ആയുര്‍വേദ നഗരിയില്‍ കഞ്ചാവിന്റെ മണവും അധികരിക്കുന്നു
കോട്ടക്കല്‍: ടൗണിലും പരിസരങ്ങളിലും കഞ്ചാവ് കച്ചവടക്കാര്‍ പിടിമുറുക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നു ശക്തമായ നടപടികളില്ലാത്തതിനാല്‍ ലഹരി പരക്കുകയാണു കോട്ടക്കലിലും പരിസരങ്ങളിലും. പകല്‍ ശാന്തമായിരിക്കുന്ന ആയുര്‍വേദ നഗരിയില്‍ രാത്രിയായാല്‍ കഞ്ചാവ്, മയക്കു മരുന്ന് മാഫിയകളുടെ ലോകമായി മാറും. മുതിര്‍ന്നവര്‍ക്കു പുറമെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ലഹരി വില്‍പന സജീവമായിരിക്കുന്നതു രക്ഷിതാക്കളെയും ഏറെ ഭയപ്പെടുത്തുന്നുണ്ട്.
ടൗണിലെ ഏറെ തിരക്കുപിടിച്ച ബി.എച്ച് റോഡില്‍ യഥേഷ്ടം മദ്യം ലഭിക്കുമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പുറത്തു നിന്നു മദ്യം എത്തിച്ച് ആവശ്യക്കാര്‍ക്ക് ഇവിടെവെച്ചു രാത്രിയില്‍ വില്‍ക്കുകയാണു പതിവ്. കഴിഞ്ഞ ദിവസം പൊലിസ് നടത്തിയ പരിശോധനയില്‍ ഇവിടെനിന്ന് ഒമ്പത് ലിറ്റര്‍ മദ്യം പിടിച്ചെടുത്തിരുന്നു.
ബസ് സ്റ്റാന്റിനു പിറകുവശത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും മാര്‍ക്കറ്റിലും രാത്രിയില്‍ മയക്കുമരുന്ന് വില്‍പന തകൃതിയാണ്. കൂടാതെ ചങ്കുവെട്ടിയിലെ ചില കടകളില്‍ നിരോധിച്ച ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും സാധാരണയായിരിക്കുന്നു.
ഇടക്കിടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ ഇവ പിടികൂടുന്നുണ്ടെങ്കിലും കര്‍ശന നടപടികളില്ലാത്തതിനാല്‍ ഇത്തരക്കാര്‍ വില്‍പന തുടരുകയാണ്.
ചങ്കുവെട്ടിയിലെ ഗവ.രാജാസ് സ്‌കൂള്‍ പരിസരം വൈകുന്നേരമായാല്‍ ലഹരി പരക്കുന്ന ഒളികേന്ദ്രമാണ്. സ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തെ വാട്ടര്‍ ടാങ്ക് മുതലുള്ള ആളൊഴിഞ്ഞ സ്ഥലം ഇത്തരം സംഘങ്ങളുടെ സ്ഥിരം തട്ടകമായി മാറിയിരിക്കുന്നു. മതിയായ അടച്ചുറപ്പില്ലാത്തതിനാല്‍ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ആര്‍ക്കും കയറാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
അധികൃതരുടെ ഭാഗത്തു നിന്ന് ഇനിയും കര്‍ശന നടപടികളില്ലാത്തപക്ഷം കോട്ടക്കലും പരിസരവും മയക്കുമരുന്നു ലോബിയുടെ പിടിയിലമരുമെന്ന ഭീതിയിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."