യം അറിയിച്ചിട്ടുണ്ട്. മൂന്നുതവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ്, ദലിത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ പ്രാദേശികാടിസ്ഥാനത്തില്‍ മിക്കയിടങ്ങളിലും ആശയക്കുഴപ്പം തുടരുകയാണ്. ഘടകകക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടുവെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ സീറ്റ് തര്‍ക്കത്തിന് പരിഹാരമായിട്ടില്ല. പലയിടങ്ങളിലും സി.പി.എമ്മും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണ തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് തന്നെ വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."