ഘടകകക്ഷികള്‍ വര്‍ധിച്ചു; എല്‍.ഡി.എഫില്‍ സീറ്റ് വിഭജനം പ്രതിസന്ധിയില്‍
കോഴിക്കോട്: ഘടകകക്ഷികളുടെ ബാഹുല്യം എല്‍.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ഏറെക്കുറെ പൂര്‍ത്തിയാക്കിയെങ്കിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലുമാണ് സീറ്റ് വിഭജനം കീറാമുട്ടിയാകുന്നത്. കഴിഞ്ഞ തവണ ആറു ഘടകകക്ഷികളായിരുന്നത് 11 ആയി വര്‍ധിച്ചത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ബലപ്പെടുത്തുന്നുണ്ടെങ്കിലും ഇവര്‍ക്കെല്ലാം സീറ്റുകള്‍ വീതിച്ചു നല്‍കുകയെന്നത് മുന്നണി നേതൃത്വത്തിനു തലവേദനയാവുകയാണ്.
പുതുതായി എത്തിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നുണ്ട്. ജയസാധ്യതയുള്ള സീറ്റുകള്‍ സി.പി.എം കൈവശംവയ്ക്കുകയും ആര്‍ക്കും വേണ്ടാത്ത സീറ്റുകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതായി ചെറുകക്ഷികളും ആക്ഷേപം ഉന്നയിക്കുന്നു.
എല്‍.ജെ.ഡി, കേരള കോണ്‍ഗ്രസ് (എം) എന്നിവയ്ക്കു നല്‍കാന്‍ തങ്ങളുടെ സീറ്റ് പിടിച്ചെടുക്കുന്നതിനെതിരേ സി.പി.ഐക്കും അമര്‍ഷമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച അതേ സീറ്റുകള്‍ വേണമെന്നാണ് എല്‍.ജെ.ഡിയുടെയും കേരള കോണ്‍ഗ്രസിന്റെയും നിലപാട്. മുന്‍ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും ഔദ്യോഗികമായി മുന്നണിപ്രവേശം നേടിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഐ.എന്‍.എല്ലും ആവശ്യപ്പെടുന്നു.
എന്നാല്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഉള്‍പ്പെടെ പലയിടത്തും പാര്‍ട്ടി ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് പോലും നല്‍കാന്‍ സി.പി.എം തയാറായിട്ടില്ല. എല്‍.ജെ.ഡിക്ക് അമിത പരിഗണന നല്‍കുന്നുവെന്ന് സി.പി.ഐക്കും ജെ.ഡി.എസിനും പരാതിയുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അര്‍ഹമായ സീറ്റിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്ന് എല്‍.ജെ.ഡി പരിതപിക്കുന്നു. മുന്നണി നേതൃത്വം നല്‍കിയ ഉറപ്പ് കീഴ്ഘടകങ്ങള്‍ പാലിക്കാത്തതില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും അമര്‍ഷമുണ്ട്.
പതിറ്റാണ്ടുകളായി തങ്ങള്‍ കൈവശംവയ്ക്കുന്ന സീറ്റ് സി.പി.എം ഏറ്റെടുക്കുന്നത് സി.പി.ഐയെയും ചൊടിപ്പിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ തങ്ങളുടെ സീറ്റ് മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയതും കോഴിക്കോട് കോര്‍പറേഷനില്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന മുന്‍ മേയര്‍ക്ക് നല്‍കാനുള്ള നീക്കവും മുന്നണിമര്യാദയുടെ ലംഘനമായി സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ പലതും നഷ്ടമാകുമെന്ന ആശങ്ക എന്‍.സി.പിക്കുമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനെതിരേ പ്രതികരിക്കാന്‍ ശേഷിയില്ലാതെ കിട്ടുന്നത് വാങ്ങുകയെന്ന നിലപാടിലാണ് പാര്‍ട്ടി.
എല്‍.ജെ.ഡി മുന്നണിയിലേക്ക് വന്നതോടെ മലബാര്‍ ജില്ലകളില്‍ ജെ.ഡി.എസിനു വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. എന്നാല്‍ വിഭാഗീയതയില്‍ ആടിയുലയുന്ന പാര്‍ട്ടി അവകാശവാദം ഉന്നയിക്കാനോ വിലപേശല്‍ നടത്താനോ കഴിയാത്ത അവസ്ഥയിലാണ്. അതേസമയം, ചൊവ്വാഴ്ച നടക്കുന്ന എല്‍.ഡി.എഫ് നേതൃയോഗത്തോടെ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഘടകകക്ഷികളുടെ നേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."