ചെമ്മനാട് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്
ചെമ്മനാട്: ചെമ്മനാട് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലിസ് ലാത്തിച്ചാര്‍ജും കല്ലേറും. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. സ്കൂള്‍ വളപ്പില്‍ പടക്കം പൊട്ടിച്ച വിദ്യാര്‍ഥിയെ പൊലിസ് കസ്റ്റഡിയിലെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലിസ് ജീപ്പ് തടഞ്ഞ വിദ്യാര്‍ഥികള്‍ക്കു നേരെയാണ് പൊലിസ് ലാത്തിവീശിയത്.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ സ്കൂള്‍ സ്പോര്‍ട്സ് നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഒരു വിദ്യാര്‍ഥി പടക്കം പൊട്ടിച്ചത്. ഇതേ തുടര്‍ന്ന് വന്‍ പുകപടലം ഉയര്‍ന്നതോടെ സ്കൂള്‍ അധികൃതര്‍ പൊലിസിനെ വിളിച്ചു വരുത്തുകയായിരുന്നു. സ്കൂള്‍ വളപ്പില്‍ കയറിയ പൊലിസ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ വിദ്യാര്‍ഥിയെയും കൊണ്ട് പൊലിസ് വാഹനം പോകുമ്പോഴാണ് നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പൊലിസ് ജീപ്പ് തടഞ്ഞത്.
എന്നാല്‍ വിദ്യാര്‍ഥിയെ വിട്ടയക്കാന്‍ പൊലിസ് തയാറായില്ല. പൊലിസ് ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാതിരുന്നതോടെയാണ് കൂടുതല്‍ പൊലിസെത്തി ലാത്തിചാര്‍ജ് നടത്തിയത്.
ഇതിനിടയില്‍ പൊലിസിനു നേരെ കല്ലേറുമുണ്ടായി. കല്ലേറില്‍ ഏതാനും പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."